2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഓറഞ്ച് തൊലി വലിച്ചെറിയല്ലേ….

ഇത് ഓറഞ്ച് കാലമാണല്ലോ. സിട്രസ് വിഭാഗത്തിലുള്ള ‘ഓറഞ്ച്’ നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചര്‍മ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. ചര്‍മ്മത്തിന്റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്താന്‍ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്.

ഓറഞ്ച് തിന്നു കഴിഞ്ഞാല്‍ തൊലി വലിച്ചെറിയല്ലേ. ഓറഞ്ചിന്റെ അതേ ഗുണങ്ങള്‍ തന്നെ അവയുടെ തൊലിയ്ക്കും ഉണ്ട്. മികച്ച വളവും കീടനാശിനിയുമാണത്രെ ഓറഞ്ച് തൊലി. മാത്രമല്ല മികച്ച ഒരു സൗന്ദര്യ സംരക്ഷണ വസ്തു കൂടിയതാണിത്.

ഓറഞ്ച് തൊലിയില്‍ നിന്നുണ്ടാക്കുന്ന വളവും കീടനാശിനിയും വിളകളെ ബാധിക്കുന്ന വണ്ട്, ഉറുമ്പുകള്‍, ഈച്ച, മുഞ്ഞ, പ്രാണികള്‍ എന്നിവക്കെതിരെ പ്രവര്‍ത്തിക്കുന്നു.

ചെടികള്‍ക്ക് ആവശ്യമായ പോഷകങ്ങളും പ്രദാനം ചെയ്യുന്നു. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, കാല്‍സ്യം, മഗ്‌നീഷ്യം, കോപ്പര്‍, സള്‍ഫര്‍ എന്നിവയെല്ലാം ഓറഞ്ചിന്റെ തൊലിയില്‍ വലിയ അളവില്‍ കാണപ്പെടുന്നു. ഇവ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു.

എങ്ങിനെ ഉപയോഗിക്കാം
ഓറഞ്ച് തൊലി ചെറിയ കഷ്ണങ്ങളാക്കി ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് ഇടുക. തൊലികള്‍ മുങ്ങുന്ന പാകത്തിന് വെള്ളം വേണം. രണ്ട് മൂന്ന് ദിവസത്തിനുശേഷം ഈ തൊലികളെടുത്ത് ആ വെളളത്തിലേക്ക് തന്നെ പിഴിഞ്ഞെടുക്കുക. ഇത് മികച്ച ജൈവവളമാണ്. ചെടികളുടെ ഇലകളിലും ചുവട്ടിലും തണ്ടിലുമെല്ലാം നേരിട്ട് തളിച്ചു കൊടുക്കാം. ലായനിക്ക് കട്ടി കൂടുതലാണെങ്കില്‍ കുറച്ച് വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നത് നല്ലതാണ്.

ഓറഞ്ച് തൊലി വെളളത്തിലിട്ട് വെക്കാന്‍ സമയമില്ലെങ്കില്‍ കഷ്ണങ്ങളാക്കി അരിഞ്ഞ് വെള്ളത്തിലിട്ട ശേഷം 15 മിനിറ്റ് നേരത്തേക്ക് തിളപ്പിക്കുക. ഈ ലായനി തണുപ്പിച്ച് തൊലികള്‍ അതേ വെള്ളത്തിലേക്ക് പിഴിയുക. ഇതും വളമായി ഉപയോഗിക്കാം. ചെടികളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതും സ്‌പ്രേ ചെയ്യുന്നതും മികച്ച ഫലം തരും.

ഓറഞ്ചിന്റെ തൊലിയില്‍ നിന്ന് നീര് പിഴിഞ്ഞെടുത്തശേഷമുള്ള തൊലി വളമാക്കാനാകും. ഇത് കമ്പോസ്റ്റ് നിര്‍മാണത്തിലും അസംസ്‌കൃത വസ്തുവാക്കി ഉപയോഗിക്കാം. ഗ്രോബാഗിലും ചട്ടിയുലും നട്ട ചെടികള്‍ക്കാണെങ്കില്‍ അവയുടെ കുറച്ച് മണ്ണ് മാറ്റിയ ശേഷം അതിലേക്ക് ചണ്ടി ഇട്ടുകൊടുക്കുക.

ഓറഞ്ച് തൊലിയുടെ പൊടി ഗ്രോ ബാഗ് കൃഷിക്കാര്‍ക്ക് ഇണങ്ങുന്ന ജൈവവളമാണ്. ഓറഞ്ച് തൊലി രണ്ട് മൂന്ന് ദിവസം വെയിലത്ത് വച്ച് ഉണക്കി, മിക്‌സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇത് ചെടിയുടെ ചുവട്ടില്‍ വളമാക്കി വിതറുക. ശേഷം കുറച്ച് മണ്ണ് മുകളിലിട്ട് കൊടുക്കണം. ഒച്ച്, വണ്ട് പോലുള്ള കീടങ്ങളെ തുരത്താന്‍ ഇത് നല്ലതാണ്.

ഓറഞ്ച് തൊലി ചര്‍മ്മസംരക്ഷണത്തിനായി എങ്ങനെ ഉപയോഗിക്കാം ?

ഓറഞ്ച് തൊലി ഉണക്കി പൊടിച്ചെടുത്താല്‍ മികച്ച ഒരു ഫേഷ്യല്‍ പൗഡറാണ്. ഈ ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂണ്‍ തൈരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും കുറയ്ക്കാനും, ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും നിറം നല്‍കാനും സഹായിക്കും.

രണ്ട് ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂണ്‍ ഓട്‌സ്, ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യണം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ആഴ്ചയില്‍ രണ്ടുദിവസം ചെയ്യുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ സഹായിക്കും.

രണ്ട് ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ നന്നായി മിക്‌സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തിലെ അമിതമായ എണ്ണമയം അകറ്റാന്‍ സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.