2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘വൈകിയ നിമിഷങ്ങള്‍’ അഫ്സലിനു തിരികെ നല്‍കിയത് ജീവിതം 

 
കണ്ണൂര്‍: ദുബൈയില്‍ നിന്നു കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം കയറാന്‍ അബുദാബിയില്‍ നിന്നു പുറപ്പെട്ടതു മുതല്‍ അഫ്സലിനു നേരിട്ട ഓരോ തടസവും ജീവിതത്തിലേക്കുള്ള തിരിച്ചു നടത്തമായി. ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട വിമാനത്തിലെ യാത്രക്കാരനായി മട്ടന്നൂര്‍ വെളിയമ്പ്ര പെരിയത്തില്‍ ആക്കാംപറമ്പിലെ പാറമ്മല്‍ ഹൗസില്‍ മുഹമ്മദിന്റെ മകന്‍ പറക്കോടന്‍ അഫ്സലും ഉണ്ടാകുമായിരുന്നു. എന്നാല്‍ പല മാര്‍ഗ തടസങ്ങള്‍ കാരണം അഫ്‌സലിനു വിമാനത്തില്‍ കയറാനായില്ല.
 
ഇന്നലെ വിമാനത്താവളത്തില്‍ എത്തിയ അഫ്സലിന് അബുദാബി അധികൃതര്‍ പിഴ ചുമത്തിയതോടെയാണ് വിമാനം ലഭിക്കാതെ വന്നത്. രണ്ടു വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്ന അഫ്സലിന്റെ വിസാ കാലാവധി ജൂണ്‍ 10ന് അവസാനിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് വരാന്‍ കഴിയാതിരുന്ന അഫ്സല്‍ ഇന്നലെ തിരിച്ചു നാട്ടിലെത്താന്‍ എയര്‍ഇന്ത്യാ എക്സ്പ്രസില്‍ ടിക്കറ്റെടുക്കുകയായിരുന്നു. എന്നാല്‍ ദുബൈ വിമാനത്താവളത്തില്‍ എത്തിയതോടെ ആയിരം ദിര്‍ഹം പിഴ ചുമത്തുകയായിരുന്നു. കൈയില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുവില്‍ നിന്നു വിമാനത്താവളത്തിലേക്ക് പണം എത്തിച്ചെങ്കിലും രണ്ടുമിനിറ്റിന്റെ വ്യത്യാസത്തില്‍ അഫ്സലിന് വിമാനത്തില്‍ കയറാന്‍ സാധിച്ചില്ല.
 
തുടര്‍ന്ന് നിരാശയോടെ തിരിച്ച് ബന്ധുവിന്റെ ദുബൈ ദേരയിലെ മുറിയിലേക്ക് മടങ്ങിയ അഫ്സല്‍ മണിക്കൂറുകള്‍ കഴിഞ്ഞതോടെയാണ് താന്‍ സഞ്ചരിക്കേണ്ടിയിരുന്ന വിമാനം അപകടത്തില്‍പെട്ടത് അറിഞ്ഞത്. വിവാഹം നിശ്ചയിച്ച അഫ്സല്‍ നിക്കാഹിനു കൂടിയാണ് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്. സര്‍പ്രൈസ് എന്ന രീതിയില്‍ നവ വധുവിനെ അറിയിക്കാതെയാണ് നാട്ടിലേക്ക് ടിക്കറ്റെടുത്തതെന്ന് അഫ്സല്‍ സുപ്രഭാതത്തോടു പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News