2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചെങ്കോലിന്റെ നുണക്കഥകളും പൊളിയുന്ന ഒളിയജന്‍ഡകളും

പ്രൊഫ. റോണി കെ. ബേബി


തമിഴ്‌നാട്ടിലെ സ്വര്‍ണ വ്യാപാരി വുമ്മുഡി ബംഗാരു 1947ല്‍ 100 പവന്‍ സ്വര്‍ണത്തില്‍ നിര്‍മിച്ച ചെങ്കോലുമായി ബന്ധപ്പെട്ട് രാജ്യത്ത് ചൂടേറിയ ചര്‍ച്ചയാണ് നടക്കുന്നത്. 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി തമിഴ്‌നാട്ടിലെ വിശുദ്ധ ശൈവ മഠം, പണ്ഡിറ്റ് നെഹ്‌റുവിന് പവിത്രമായ ചെങ്കോല്‍ നല്‍കിയെങ്കിലും അത് ‘വാക്കിങ് സ്റ്റിക്ക്’ ആയി മ്യൂസിയത്തിലേക്ക് നാടുകടത്തി എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. സ്വാതന്ത്ര്യത്തോടനുബന്ധിച്ച് അധികാര കൈമാറ്റത്തിന്റെ സൂചനയായിട്ടാണ് ചെങ്കോല്‍ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതര്‍ പൂജിച്ച ശേഷം കൈമാറിയതെന്നും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു.

തഞ്ചാവൂരില്‍ നിന്നെത്തിയ പുരോഹിതന്‍മാര്‍ ആദ്യം മൗണ്ട്ബാറ്റണ് നല്‍കിയ ചെങ്കോല്‍ അദ്ദേഹം മടക്കിനല്‍കിയശേഷം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വസതിയിലെത്തി അദ്ദേഹത്തിന് സമ്മാനിച്ചുവെന്നും പ്രത്യേക വിമാനത്തിലാണ് ഓഗസ്റ്റ് 14ന് ഡല്‍ഹിയിലെത്തിച്ചതെന്നുമാണ് അമിത് ഷായുടെ വാര്‍ത്താ സമ്മേളന കുറിപ്പില്‍ പറയുന്നത്.


മധ്യകാല ചോളന്മാര്‍ അധികാരത്തിന്റെ അടയാളമായി ചെങ്കോല്‍ കരുതിയിരുന്നു. അധികാര കൈമാറ്റങ്ങള്‍ക്ക് ചെങ്കോല്‍ കൈമാറ്റം പ്രതീകാത്മക ചടങ്ങായിരുന്നു. ഈ ചരിത്രപരമായ ഓര്‍മയാണ് തിരുമാടുതുറൈയിലെ ശൈവ സംഘത്തിനുണ്ടായിരുന്നത്. അവരത് അതീവ ബഹുമാനത്തോടെ നെഹ്‌റുവിന് സമര്‍പ്പിച്ചു. അദ്ദേഹം ബഹുമാനത്തോടെ അതേറ്റുവാങ്ങി. അധികാര കൈമാറ്റത്തിന് ഈ ചെങ്കോല്‍ പ്രതീകാത്മകമായി ഉപയോഗിക്കപ്പെട്ടു എന്നതാണ് സര്‍ക്കാരിന്റെ വാദം. അധികാര കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടന്‍ ഇന്ത്യക്ക് സ്വര്‍ണച്ചെങ്കോല്‍ കൈമാറിയെന്ന കഥ വ്യാജമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടുന്നു.


ചെങ്കോലുമായി ബന്ധപ്പെട്ട വിവാദത്തെ പരിശോധിച്ചാല്‍ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ക്ക് വസ്തുതാപരമായ തെളിവില്ലെന്ന് മനസിലാകും. അധികാര കൈമാറ്റത്തിന് ചെങ്കോല്‍ ഉള്‍പ്പെടെയുള്ള ചിഹ്നങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല.


ചെങ്കോല്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് ആകെ ലഭ്യമായിട്ടുള്ളത് അന്ന് മദ്രാസില്‍ നിന്നും പ്രസിദ്ധീകരിച്ച ദി ഹിന്ദു പത്രത്തില്‍ വന്ന ഫോട്ടോ ഫീച്ചറാണ്. അതില്‍ തിരുമാടുതുറൈ മഠത്തിലെ പുരോഹിതര്‍ ചെങ്കോല്‍ തങ്ങളുടെ സമ്മാനമായി നെഹ്‌റുവിന് കൈമാറുന്നതിന്റെ ചിത്രങ്ങളുണ്ട്. തിരുകാലിയ പരമ്പരൈ തിരുമാടുതുറൈ അധീനം എന്ന ശൈവ സംഘമാണ് സ്വാതന്ത്ര്യ ലബ്ധിയുടെ ആഹ്ലാദം പങ്കിടാന്‍ ചെങ്കോല്‍ നിര്‍മിച്ചതും നെഹ്‌റുവിന് കൈമാറിയതും. പുരോഹിതര്‍ നെഹ്‌റുവിന് ചെങ്കോല്‍ കൈമാറുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടിലെവിടെയും അതിന് എന്തെങ്കിലും ഔദ്യോഗിക പ്രാധാന്യമുള്ളതായി പറയുന്നില്ല. സ്വാതന്ത്ര്യ ദിനത്തിലും സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലും അദ്ദേഹത്തിന് ലഭിച്ച സമ്മാനങ്ങളുടെ കൂട്ടത്തില്‍ ചെങ്കോലും അലഹബാദിലെ മ്യൂസിയത്തില്‍ സൂക്ഷിക്കുകയാണ് ചെയ്തത്. ചെങ്കോല്‍ ആണോ അതോ വാക്കിങ് സ്റ്റിക്ക് ആണോ എന്ന് തിരിച്ചറിയാന്‍ കഴിയാതിരുന്ന മ്യൂസിയം അധികൃതര്‍ അതിനെ വാക്കിങ് സ്റ്റിക്ക് എന്ന വിശേഷണത്തോടെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയാണുണ്ടായത്.


അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന സി. രാജഗോപാലാചാരി പ്രത്യേക വിമാനത്തിലാണ് ചെങ്കോലേന്തിയ സംഘത്തെ ഡല്‍ഹിയിലെത്തിച്ചതെന്നതാണ് സര്‍ക്കാറിന്റെ വാദം. എന്നാല്‍, ദി ഹിന്ദു പത്രത്തിലെ അക്കാലത്തെ റിപ്പോര്‍ട്ടുകള്‍ ഈ വാദത്തിനെതിരാണ്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിരുമാടുതുറൈ മഠത്തിലെ സന്യാസിമാരുടെ സംഘം ചെങ്കോലുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടതിന്റെ റിപ്പോര്‍ട്ട് ദി ഹിന്ദു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1947 ഓഗസ്റ്റ് 11നാണ് സന്യാസിമാര്‍ ചെങ്കോലുമായി പുറപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. 1947 ഓഗസ്റ്റ് 14,15 ദിവസങ്ങളിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സവിസ്തരം പറയുന്ന ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എന്ന പുസ്തകത്തില്‍ ചെങ്കോലിനെ കുറിച്ച് പരാമര്‍ശിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ക്കെതിരേയുള്ള തിരിച്ചടിയാണ്. ലാറി കോളിന്‍സും ഡോമിനിക്ക് ലാപ്പിയറും ചേര്‍ന്ന് പഴയ രേഖകള്‍ പരിശോധിച്ചും അന്ന് ജീവിച്ചിരുന്നവരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലും 1975ല്‍ രചിച്ച ഈ പുസ്തകത്തില്‍ നെഹ്‌റുവിന്റെ യോര്‍ക്ക് റോഡിലെ (ഇപ്പോള്‍ മോത്തിലാല്‍ നെഹ്‌റു മാര്‍ഗ്) വസതിയില്‍ ഒരു ചെങ്കോല്‍ ചടങ്ങ് നടന്നതായി പരാമര്‍ശമുണ്ട്.


‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റില്‍’ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ‘തഞ്ചാവൂരില്‍ നിന്നെത്തിയ ഭസ്മക്കുറിയണിഞ്ഞ രണ്ട് സന്യാസിമാര്‍ നാഗസ്വരാകമ്പടിയോടെ പഞ്ചഗവ്യവും മറ്റു പൂജാ സാമഗ്രികളുമായി ഒരു ടാക്‌സിയില്‍ നെഹ്‌റുവിന്റെ വസതിയിലെത്തി. അദ്ദേഹത്തിനുമേല്‍ തീര്‍ത്ഥം തളിച്ച്, നെറ്റിയില്‍ ഭസ്മം ചാര്‍ത്തി, വെള്ളിത്താലത്തില്‍ കൊണ്ടുവന്ന അഞ്ചടി നീളമുള്ള ഒരു ചെങ്കോല്‍ കൈമാറിയശേഷം അദ്ദേഹത്തെ ഒരു വിശിഷ്ടവസ്ത്രം ധരിപ്പിച്ചു. ദക്ഷിണ ദേശത്തുനിന്ന് തന്നെ ആദരിക്കാന്‍ വന്നവരുടെ ആഗ്രഹത്തിന് വഴങ്ങിയതിനപ്പുറം ചടങ്ങിന് മറ്റ് ഔപചാരികതകളൊന്നും നെഹ്‌റു നല്‍കിയതായി കാണുന്നില്ല’. തീര്‍ത്തും സ്വകാര്യമായി യാതൊരുവിധ ഔദ്യോഗിക സ്വഭാവങ്ങളും ഇല്ലാതെ നടന്ന ചടങ്ങിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഭാഷ്യപ്രകാരം മൗണ്ട്ബാറ്റണും സി. രാജഗോപാലാചാരിയും അധികാര കൈമാറ്റ ചടങ്ങും എങ്ങനെയാണ് കടന്നുവരുന്നതെന്ന് ഇനിയും വ്യക്തമല്ല.


അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന മൗണ്ട്ബാറ്റണെ സംബന്ധിക്കുന്ന രേഖകളിലും ഇതു സംബന്ധിച്ച് യാതൊരു പരാമര്‍ശവും ഇതുവരെ കണ്ടെത്തിയിട്ടില്ല. മൗണ്ട് ബാറ്റന്റെ പ്രസ് സെക്രട്ടറിയായിരുന്ന അല്ലന്‍ കാംബെല്‍ ജോണ്‍സന്റെ ഡയറി കുറിപ്പുകള്‍ പിന്നീട് ‘മിഷന്‍ വിത് മൗണ്ട്ബാറ്റണ്‍’ എന്ന പേരില്‍ പുസ്തകമായിരുന്നു. ഓഗസ്റ്റ് 14ന് ഉച്ചകഴിയുന്നതുവരെ മൗണ്ട്ബാറ്റണ്‍ കറാച്ചിയില്‍ പാകിസ്താന്റെ സ്വാതന്ത്ര്യ ലബ്ദിയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ സംബന്ധിച്ചതും വൈകിട്ടോടെ തിരിച്ചെത്തിയതും അര്‍ധരാത്രിയില്‍ ഇന്ത്യയുടെ അധികാര കൈമാറ്റ ചടങ്ങുകളില്‍ പങ്കെടുത്തതുമൊക്കെ വിശദമായി ഡയറി കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഡയറി കുറിപ്പുകളിലോ പുസ്തകത്തിലോ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ചെങ്കോല്‍ കൈമാറിയതായി രേഖപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് 14 അര്‍ധരാത്രിയില്‍ അധികാര കൈമാറ്റം നടന്ന പാര്‍ലമെന്റിലെ കൗണ്‍സില്‍ ഹാളിലെ നടപടിക്രമങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന നിയമനിര്‍മാണസഭാ രേഖകളിലും ചെങ്കോല്‍ കൈമാറ്റവുമായി ബന്ധപ്പെട്ട പരാമര്‍ശമൊന്നും കണ്ടെത്തിയിട്ടില്ല.


നുണക്കഥകളിലൂടെ ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും ഭൂതകാലത്തേക്കുമുള്ള കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഈ പിന്‍നടത്തങ്ങളെല്ലാം വളരെ ആസൂത്രിതമാണ് എന്നതില്‍ സംശയമില്ല. സ്വാതന്ത്ര്യത്തിന്റെ ‘ചരിത്രപരമായ’ പ്രതീകം എന്ന നിലയില്‍ ഈ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാന്‍ പോകുന്നു എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കപ്പെട്ടത്, രാജവാഴ്ചയുടെ പ്രതീകമായ ചെങ്കോലാണെന്നത് ഏറ്റവും വലിയ വിരോധാഭാസമായി മാറുന്നു.


നെഹ്‌റുവിന്റെ മതേതര പ്രതിച്ഛായ കാപട്യമാണെന്നും അദ്ദേഹം സ്വാതന്ത്ര്യലബ്ധിയില്‍ ചെങ്കോല്‍ കൈമാറ്റത്തിലൂടെ ഹിന്ദു ബിംബങ്ങളെ പുണര്‍ന്നിരുന്നുവെന്നും പറയാതെ പറയുകയാണ് ബി.ജെ.പി ചെയ്യുന്നത്. അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ലഭിച്ച ചെങ്കോലിനെ വിസ്മൃതിയിലേക്ക് തള്ളിവിടുക വഴി നെഹ്‌റു ഹിന്ദു പാരമ്പര്യങ്ങളെയും പൈതൃകങ്ങളെയും അവഹേളിച്ചുവെന്നും ഇത് കപട മതേതര പ്രതിച്ഛായയുടെ ഭാഗമാണെന്നും ദ്വയാര്‍ഥവും ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്. അധികാര കൈമാറ്റത്തിന്റെ ഭാഗമായി നെഹ്‌റു സ്വീകരിച്ച ചെങ്കോല്‍ മോദിയിലൂടെ കൈമാറ്റപ്പെടുന്നുവെന്നും പ്രചരിപ്പിച്ച് നെഹ്‌റുവിനെ ധൃതരാഷ്ട്രാലിംഗനം ചെയ്യുന്നതിനുള്ള ഗൂഢ അജന്‍ഡയും കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലുണ്ട്. മറ്റൊന്ന്, ചെങ്കോല്‍ വഴി ബി.ജെ.പി ലക്ഷ്യമിടുന്നത് തമിഴകം രാഷ്ട്രീയത്തെയാണ്.

ബി.ജെ.പി പലതവണ തലകുത്തി മറിഞ്ഞിട്ടും ഒരു ഹിന്ദി, ഹിന്ദുത്വ, സവര്‍ണ മേല്‍വിലാസമുള്ള ബി.ജെ.പിക്ക് ദ്രാവിഡ മണ്ണില്‍ അയിത്തം തുടരുകയാണ്. അവിടെയാണ് ഉത്തരേന്ത്യയിലെ വൈഷ്ണവ പാരമ്പര്യങ്ങളെ എതിര്‍ക്കുന്ന തമിഴ്‌നാട്ടിലെ ശൈവ പാരമ്പര്യത്തിലുള്ള തിരുമാടുതുറൈ മഠങ്ങളുടെ പ്രസക്തി. ഒരേസമയം തന്നെ ശൈവ പാരമ്പര്യങ്ങളും ദ്രാവിഡ സംസ്‌കാരവും തമിഴകത്തിന് ചോള രാജവംശത്തോടുള്ള വൈകാരികമായ അഭിനിവേശങ്ങളും ഊതി കത്തിക്കുന്നതിനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ അജന്‍ഡകള്‍ ഇവിടെ വ്യക്തമാണ്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ മതപരമായ പരിവേഷങ്ങളോടെ ചെങ്കോല്‍ സ്ഥാപിച്ചപ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആയുധമായി ചെങ്കോല്‍ മാറുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.