2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഉലമാക്കളെ ആദരിക്കാന്‍ പഠിക്കാം

സാദിഖ് ഫൈസി താനൂര്‍

സി.ഇ 1518. സുല്‍ത്വാന്‍ സലീം ഒന്നാമന്‍ (1470 – 1520) ഈജിപ്തില്‍നിന്ന് തന്റെ തലസ്ഥാനമായ ഇസ്താംബൂളിലേക്ക് തിരിച്ചുവരികയാണ്. ഈജിപ്തും സിറിയയും ഫലസ്തീനും ഇറാഖും മക്ക, മദീന ഉള്‍പ്പെടുന്ന ഹിജാസുമെല്ലാം കീഴടക്കിയുള്ള വരവാണ്. ഉസ്മാനീ കുലത്തില്‍നിന്ന് മുസ്‌ലിം ലോകത്തിന്റെ പ്രഥമ ഖലീഫയായതിന്റെ ആരവത്തോടെയുള്ള വരവ്.


സുല്‍ത്വാന്റെ കൂടെ സഹസഞ്ചാരികളായി പല പ്രമുഖരുമുണ്ട്. അതിലൊരാളാണ് ശൈഖ് ശംസുദ്ദീന്‍ ഇബ്‌നു കമാല്‍ (14691534). കവിയും ചരിത്രകാരനും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെല്ലാം കഴിവുതെളിയിച്ച പ്രതിഭയുമായ പണ്ഡിതന്‍. യാത്രക്കിടെ ഒരു ചതുപ്പു നിലമെത്തിയപ്പോള്‍, ഇബ്‌നുല്‍ കമാലിന്റെ കുതിര പതിവിനു വിരുദ്ധമായി വിരണ്ടു. ആ ചെളിയില്‍ അത് കാലിട്ടടിച്ചു. ആ ചെളിയെല്ലാം നേരെ ചെന്നുവീണത് തൊട്ടടുത്തുണ്ടായ സുല്‍ത്വാന്‍ സലീമിന്റെ ശരീരത്തില്‍. ആദ്ദേഹത്തിന്റെ വസ്ത്രമാകെ വൃത്തികേടായി. ഇപ്പോള്‍ കാണുമ്പോള്‍ തന്നെ ഒരു കോമാളിക്കോലം! ഒരു നിമിഷം സുല്‍ത്വാന്‍ കോപംകൊണ്ട് വിറച്ചു. മുഖം വിവര്‍ണമായി.


ഈ രംഗം കണ്ട്, സുല്‍ത്വാന്റെ കൂടെയുണ്ടായിരുന്നവരെല്ലാം വല്ലാതെ ഭയന്നു. കാരണം സലീം ക്ഷിപ്രകോപിയായിരുന്നു. പെട്ടെന്നുവരുന്ന ദേഷ്യത്തിന് ചിലപ്പോള്‍ എന്തു കല്‍പനകളുമിറക്കും. സുല്‍ത്വാന്റെ ശരീരവും വസ്ത്രവും മൊത്തത്തില്‍ ചെളി തെറിച്ചതിനു വേണ്ടിവന്നാല്‍, ശൈഖ് ഇബ്‌നുല്‍ കമാലിന്റെ തലവെട്ടാനും മടിക്കില്ല.
പക്ഷേ, അല്‍പസമയത്തിനു ശേഷം സുല്‍ത്വാന്‍ ശാന്തനായി. ആ വസ്ത്രം ഊരി. ചുറ്റുമുള്ളവരെല്ലാം ആശങ്കയോടെ നോക്കി നില്‍ക്കെ, സലീം പറഞ്ഞു; ‘ഇതാ എന്റെ വസ്ത്രത്തില്‍ ഒരു മഹാപണ്ഡിതന്റെ കുതിരയുടെ കുളമ്പില്‍നിന്നു ചെളി തെറിച്ചിരിക്കുന്നു. അതിനുള്ള ഭാഗ്യമെങ്കിലും എനിക്കുണ്ടായിരുക്കുന്നു. ഞാന്‍ ഉലമാക്കളുടെ സേവകനാണെതിനു നാളെ തെളിവായി ഈ വസ്ത്രമെങ്കിലും എനിക്കു വേണം. അതുകൊണ്ട് ഞാനീ വസ്ത്രം അപ്പടി സൂക്ഷിക്കുകയാണ്. ഞാന്‍ മരണപ്പെട്ടാല്‍ ഈ വസ്ത്രത്തില്‍ എന്നെ കഫന്‍ ചെയ്യണം…’


1520 സെപ്റ്റംബര്‍ 22ന് 49ാം വയസില്‍ സലീം അന്തരിച്ചു. വസിയ്യത്ത് പോലെ, ശൈഖ് ശംസുദ്ദീന്‍ ഇബ്‌നുല്‍ കമാലിന്റെ ചെളിപുരണ്ട വസ്ത്രത്തോടൊപ്പം അദ്ദേഹത്തെ ഖബറടക്കി. പിതാവ് ബായസീദ് രണ്ടാമന്‍ (14471512) ആദരിച്ച പണ്ഡിതനായിരുന്നു ശൈഖ് ഇബ്‌നുല്‍ കമാല്‍. പുത്രന്‍ സലീം ആ പതിവു തെറ്റിക്കാതെ ശൈഖിനെ കൂടുതല്‍ ബഹുമാനിച്ചു. നാടിന്റെ ഖാസിയാക്കി നിശ്ചയിച്ചു. പിന്നീട് സലീമിന്റെ പുത്രന്‍ സുലൈമാന്‍(1494 – 1566) അധികാരത്തിലെത്തിയപ്പോള്‍ ശംസുദ്ദീന്‍ ഇബ്‌നുല്‍ കമാലിനെ മുസ്‌ലിം ലോകത്തിന്റെ ശൈഖുല്‍ ഇസ്‌ലാം പദവി നല്‍കി ആദരിച്ചു. ഉലമാക്കളെ എങ്ങനെയാണ് ആദരിക്കേണ്ടതെന്ന് ആ പിതാവും പുത്രനും പൗത്രനും മുസ്‌ലിം ലോകത്തെ പഠിപ്പിച്ചു.


(ഓര്‍ഖാന്‍ മുഹമ്മദലി: റവാഇഉന്‍ മിനത്താരീഖില്‍ ഉസ്മാനി. പേജ്: 61-62, മുഹമ്മദ് യൂസുഫ് ഇവള്വു: വമള്വാത്തുന്‍ ഉസ്മാനിയ്യ. പേജ്:53)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.