2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സംവാദങ്ങള്‍ ആയുധം കൊണ്ടല്ല, ആശയങ്ങളിലൂടെ നടക്കട്ടെ; പാലക്കാട്ടെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരം: സമാധാനം ഉറപ്പുവരുത്തണമെന്ന് സാദിഖലി തങ്ങള്‍

മലപ്പുറം: കേരളത്തെ കൊലക്കളമാക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനും ജാഗ്രത പുലര്‍ത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. പാലക്കാട്ട് നടന്ന കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. കൊലപാതകങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ചില സംഘടനകളുടെ ധാരണ ശരിയല്ല.
സംസ്ഥനത്ത് സമാധാനം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരും ഭരണസംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണം.
അതിവൈകാരികമായി പ്രതികരിച്ചതുകൊണ്ട് സമൂഹത്തിന് ഒരു നേട്ടവും ഉണ്ടാകില്ല. ആയുധമെടുത്തു കൊണ്ടല്ല, ആശയങ്ങളിലൂടെയാണ് സംവാദങ്ങള്‍ നടക്കേണ്ടത്. വെറുപ്പിന്റെ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കാതെ സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ എല്ലാവരും രംഗത്തുവരണം.
ആശയങ്ങളിലും വീക്ഷണത്തിലും വ്യത്യാസമുണ്ടെങ്കിലും മനുഷ്യന്‍ എന്ന നിലയില്‍ പരസ്പരബഹുമാനം കാത്തുസൂക്ഷിക്കണം. മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നു. ഇനിയും ചോര വീഴാതിരിക്കാനുള്ള ജാഗ്രത ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട കക്ഷിനേതാക്കളുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ മഹിതമായ സാംസ്‌കാരിക പാരമ്പര്യത്തെയും സൗഹൃദത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയ്യാറാവണമെന്നും സാദിഖലി തങ്ങള്‍ അഭ്യര്‍ഥിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.