ബെയ്‌റൂത്ത്: അമേരിക്കയുടെ മധ്യസ്ഥതയില്‍ രൂപംനല്‍കിയ ഇസ്രാഈല്‍-ലബനാന്‍ കടല്‍ അതിര്‍ത്തി കരാറിനെ ലബനാന്‍ അംഗീകാരം നല്‍കിയതായി പ്രസിഡന്റ് മൈക്കല്‍ ഔന്‍ പ്രഖ്യാപിച്ചു. ചര്‍ച്ചകള്‍ ശുഭകരമായി അവസാനിച്ചതായും അദ്ദേഹം അറിയിച്ചു.
ലബനാനിന്റെ അവകാശങ്ങളും ആവശ്യങ്ങളും പരോക്ഷമായി അംഗീകരിക്കുന്നതും സംരക്ഷിക്കുന്നതുമാണ് കരാറെന്ന് ടെലിവിഷന്‍ പ്രസംഗത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ചരിത്രപരമായ നേട്ടത്തിലൂടെ മെഡിറ്ററേനിയന്‍ കടലിലെ അതിര്‍ത്തിപ്രദേശത്ത് 860 സ്‌ക്വയര്‍ കിലോ മീറ്റര്‍ ലബനാന് തിരിച്ചുകിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കരാര്‍ ഇസ്രാഈലുമായുള്ള ബന്ധം സാധാരണനിലയിലാവുന്നതിന്റെ സൂചനയല്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
1948ല്‍ ഇസ്രാഈല്‍ രൂപീകരണകാലത്തുണ്ടായ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വലിയ മഞ്ഞുരുക്കമാണ് കരാറെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments are closed for this post.