
ഓഗസ്റ്റ് 30, രാത്രി 11.59ന് പകര്‍ത്തിയ ചിത്രം. ചരിത്രത്തില്‍ ഇടംനേടുന്ന, പ്രേതച്ചിത്രം പോലെ തോന്നിക്കുന്ന പച്ചപ്രതലത്തിലുള്ള ചിത്രത്തില്‍ അഫ്ഗാനിസ്ഥാന് വിടുന്ന അവസാന യു.എസ് സൈനികനാണ്. മേജര്‍ ജനറല്‍ ക്രിസ് ഡോണഹ്യു.
അഫ്ഗാനിസ്ഥാന് വിട്ട യു.എസ് സേനയുടെ അവസാന വിമാനമായ സി-17 ന്റെ ജനാലയില്‍ കൂടിയാണ് ചിത്രം പകര്‍ത്തിയത്. കാബൂള്‍ ഹാമിദ് കര്‍സായി വിമാനത്താവളത്തില്‍ കാത്തുനിന്ന വിമാനത്തിലേക്ക് നടന്നടുക്കുകയാണ് മേജര്‍. ഇതോടെ കഴിഞ്ഞ 20 വര്‍ഷക്കാലമായി അഫ്ഗാനിസ്ഥാനിലുള്ള യു.എസ് സേനയുടെ പിന്മാറ്റം പൂര്‍ണമായി.
ഓഗസ്റ്റ് 30ന് സൈനിക സമ്പൂര്‍ണ സൈനിക പിന്മാറ്റമുണ്ടാകുമെന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി താലിബാന് പിടിച്ചടക്കലിന് വേഗം പ്രാപിച്ചത്. യു.എസ് സേന പ്രതീക്ഷിച്ചതിലും നേരത്തെ താലിബാന് സേന കാബൂള്‍ പിടിച്ചടക്കി. ഇതോടെ സൈനിക ഒഴിപ്പിക്കല്‍ മുള്‍മുനയിലായി.
കാബൂള്‍ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയ യു.എസ് സഹായികളായ അഫ്ഗാനികളെയടക്കം രക്ഷപ്പെടുത്തുകയെന്ന വലിയ കടമ്പ യു.എസിനു മുന്നിലുണ്ടായി. അതിനിടെ കഴിഞ്ഞദിവസം ഐ.എസ്- കെ ഭീകരസംഘടനയുടെ ചാവേറാക്രമണം. 13 യു.എസ് സൈനികരടക്കം നിരവധി പേര് കൊല്ലപ്പെട്ടു. പിന്നെയും തുടര്‍ന്ന ഒഴിപ്പിക്കലിനൊടുവില്‍, 6000 അമേരിക്കന്‍ പൗരന്മാര് അടക്കം 79,000 പേരെ യു.എസ് സേന വിമാനത്തില്‍ കയറ്റി കൊണ്ടുപോയി. താലിബാന് കാബൂള്‍ പിടിച്ചടക്കുന്നതിന് തലേദിവസം, ഓഗസ്റ്റ് 14 മുതലാണ് യു.എസ് ഒഴിപ്പിക്കല്‍ ദൗത്യം തുടങ്ങിയത്.
1989 ലെ ആവര്‍ത്തനം
മേജര്‍ ജനറല്‍ ക്രിസ് ഡോണഹ്യുവിനെപ്പോലെ, ചരിത്രം രേഖപ്പെടുത്തിയ മറ്റൊരാളുണ്ട്. ജനറല്‍ ബോറിസ് ഗ്രൊമോവ്. 1989 ല്‍ 35 വര്‍ഷത്തെ അധിനിവേശത്തിനൊടുവില് സോവിയറ്റ് യൂനിയന്‍ അഫ്ഗാന് വിട്ടുപോയപ്പോള്‍ ഒടുവിലായി നടന്നുനീങ്ങിയ സൈനികന്. 1989 ഫെബ്രുവരി 15ന് അമു-ദാരിയ നദിക്കു കുറുകെ ഉസ്ബക്കിസ്ഥാനിലേക്ക് പണിത ‘സൗഹൃദ പാലത്തിലൂടെ’യാണ് ബോറിസ് ഗ്രൊമോവ് നടന്നുനീങ്ങിയത്. പൂക്കള്‍ കൊണ്ടുള്ള ബൊക്കെയും പിടിച്ചുനീങ്ങുന്ന ബോറിസിനൊപ്പം മകനുമുണ്ടായിരുന്നു.