2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘പുറം മോടിയേ ഉള്ളോ മോദി സ്‌റ്റേഡിയത്തിന്’ മഴയില്‍ ചോര്‍ന്നൊലിച്ച് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം,വിമര്‍ശനവുമായി കാണികള്‍

‘പുറം മോടിയേ ഉള്ളോ മോദി സ്‌റ്റേഡിയത്തിന്’ മഴയില്‍ ചോര്‍ന്നൊലിച്ച് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം,വിമര്‍ശനവുമായി കാണികള്‍

അഹമ്മാബാദ്: കനത്ത മഴയില്‍ ചോര്‍ന്നൊലിച്ച് ഐ.പി.എല്‍ ഫൈനലല്‍ വേദി ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. വിഡിയോക്ക് താഴെ വിമര്‍ശനവുമായി നിരവധി കമന്റുകളും വരുന്നുണ്ട്. പുറംമോടി മാത്രമേ ഉള്ളൂവെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. ചോര്‍ച്ചയുള്ള ഭാഗത്ത് കാണികള്‍ക്ക് ഇരിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയിലാണ് വെള്ളം ഒലിച്ചിറങ്ങുന്നത്.

കനത്ത മഴ കാരണം ടോസിടാന്‍ പോലും പറ്റാത്ത സാഹചര്യം വന്നതോടെ ഫൈനല്‍ മത്സരം തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇടക്ക് മഴ മാറിയപ്പോള്‍ പിച്ചിലെ കവര്‍ മാറ്റിയിരുന്നെങ്കിലും വീണ്ടും മഴയെത്തി. നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ ഐ.പി.എല്‍ ഫൈനല്‍ മത്സരം നടന്നതും ഇതേ വേദിയിലാണ്.

നിലവില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം. ഒരേസമയം 1.32 ലക്ഷം പേര്‍ക്ക് ഇവിടെ കളി കാണാം. 90,000 പേര്‍ക്ക് ഇരിപ്പിടമുള്ള വിഖ്യാത മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെ മറികടന്നാണ് അഹമ്മദാബാദ് സ്റ്റേഡിയം ഒന്നാമതായിരുന്നത്. 2021 ഫെബ്രുവരിയിലാണ് മൊട്ടേരയില്‍ പുതുക്കിപ്പണിത സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്തത്. നാല് ഡ്രസ്സിങ് റൂം അടക്കമുള്ള സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയരാകുമ്പോള്‍ നരേന്ദ്ര മോദി സ്റ്റേഡിയമാകും ടൂര്‍ണമെന്റിലെ പ്രധാന വേദികളിലൊന്ന്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.