2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലീഗിനറിയുമോ ലീഗിന്റെ വില ?

അധികാരപങ്കാളിത്തത്തിലോ വിഭവവിതരണത്തിലോ അവകാശപ്പെട്ട കാര്യങ്ങള്‍ ഉയര്‍ത്തിയാല്‍ വര്‍ഗീയത എന്ന ആരോപണം നേരിടേണ്ടി വരുന്ന പാര്‍ട്ടിയാണ് ലീഗ്. തിരഞ്ഞെടുപ്പു ചര്‍ച്ചകളിലും അധികാര പങ്കാളിത്തത്തിലും തുല്യതയില്ലാത്ത വിട്ടുവീഴ്ച ചെയ്യുന്ന മുസ്ലിംലീഗിന്റെ നിലപാടുകള്‍ ആ പാര്‍ട്ടിയെ തന്നെ ദുര്‍ബലമാക്കുമോ? ഗവേഷകന്‍ അനീസ് വാവാട് എഴുതുന്നു

അനീസ് വാവാട്

 

കേരളം പുതിയൊരു തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സീറ്റു ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവുമാദ്യം മുന്നണി ഭരണസംവിധാനം നിലവില്‍ വരികയും നിലനില്‍ക്കുകയും ചെയ്യുന്നൊരു സംസ്ഥാനം കൂടിയാണ് കേരളം. എന്നു മാത്രമല്ല വിവിധ ജാതിസമുദായ സംഘടനകള്‍ക്ക് നിര്‍ണായകമായ സ്വാധീനമുള്ള രാഷ്ട്രീയ സംവിധാനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അത് കൊണ്ട് തന്നെ മുന്നണികളിലെ വിവിധ പാര്‍ട്ടികളും അവയുടെ സ്വാധീനവും വിലപേശലുകളുമെല്ലാം സംസ്ഥാന രാഷ്ട്രീയത്തെ മാത്രമല്ല സാമുദായിക ബന്ധങ്ങളെയും സാമൂഹികാന്തരീക്ഷത്തെ തന്നെയും ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നെങ്കിലും സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധമാണ് കേരള ഇടതുമുന്നണിയെ നിലനിര്‍ത്തുന്നതെങ്കില്‍ കോണ്ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് യുഡിഎഫിന്റ ശക്തി. എന്നാല്‍ തിരഞ്ഞെടുപ്പു ചര്‍ച്ചകളിലും അധികാര പങ്കാളിത്തത്തിലും അതുല്യമാംവിധം വിട്ടുവീഴ്ച ചെയ്യുന്ന മുസ്ലിംലീഗിന്റെ നിലപാടുകളാണ് വലതുമുന്നണി സംവിധാനം അതിശക്തമായി നിലനില്‍ക്കാന്‍ കാരണമെന്നത് പൊതുവായൊരു യാഥാര്‍ഥ്യമാണ്. രാജ്യത്തും സംസ്ഥാനത്തും നിലനില്‍ക്കുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും മറ്റുമെല്ലാം ഇത്തരമൊരു വിട്ടുവീഴ്ചാ നിലപാടിന് മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം പ്രത്യേകിച്ച് മുസ്ലിംലീഗിനെ നിര്‍ബന്ധിതരാക്കുന്നുവെന്ന് വേണം പറയാന്‍. അധികാരപങ്കാളിത്തത്തിലോ വിഭവവിതരണത്തിലോ അവകാശപ്പെട്ട കാര്യങ്ങള്‍ ഉയര്‍ത്തിയാല്‍ പോലും വര്‍ഗീയത എന്ന ആരോപണം നേരിടേണ്ടി വരുന്നു എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്.

1960ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ നേരിട്ടെത്തി സീതി സാഹിബുമായും പോക്കര്‍ സാഹിബുമായും ചര്‍ച്ച നടത്തിയാണ് മുസ്ലിംലീഗുമായി സഖ്യമുണ്ടാക്കാനുള്ള കോണ്ഗ്രസിന്റെ ആദ്യ ശ്രമങ്ങള്‍ നടന്നത്. ആദ്യമായി അന്നത്തെ അവിഭക്ത കോണ്ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട മുസ്ലിംലീഗ് 12 സീറ്റില്‍ മല്‍സരിച്ച് 4.96% വോട്ടും പതിനൊന്നിടത്ത് വിജയവും നേടിയപ്പോള്‍ ശക്തമായ ഇടതുവിരുദ്ധ തരംഗത്തില്‍ കോണ്ഗ്രസ് 63 സീറ്റുകളില്‍ വിജയിച്ചു. കേരള രാഷ്ട്രീയത്തിലെ ഒരു ശക്തിയായി മുസ്ലിംലീഗ് വളര്‍ന്നുവെന്നത് തെരഞ്ഞെടുപ്പില്‍ തെളിഞ്ഞുവെന്നും ലീഗിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ കോണ്ഗ്രസിന്റെ വളരെയധികം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടുപോകുമായിരുന്നുവെന്നും സ്‌റ്റേറ്റ്‌സ്മാന്‍ അടക്കം നിരവധി പത്രങ്ങള്‍ മുഖപ്രസംഗംവരെയെഴുതി. ലീഗിനെ മന്ത്രിസഭയില്‍ ചേര്‍ക്കണമെന്ന പിഎസ്പിയുടെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കു ശേഷവും കെഎം സീതി സാഹിബിന്റെ സ്പീക്കര്‍ സ്ഥാനംകൊണ്ട് മുസ്ലീലീഗ് തൃപ്തിപ്പെടുകയായിരുന്നു.

പിന്നീട് 1962ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്ന് മുഹമ്മദ് ഇസ്മായീല്‍ സാഹിബും കോഴിക്കോട്ട്‌നിന്ന് സിഎച് മുഹമ്മദ് കോയയും വലിയ ഭൂരിപക്ഷത്തില്‍ കോണ്ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയതോടെയാണ് കേരളത്തില്‍ മുസ്ലിംലീഗിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവിലേക്ക് കോണ്ഗ്രസ് എത്തുന്നത്. ഇടക്കാലത്ത് ബാബരി മസ്ജിദിനെകുറിച്ചുള്ള കോണ്ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് മാറിനിന്നതൊഴിച്ചാല്‍, 1970 മുതല്‍ ഐക്യമുന്നണിയുടെയും 1978 മുതല്‍ ഐക്യ ജനാധിപത്യ മുന്നണിയുടെയും ഭാഗമായി കോണ്ഗ്രസും മുസ്ലിംലീഗും ഒന്നിച്ചു തന്നെയാണ് തെരഞ്ഞെടുപ്പുകളെ നേരിട്ടത്.

ഇതേകാലയളവില്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്ഗ്രസ് കൂടുതല്‍ തിരിച്ചടികള്‍ നേരിടുംതോറും മുസ്ലിംലീഗ് കോണ്ഗ്രസിനുള്ള പിന്തുണ വര്‍ധിപ്പിക്കുന്നതായാണ് പൊതുവില്‍ കണ്ടുവരുന്നത്. എന്നാല്‍ സീറ്റുകളുടെ എണ്ണം നോക്കിയാല്‍ 1962ല്‍ നേടിയ രണ്ട് ലോക്‌സഭാ സീറ്റുകളില്‍ നിന്ന് ഒരടി പോലും മുന്നോട്ട് പോകാന്‍ ഇന്നും മുസ്ലിംലീഗിന് കഴിഞ്ഞിട്ടില്ല. കോണ്ഗ്രസിനേക്കാള്‍ അമ്പതിലധികം തദ്ദേശസ്ഥാപന അംഗങ്ങള്‍ അധികമുള്ള കാസര്‍കോട്ടും കോണ്ഗ്രസിന്റെ അത്രതന്നെയോ അധികമോ അംഗങ്ങളുള്ള വയനാട്ടിലും കോഴിക്കോട്ടും വടകരയിലും കാലങ്ങളായി കോണ്ഗ്രസ് തന്നെയാണ് മല്‍സരിക്കുന്നത് എന്നതാണിന്റെ കാരണം. അതേസമയം ലീഗ് എംഎല്‍എമാരുടെ എണ്ണം 11ല്‍ നിന്ന് 20 കടന്നെങ്കിലും രാജ്യസഭയില്‍ ഇന്നും ഒറ്റ പ്രധിനിധി മാത്രമാണു താനും.

നിയമസഭയുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ മല്‍സരിക്കുന്ന സീറ്റുകള്‍ക്കാനുപാതികമായി കേരള രാഷ്ട്രീയത്തില്‍ മിക്കപ്പോഴും 80ന് മുകളില്‍ വിജയ ശതമാനം നേടിയ പാര്‍ട്ടി മുസ്ലിം ലീഗാണ്. 1980 മുതല്‍ മുസ്ലിംലീഗിന്റെ വോട്ട് ഷെയറിലും ഈ ക്രമാതീത വളര്‍ച്ച കാണാന്‍ കഴിയും. 1982 ല്‍ 6.17%, 1987 ല്‍ 7.67% , 1991 ല്‍ 7.24%, 1996 ല്‍ 7.42%, 2001 ല്‍ 8.0%, 2006ല്‍ 7.30%, 2011 ല്‍ 8.28%, 2016 ല്‍ 7.44 % എന്നിങ്ങനെയാണ് മുന്നണി സംവിധാനം വന്നതിനു ശേഷമുള്ള മുസ്ലിംലീഗിന്റെ വോട്ടു വിഹിതം.

ഇടതു വലതു മുന്നണി സംവിധാനം കൂടുതല്‍ സ്ഥിരത നേടിയ 1990കള്‍ക്ക് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരാവര്‍ത്തി അനാവരണം ചെയ്താല്‍ ഇടതുമുന്നണിയില്‍ സിപിഐക്കു ലഭിക്കുന്നത് പോലെ അര്‍ഹിച്ച സീറ്റുകള്‍ ലീഗിന് മല്‍സരിക്കാന്‍ തന്നെ ലഭിക്കുന്നില്ല എന്ന് കാണാന്‍ കഴിയും. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24 സീറ്റിലേക്കും ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും 27 സീറ്റുകളിലേക്കുമാണ് സിപിഐ മല്‍സരിച്ചത്. 2001ല്‍ കേവലം 7 സീറ്റും 2006ല്‍ 17 സീറ്റും 2011ല്‍ 13 സീറ്റും ഒടുവില്‍ 2016ല്‍ 19 സീറ്റുമാണ് നേടാനായത്. ഒരിക്കലും 20 സീറ്റിലധികം നേടാനാവാത്ത സിപിഐക്ക് മുന്നണിയില്‍ ലഭിക്കുന്ന പരിഗണനയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ലഭിച്ച 27 സീറ്റ് മല്‍സരിക്കാനുള്ള അവസരം.

എന്നാല്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും യഥാക്രമം 20ഉം 18ഉം സീറ്റുകളില്‍ വിജയിച്ച മുസ്ലിംലീഗിന് ലഭിച്ചത് പരമാവധി 24 സീറ്റുകളാണ്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റ ഫലം കൂടി ഒരാവര്‍ത്തി വായിച്ചാല്‍ ഈ വിവേചനത്തിന്റെ ആഴം മനസ്സിലാവും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ അടക്കം കേവലം 1026 സീറ്റുകള്‍ മാത്രമാണ് നിയമസഭയിലേക്ക് 27 സീറ്റ് ലഭിക്കാറുള്ള സിപിഐക്ക് ജയിക്കാനായത്. ഇതേ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് തലത്തില്‍ മാത്രം 1457 വാര്‍ഡുകളില്‍ വിജയിച്ച മുസ്ലിംലീഗ്, മൊത്തം 1891 അംഗങ്ങളെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിപ്പിച്ചയച്ചിട്ടുണ്ട്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പു ഫലവും സമാനമായിരുന്നു. സിപിഐ കേവലം 1060 സീറ്റുകളില്‍ മാത്രം വിജയിച്ചപ്പോള്‍ 1877 സീറ്റുകളിലാണ് മുസ്ലിംലീഗ് വിജയം നേടിയത്.

വര്‍ധിച്ച വിലപേശല്‍ ശക്തിയുള്ള കേരള കോണ്ഗ്രസിന്റെ ആവശ്യങ്ങളും കോണ്ഗ്രസിലെ തന്നെ ഗ്രൂപ്പ് വഴക്കുകളുടെ പ്രശ്‌നപരിഹാരവും മുസ്ലിംലീഗിന്റെ അര്‍ഹിച്ച സീറ്റുകള്‍ നല്‍കി പരിഹരിക്കുന്ന രീതിയാണ് നിലവില്‍ തുടര്‍ന്നു വരുന്നത്. മാണി കോണ്ഗ്രസിനെ പിടിച്ചു നിര്‍ത്താന്‍ വിട്ടു നല്‍കിയ രാജ്യസഭാ സീറ്റും മുന്‍കാല നിയസഭാ തിരഞ്ഞെടുപ്പുകളിലെ എകെ ആന്റണിയുടെയും കെ മുരളീധരന്റെയും സ്ഥാനാര്‍ഥിത്തവും ചില ഉദാഹരണങ്ങള്‍ മാത്രം.

ഇതിനു മുമ്പ് യുഡിഎഫ് അധികാരത്തിലെത്തിയ 2011ലും പിന്നീട് 2016ലും 24 സീറ്റുകളിലാണ് മുസ്ലിംലീഗ് മല്‍സരിച്ചത്. എന്നാല്‍ 2020ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലം മാത്രമൊന്ന് ആഴത്തില്‍ അപഗ്രഥിച്ചാല്‍ ലീഗിന് സംഘടനാപരമായി നല്ല അടത്തറയുള്ള ഇനിയുമേറെ മണ്ഡലങ്ങളുണ്ടെന്ന് കണക്കുകള്‍ കൊണ്ട് തന്നെ തെളിയിക്കാന്‍ കഴിയും. മലപ്പുറം ജില്ലയിലെ പട്ടാമ്പിയില്‍ കോണ്ഗ്രസ് 24 സീറ്റുകള്‍ വിജയിച്ചപ്പോള്‍ 34 തദ്ദേശ വാര്‍ഡുകളില്‍ വിജയിച്ചത് മുസ്ലിംലീഗാണ്. തവനൂര്‍ മണ്ഡലത്തില്‍ ലീഗിന് 38 വാര്‍ഡുകള്‍ നേടാനായപ്പോള്‍ കോണ്ഗ്രസ് വിജയിച്ചത് 20 വാര്‍ഡുകളിലാണ്.

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കില്‍ കൂടി മുസ്ലിംലീഗിന് 31 വാര്‍ഡുകള്‍ വിജയിക്കാനായപ്പോള്‍ കോണ്ഗ്രസ് നേടിയത് 23 വാര്‍ഡുകളാണ്. മുമ്പ് മൂന്ന് തവണ മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ച മണ്ഡലം കൂടിയാണിത്.

ബേപ്പൂരിന്റെ ഭാഗമായ ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ പതിനഞ്ചും രാമനാട്ടുകരയില്‍ പത്തും സീറ്റുകള്‍ ഒറ്റക്ക് നേടിയ മുസ്ലിംലീഗ് മണ്ഡലത്തില്‍ മൊത്തം 25.3 ശതമാനം വോട്ട് നേടിയപ്പോള്‍ കോണ്ഗ്രസ് 22.5 ശതമാനം വോട്ടാണ് നേടിയത്. നാദാപുരത്ത് 51 വാര്‍ഡുകളില്‍ ലീഗ് വിജയിച്ചപ്പോള്‍ 21 വാര്‍ഡുകളാണ് കോണ്ഗ്രസ് നേടിയത്. വടകര മണ്ഡലത്തില്‍ 23 മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ 15 കോണ്ഗ്രസ് പ്രതിനിധികളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും ഇവിടെ യുഡിഎഫിന് 2074 വോട്ടിന്റെ ലീഡുണ്ട്. വയനാട് ജില്ലയിലെ കല്‍പ്പറ്റ മണ്ഡലത്തില്‍ മുസ്ലിംലീഗും കോണ്ഗ്രസും തുല്യശക്തികളാണ്. 49 അംഗങ്ങളെ വീതമാണ് ഇരുപാര്‍ട്ടികളും വിജയിപ്പിച്ചെടുത്തത്. ഇതേ കല്‍പറ്റയില്‍ 2015ല്‍ 96 ഇടത്ത് മല്‍സരിച്ച കോണ്ഗ്രസ് 39 സീറ്റായിരുന്നു നേടിയിരുന്നതെങ്കില്‍ മുസ്ലിംലീഗ് കേവലം 64 സീറ്റില്‍ മല്‍സരിച്ച് 43 അംഗങ്ങളെ വിജയിപ്പിച്ചിരുന്നു. കണ്ണൂരിലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ 88 വാര്‍ഡുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസിന്റെ കേവലം 13 സ്ഥാനാര്‍ഥികള്‍ മാത്രമാണ് വിജയിച്ചതെങ്കില്‍ ലീഗിന്റെ 51 അംഗങ്ങളില്‍ 31 പേര്‍ വിജയിച്ചു കയറി. ഇവിടെ കോണ്ഗ്രസിന്റെ വോട്ടു വിഹിതം 15.2 ശതമാനമാണെങ്കില്‍ മുസ്ലിംലീഗിന്റേത് 16.28 ശതമാനമാണ്. ഇടതു കോട്ടയായ കണ്ണൂരിലെ തന്നെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ 23 സീറ്റുകള്‍ മുസ്ലിംലീഗ് നേടിയപ്പോള്‍ 10 സീറ്റുകളിലാണ് കോണ്ഗ്രസ് വിജയിച്ചത്. കാസര്‍കോഡ് ഉദുമയില്‍ 51 സീറ്റില്‍ മുസ്ലിംലീഗ് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ 28 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കോഴിക്കോട് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനവേദിയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമൊപ്പം പി.കെ കുഞ്ഞാലിക്കുട്ടി

ഇവയെല്ലാം മുസ്ലിംലീഗിന് പ്രകടമായ മുന്‍തൂക്കമുണ്ടായിട്ടും കോണ്ഗ്രസ് കൈവശം വെച്ചു പോരുന്ന മണ്ഡലങ്ങളാണെങ്കില്‍ ആനുപാതികമായി ലീഗിന് നല്ല വോട്ടുവിഹിതവും വോരോട്ടവുമുള്ള മണ്ഡലങ്ങള്‍ വേറെയുമുണ്ട്. വണ്ടൂര്‍ മണ്ഡലത്തില്‍ 35 അംഗങ്ങളും, മാനന്തവാടി മണ്ഡലത്തില്‍ 19 അംഗങ്ങളും കണ്ണൂര്‍ മണ്ഡലത്തില്‍ 17 അംഗങ്ങളും പേരാമ്പ്രയില്‍ 18 അംഗങ്ങളും കൊയിലാണ്ടിയില്‍ 29 പേരും മുസ്ലിംലീഗ് പ്രധിനിധികളായി ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയിട്ടുണ്ട്. ഇവയില്‍ മിക്കതിലും കോണ്ഗ്രസുമായി നേരിയ വ്യത്യാസം മാത്രമാണ് വോട്ടുവിഹിതത്തില്‍ കാണാനാവുന്നത്. കണക്കുകളില്‍ വ്യക്തമായ മേല്‍ക്കോയ്മയുള്ള മണ്ഡലങ്ങള്‍ തന്നെ അടിയറവ് വെക്കേണ്ടി വരുമ്പോള്‍ പിന്നെ ഇവയെക്കുറിച്ച് പറയുന്നതില്‍ പ്രസക്തിയില്ല.

ഇടത് കോട്ടയായ നിരവധി പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന കൂത്തുപറമ്പില്‍, സിപിഎമ്മിന് 39.7 ശതമാനം വോട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. എന്നിട്ടും ഈ സിറ്റിംഗ് സീറ്റ് കേവലം 4.74 ശതമാനം വോട്ടുവിഹിതം മാത്രമുള്ള എല്‍ജെഡിക്കാണ് ഇത്തവണ നല്‍കുന്നതെന്നോര്‍ക്കണം. ഇതില്‍ നിന്നും രണ്ട് കാര്യങ്ങളാണ് മനസ്സിലാക്കാനാവുന്നത്. ഒന്ന് ഇടതു മുന്നണിയില്‍ സിപിഐക്കോ മറ്റു ഘടകകക്ഷികള്‍ക്കോ നല്‍കുന്നത്ര പരിഗണന പോലും കണക്കുകള്‍ പ്രകാരം അനുവദിച്ചു നല്‍കാതെ മുന്നണിയെ മുന്നോട്ടു കൊണ്ടുപോവാന്‍ കോണ്്ഗ്രസിനു കഴിയുന്നു. രണ്ടാമതായി, മുസ്ലിംലീഗിന് സ്വന്തമായി മികച്ച ഭൂരിപക്ഷമുള്ളിടങ്ങളിലല്ലാതെ മല്‍സരിക്കാനുള്ള അവസരം തന്നെ ലഭിക്കുന്നത് അപൂര്‍വമാണ്.

ഇത് കേവലം പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെയോ ആധിപത്യത്തിന്റെയോ പ്രശ്‌നമല്ല, മറിച്ച് അര്‍ഹിച്ച അധികാര പങ്കാളിത്തത്തിന്റെയും സാമൂഹ്യ നീതിയുടെയും ആനുപാതിക പ്രാധിനിധ്യത്തിന്റെയുംകൂടി കാര്യമാണ്. സിഎസ്ഡിഎസിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം 1957ല്‍ 12 മുസ്ലിംകളാണ് കേരള നിയമസഭയിലുണ്ടായിരുന്നത്. 1960ല്‍ അത് 19 ആയും 1991ല്‍ 29 ആയും വര്‍ധിച്ചു. കഴിഞ്ഞ രണ്ട് നിയമസഭകളിലും 26 മുസ്ലിംകളാണ് നിയമസഭയിലുള്ളത്. അതായത് ജനസംഖ്യയുടെ 26.5 ശതമാനമുള്ള മുസ്ലിം സമുദായത്തില്‍ നിന്നുള്ള പ്രാധിനിധ്യം കേവലം 18 ശതമാനം മാത്രമാണ്.

ഭരണഘടനപ്രകാരം ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മതിയായ അധികാരവിഭവ പങ്കാളിത്തത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതു കൊണ്ടാണ് ന്യൂനപക്ഷ സമുദായം എല്ലാ മേഖലകളിലും ഏറെ പിന്നിലായിപ്പോയതെന്ന് കണ്ടെത്തിയത് കോണ്ഗ്രസ് തന്നെ മുന്‍കൈയെടുത്ത് നിയമിച്ച രജീന്ദര്‍ സച്ചാര്‍ കമ്മീഷനാണ്. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ തന്നെ ഇല്ലാതാക്കാന്‍ നടക്കുന്ന അതിര്‍ത്തി നിര്‍ണയം അടക്കം പലവിധ തന്ത്രങ്ങളെക്കുറിച്ചദ്ദേഹം വിശദീകരിക്കുന്നുണ്ട്. നിയമസഭയിലേക്കുള്ള മല്‍സരം കേവലം തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടുകള്‍ക്കപ്പുറം മറ്റു പല ഘടകങ്ങളും പ്രസക്തമാവുന്ന തിരഞ്ഞെടുപ്പു കൂടിയാണ്. എങ്കിലും ഈ സാമൂഹിക രാഷ്ട്രീയ സത്യങ്ങളെയും കണക്കുകളെയും യാഥാര്‍ഥ്യങ്ങളെയും മുഴുവനായും തിരസ്‌കരിച്ച് ദീര്‍ഘകാലം മുന്നോട്ട് പോവാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധ്യമല്ല.

 

 

(ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഗവേഷകനാണ് ലേഖകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.