2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാനത്തിന്റെ വിയോഗത്തില്‍ അനുശോചിച്ച് നേതാക്കള്‍

കൊച്ചി: കാനം രാജേന്ദ്രന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മാസങ്ങളായി അസുഖബാധിതനായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. രോഗവിവരങ്ങള്‍ അന്വേഷിച്ച സമയത്ത് ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. മുറിവെല്ലാം ഉണങ്ങുന്നുവെന്നും ആശ്വാസമുണ്ടെന്നും പറഞ്ഞു. ഉടന്‍ ആശുപത്രി വിടാനാവുമെന്നും പ്രവര്‍ത്തനത്തിലെത്താനാവുമെന്നും പറഞ്ഞിരുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

നേരില്‍ കണ്ടതിലും മെച്ചമാണെന്ന് ഇന്നലെ കാനത്തിന്റെ മകന്‍ പറഞ്ഞിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മകനും കാനം വേഗത്തില്‍ ആശുപത്രി വിടുമെന്നാണ് പറഞ്ഞത്. ആകസ്മികമായാണ് മരണ വാര്‍ത്ത കേട്ടത്. കാനം രാജേന്ദ്രന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. പാവപ്പെട്ടവന് വേണ്ടി ഉഴിഞ്ഞുവെച്ച മനുഷ്യായുസാണ് കാനം രാജേന്ദ്രന്റേതെന്നും ഇടതുമുന്നണിക്ക് ശക്തനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്തായിരുന്നു കാനം രാജേന്ദ്രനെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. കാനം രാജേന്ദ്രന്റെ വേര്‍പാടുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. പാര്‍ട്ടിപ്രവര്‍ത്തകരെല്ലാം ഇരുട്ടിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയായതുകൊണ്ട് ഇതിനെ നേരിടാനുള്ള കരുത്ത് സിപിഐക്ക് ഉണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കാനം രാജേന്ദ്രനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. താന്‍ എഐടിയുസി ജനറല്‍ സെക്രട്ടറിയായപ്പോഴാണ് അദ്ദേഹം എഐടിയുസി സംസ്ഥാന സെക്രട്ടറിയായത്. തുടര്‍ന്നാണ് കാനം സജീവരാഷ്ട്രീയത്തില്‍ വീണ്ടും എത്തിയത്.

   

സികെ ചന്ദ്രപ്പന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് കാനത്തിനെ സിപിഐ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മൂന്ന് തവണയാണ് സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നത്. സെക്രട്ടറി സ്ഥാനം വളരെ നന്നായി കൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞു.തന്റെ കൂടെ സഞ്ചരിച്ചപ്പോഴാണ് അദ്ദേഹത്തിന് ആദ്യം ഒരു അപകടം ഉണ്ടായത്. അതില്‍ അദ്ദേഹത്തിന്റെ ഒരു കാലിന് പരിക്കേറ്റിരുന്നു. അന്ന് മുതല്‍ തന്നോട് വന്നതാണ് ഇതിന് കാരണമെന്നും കാനം രാജേന്ദ്രന്‍ പറയുമായിരുന്നെന്ന് സി ദിവാകരന്‍ പറഞ്ഞു.

ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സഖാവ് കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍, തൊഴിലാളിവര്‍ഗ്ഗ ഐക്യത്തെ ബലപ്പെടുത്തുന്നതില്‍, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതില്‍, മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തു രക്ഷിക്കുന്നതില്‍ ഒക്കെ സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രന്‍ നല്‍കിയത്.

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്നുവന്ന കേരളത്തിന്റെ അനിഷേധ്യ നേതാക്കളില്‍ ഒരാളായ കാനം എന്നും നിസ്വജനപക്ഷത്തിന്റെ ശക്തിയും ശബ്ദവുമായി നിന്നു. കരുത്തനായ ട്രേഡ് യൂണിയന്‍ നേതാവ് എന്ന നിലയില്‍ തൊഴിലാളികളുടെ ഐക്യവും അവരുടെ പൊതുവായ ആവശ്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എന്നും ശ്രദ്ധിച്ച നേതാവാണ് കാനം. വിദ്യാര്‍ത്ഥി യുവജന തൊഴിലാളി മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ പല ഘട്ടങ്ങളില്‍ ഉണ്ടായിരുന്നതിന്റെ അനുഭവസമ്പത്ത് സി പി ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് വലിയ അടിത്തറയൊരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളരാഷ്ട്രീയത്തിന് വലിയ നഷ്ടമാണ് കാനത്തിന്റെ വിയോഗമെന്ന് കേന്ദ്രമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്ത് എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റാന്‍ കാനത്തിന് സാധിച്ചു എന്ന് മന്ത്രി അനുസ്മരിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

കാനത്തിന്റെ വിയോഗത്തില്‍ അനുശോചിച്ച് നേതാക്കള്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.