2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എല്‍.ഡി.സി 2024; ജില്ലകള്‍ തെരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്നറിയാമോ? അപേക്ഷിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

എല്‍.ഡി.സി 2024; ജില്ലകള്‍ തെരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്നറിയാമോ? അപേക്ഷിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ എഴുതുന്ന പി.എസ്.സി പരീക്ഷകളിലൊന്നാണ് ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (എല്‍.ഡി.സി). വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള ഇത്തവണത്തെ എല്‍.ഡി.സി നോട്ടിഫിക്കേഷന്‍ കേരള പി.എസ്.സി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. പത്താം ക്ലാസ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരീക്ഷയായത് കൊണ്ടുതന്നെ പി.എസ്.സിക്കാര്‍ക്കിടയിലെ ഗ്ലാമര്‍ പരീക്ഷ തന്നെയാണ് എല്‍.ഡി.സി. പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം ജനുവരി 3 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവും ഉണ്ടായിരിക്കും.

ഏത് ജില്ലയില്‍ അപേക്ഷിക്കണം?
ജില്ലാ അടിസ്ഥാനത്തിലാണ് എല്‍.ഡി.സി നിയമനം നടത്തുന്നത്. അതുകൊണ്ട് തന്നെ ഏത് ജില്ലയില്‍ അപേക്ഷിക്കണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒന്നുകില്‍ സ്വന്തം ജില്ലയില്‍ തന്നെ അപേക്ഷിക്കാം. അതല്ലെങ്കില്‍ മത്സരം കുറവുള്ള (ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറവുള്ള) ജില്ല തിരഞ്ഞെടുക്കലാണ് അഭികാമ്യം. സ്വന്തം സമുദായത്തിന് ഏറ്റവും സാധ്യതയുള്ള ജില്ല നോക്കി തെരഞ്ഞെടുക്കുന്നതും നല്ലതായിരിക്കും.

മത്സരം കുറവുള്ള ജില്ല നോക്കി മാത്രം അപേക്ഷിക്കുന്നത് ചിലപ്പോള്‍ പണി കിട്ടാന്‍ സാധ്യതയുണ്ട്. കാരണം ഓരോ ജില്ലയിലും നടക്കുന്ന നിയമനങ്ങളും കൂടെ പരിഗണിക്കേണ്ടതുണ്ട്. ജില്ലകളില്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്ന അപേക്ഷകളും, നടന്ന നിയമന ശുപാര്‍ശകളുടെ എണ്ണവും പരിഗണിക്കണം. പ്രധാന ജില്ലകളിലെല്ലാം തന്നെ ഒന്നര ലക്ഷത്തിന് മുകളില്‍ അപേക്ഷകര്‍ സാധാരണ ഗതിയില്‍ ഉണ്ടാവാറുണ്ട്. കഴിഞ്ഞ തവണ തലസ്ഥാനത്ത് ഏകദേശം 1.9 ലക്ഷം ആളുകളാണ് പരീക്ഷയെഴുതിയത്.

   

അപേക്ഷ കുറവുള്ള ജില്ലകള്‍
കാസര്‍ഗോഡ്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തില്‍ താഴെ ഉദ്യോഗാര്‍ഥികള്‍ പരീക്ഷത്തെത്തിയത്. പക്ഷെ ഇവിടങ്ങളില്‍ നിയമനങ്ങളും മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണ് നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ നിയമനങ്ങള്‍ കുറവുള്ള ജില്ലകളില്‍ മത്സരിച്ചിട്ടും വലിയ പ്രയോജനമൊന്നും ഉണ്ടാകണമെന്നില്ല. അതുകൊണ്ട് അപേക്ഷക്ക് മുമ്പ് നിയമനങ്ങളും കൂടി പരിഗണിക്കുന്നത് നന്നാവും.

രണ്ടോ മൂന്നോ ജില്ലകളില്‍ ഒരുമിച്ചാകും പരീക്ഷ നടക്കുക. ഒരോ ജില്ലയ്ക്കും വ്യത്യസ്ഥമായ കട്ട് ഓഫ് മാര്‍ക്ക് ആയിരിക്കും. നോര്‍മലൈസേഷന്‍, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ എന്നിവ ഉണ്ടാവുകയുമില്ല. കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കി നിയമനം നടത്തും.

വിജ്ഞാപനം വന്ന സ്ഥിതിക്ക് മേല്‍ പറഞ്ഞ ഘടകങ്ങളെല്ലാം മനസില്‍ വെച്ചുകൊണ്ടായിരിക്കണം നിങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. സിലബസ് അടിസ്ഥാനമാക്കി ഇന്നുമുതല്‍ തന്നെ പഠിച്ച് തുടങ്ങിയാല്‍ നിങ്ങള്‍ക്കും നല്ലൊരു സര്‍ക്കാര്‍ ജോലി നേടായെടുക്കാവുന്നതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.