ന്യൂഡൽഹി: പശുക്കടത്ത് ആരോപിച്ച് ജുനൈദ്, നസീർ എന്ന യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന കേസിലെ പ്രതി ഗോരക്ഷാ തലവൻ മോനു മനേസറും, കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്ന വീഡിയോ കാൾ പുറത്ത്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ ചേരാൻ മോനു മനേസറിന് താത്പര്യമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വീഡിയോ കാൾ ദൃശ്യങ്ങൾ പുറത്തുവരുന്നത്. ലോറൻസ് ബിഷ്‌ണോയ്, സഹായി രാജു ബസോഡി, മോനു മനേസർ. ഭോലു ധാന എന്നിവർ വീഡിയോ കാളിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ.
ഇരുവരും തമ്മില്‍ കൈ ഉയര്‍ത്തിയും സംസാരിക്കുന്നത് 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. വീഡിയോ കാള്‍ ഏത് ദിവസത്തേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇരുവരും തമ്മില്‍ സൗഹൃദം സ്ഥാപിച്ചിരുന്നു എന്നതിന് തെളിവാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് രണ്ടു പേര്‍ക്കൊപ്പം യാത്ര ചെയ്യുകയാണ് മോനു മനേസര്‍.
Breaking: A new video of #MonuManesar and Bholu Dhana having a video call with #LawrenceBishnoi and Raju Basoudiya (Raj Kumar). pic.twitter.com/FT86CbfZrC
— Mohammed Zubair (@zoo_bear) September 16, 2023
ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോലുമായും മോനു മനേസര്‍ സിഗ്‌നല്‍ ആപ്പ് വഴി ബന്ധപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുമായി ഹിന്ദുത്വ സംഘടനാ നേതാവായ മോനു മനേസര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. ജയിലില്‍ നിന്ന് തന്റെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്ന ഗുണ്ടാനേതാവാണ് ലോറന്‍സ് ബിഷ്‌ണോയി. പഞ്ചാബ് സ്വദേശിയായി ലോറന്‍സ് ബിഷ്‌ണോയ് ഒമ്പത് വര്‍ഷമായി ജയിലിലാണ്. 2014ല്‍ രാജസ്ഥാന്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ അറസ്റ്റിലായ ലോറന്‍സ് ബിഷ്‌ണോയിയെ 2022ല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നാലെ 2022ജൂണില്‍ ഇയാളെ പഞ്ചാബ് ഗായകന്‍ സിദ്ദു മൂസെവാലെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ പ്രമുഖ ക്രിമിനല്‍ ശൃംഖലകളുമായി ചേര്‍ന്ന് അന്താരാഷ്ട്ര സിന്‍ഡിക്കേറ്റ് സ്ഥാപിച്ച ഗുണ്ടാനേതാവാണ് ലോറന്‍സ് ബിഷ്‌ണോയ്. ഇയാളുടെ സംഘത്തില്‍പ്പെട്ട പിടികിട്ടാപ്പുള്ളി ഗോള്‍ഡി ബ്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദേശരാജ്യങ്ങളില്‍ ഒളിവിലാണ്.
പശുക്കടത്ത് നടത്തിയെന്നാരോപിച്ച് 2023 ഫെബ്രുവരി 15നായിരുന്നു ജുനൈദ് നസീര്‍ എന്ന യുവാക്കളെ പശുഗുണ്ട മോനു മനേസറിന്റെ സംഘം കൊലപ്പെടുത്തുന്നത്. ഇരുവരെയും തട്ടിക്കൊണ്ടുപോയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ സെപ്തംബര്‍ 12ന് ഇയാളെ ഹരിയാന പൊലിസ് അറസ്റ്റ് ചെയ്യുകയും പിന്നീട് രാജസ്ഥാന്‍ പൊലിസിന് കൈമാറുകയുമായിരുന്നു.
Comments are closed for this post.