2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

നിയമ ദുരുപയോഗത്തിലൂടെ ഇല്ലാതാക്കുന്ന ജീവിതങ്ങള്‍


യു.എ.പി.എയും ദേശീയ സുരക്ഷാ നിയമവും രാജ്യദ്രോഹക്കുറ്റ നിയമവും ദുരുപയോഗിക്കുന്നത് രാജ്യത്ത് വര്‍ധിക്കുകയാണെന്ന് പ്രമുഖ മുന്‍ ന്യായാധിപന്മാര്‍ കഴിഞ്ഞദിവസം തുറന്നുപറയുകയുണ്ടായി. കെട്ടിച്ചമയ്ക്കുന്ന കേസുകളിലൂടെ വ്യക്തികളെ മാസങ്ങളോളം ജയിലിലിടുന്ന പ്രവണതയും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ന്യൂഡല്‍ഹിയില്‍ സെന്റര്‍ ഫോര്‍ ലീഗല്‍ ചേഞ്ച് സംഘടിപ്പിച്ച വെബ് സെമിനാറില്‍ പങ്കെടുത്തുകൊണ്ടാണ് സുപ്രിംകോടതിയിലെ മുന്‍ ന്യായാധിപന്മാരായ ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, എ.കെ പട്‌നായിക്ക്, ജസ്തി ചെലമേശ്വര്‍, എ.കെ സിക്രി എന്നിവര്‍ ആശങ്ക പങ്കുവച്ചത്. ജമ്മുകശ്മിര്‍ മുന്‍ ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, അപൂര്‍വാനന്ദ്, സുപ്രിംകോടതി അഭിഭാഷകനും പ്രമുഖ ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍, അര്‍ജുന പ്രകാശ് തുടങ്ങിയവരും അഭിപ്രായപ്രകടനം നടത്തിയ സെമിനാര്‍ ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ അനാവരണം ചെയ്യുന്നതായിരുന്നു.
സി.ബി.ഐ, ഇ.ഡി, എന്‍.ഐ.എ എന്നീ ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തിയാണ് നിരപരാധികളെ ജയിലറകള്‍ക്കുള്ളില്‍ തള്ളുന്നത്. മാസങ്ങളും വര്‍ഷങ്ങളും വിചാരണയില്ലാതെ ഇവര്‍ തടവറകളില്‍ കഴിയേണ്ടിവരികയാണ്. അവസാനം നിരപരാധികളെന്ന് കോടതി കണ്ടെത്തുമ്പോഴേക്കും പലരുടെയും ആയുസിന്റെ പകുതിഭാഗവും കഴിഞ്ഞിട്ടുണ്ടാകും. ചെയ്യാത്ത കുറ്റത്തിനാണല്ലോ ഇത്രയുംകാലം ജയിലില്‍ കിടന്നതെന്ന ചിന്ത അവരുടെ മനസിന്റെ താളംതെറ്റിക്കുകയും ചെയ്യും.

നിരപരാധികളെ പീഡിപ്പിക്കുന്ന മര്‍ദക ഭരണകൂടങ്ങളില്‍ നിന്ന് ഇത്തരക്കാര്‍ക്ക് വലിയതോതിലുള്ള നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ട്. നഷ്ടപരിഹാരം കൊണ്ട് പരിഹരിക്കാവുന്നതല്ല നിരപരാധികള്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങളെങ്കിലും ഭരണകൂട ഭീകരതയ്ക്ക് പാഠമാകുംവിധം കനത്ത നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരുകള്‍ക്കുമേല്‍ കോടതിവിധികള്‍ ഉണ്ടാകണം. 2018ല്‍ മാത്രം എഴുപതോളം കെട്ടിച്ചമച്ച കേസുകള്‍ ഉണ്ടായിയെന്ന് ജഡ്ജിമാര്‍ തന്നെ സമ്മതിക്കുന്ന പശ്ചാത്തലത്തില്‍ നിരപരാധികളെ കള്ളക്കേസ് ചുമത്തി ജയിലിലിടുന്ന അധികാരമുഷ്‌ക്കിന് അന്ത്യമുണ്ടാകണം.

ഭീമ കൊറേഗാവ് സംഭവത്തില്‍ ഇടപെട്ട മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേയും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരേയും ഡല്‍ഹി വംശഹത്യാക്കേസില്‍ കള്ളക്കേസുകള്‍ തകൃതിയായി ചമച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര ഭരണകൂടം. രാജ്യത്തെ സമുന്നത രാഷ്ട്രീയ നേതാക്കളെയും ജെ.എന്‍.യു, ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി നേതാക്കളെയും ഇതിനകംതന്നെ ഡല്‍ഹി വംശഹത്യാ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഷര്‍ജില്‍ ഇമാം, ഉമര്‍ ഖാലിദ് തുടങ്ങിയ ആക്ടിവിസ്റ്റുകളും കള്ളക്കേസ് ചുമത്തപ്പെട്ട് ഇന്ന് ജയിലറകള്‍ക്കുള്ളിലാണ്. ഇതില്‍ ഏറ്റവുമവസാനത്തേതാണ് ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന്‍ ഡോ. ഹാനിബാബു അടക്കമുള്ളവര്‍ക്കെതിരേയുള്ള നീക്കം. ഭീമ കൊറേഗാവ് സംഭവം ദലിതര്‍ക്കുനേരെ സംഘ്പരിവാര്‍ നടത്തിയ അക്രമമാണെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായതാണ്. അംബേദ്ക്കറുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഡോ. ഹാനിബാബു. ഡല്‍ഹി സര്‍വകലാശാലയിലെ ഒ.ബി.സി അട്ടിമറി വിവരാവകാശ നിയമത്തിലൂടെ പുറത്തുകൊണ്ടുവന്ന വ്യക്തിയും കൂടിയാണദ്ദേഹം. അതിലുള്ള അരിശമാണ് യു.എ.പി.എ ചുമത്തി കേസെടുത്തതിനുപിന്നില്‍.
സാമൂഹ്യനീതിക്കായി പോരാടുന്നവരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന അന്വേഷണ ഏജന്‍സികളില്‍ പ്രമുഖ സ്ഥാനത്ത് ഇപ്പോഴുള്ളത് എന്‍.ഐ.എയാണ്. ഭീകരവാദവും തീവ്രവാദവും ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നവരെ കോടതികള്‍ നിരപരാധികളെന്ന് കണ്ടെത്തി ജയില്‍മോചിതരാക്കുന്നതും ഇതോടൊപ്പം ഉണ്ടാകുന്നുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളത്ത് ഏതാനുംപേര്‍ പരസ്യമായി നടത്തിയ സെമിനാര്‍ രഹസ്യ ക്യാംപായി ചിത്രീകരിച്ച് അഞ്ചുപേര്‍ക്കെതിരേ എന്‍.ഐ.എ കേസെടുത്തത് കള്ളക്കേസായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഹൈക്കോടതി വിധി വന്നത് കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ്. ചെയ്യാത്ത കുറ്റത്തിനാണ് ഇവര്‍ ജയിലില്‍ കഴിഞ്ഞത്.

അലനും താഹയും മാവോയിസ്റ്റുകളാണെന്ന് കുറ്റപ്പെടുത്തി കേരള പൊലിസ് അറസ്റ്റ് ചെയ്തതിന്റെ മറ്റൊരു പതിപ്പായിരുന്നു പാനായിക്കുളം കേസ്. രണ്ടിലും എന്‍.ഐ.എക്ക് വഴിയൊരുക്കാന്‍ കേരള പൊലിസ് കൂട്ടുനിന്നു. മാവോയിസ്റ്റ് സി.പി ജലീലിനെ വെടിവച്ചുകൊന്നത് പൊലിസിനെ വെടിവച്ചതിനെ തുടര്‍ന്നായിരുന്നില്ലെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നതിലും വെടിവച്ചുകൊല്ലുന്നതിലും എന്‍.ഐ.എയും കേരള പൊലിസും തമ്മില്‍ വലിയ വ്യത്യാസമില്ല. കേരള പൊലിസും അടുത്തകാലത്തായി ഇത്തരം ക്രൂരതകള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്. വൈത്തിരിക്കുശേഷം നിലമ്പൂരിലും മാവോയിസ്റ്റുകളെ ആത്മരക്ഷാര്‍ഥം വെടിവച്ചുകൊന്നുവെന്നായിരുന്നു പൊലിസ് ഭാഷ്യം. എന്നാല്‍, വസ്തുതാന്വേഷണ സംഘം സ്ഥലം സന്ദര്‍ശിച്ച് നടത്തിയ അന്വേഷണത്തില്‍ ഏറ്റുമുട്ടലിന്റെ ലാഞ്ചനപോലും കണ്ടെത്തിയില്ല. ഏറ്റുമുട്ടലില്‍ ഒരു പൊലിസുകാരനുപോലും ചെറിയ മുറിവ് ഉണ്ടായില്ല.
രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തിയാണ് നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസുകള്‍ എടുത്തുകൊണ്ടിരിക്കുന്നത്. ഈ കള്ളക്കേസുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സംഘ്പരിവാര്‍ രാജ്യത്ത് ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നത്. ഇത്തരം കേസുകള്‍ കോടതി തള്ളിക്കളയുമ്പോഴേക്കും മുസ്‌ലിം വിരുദ്ധ ശക്തികള്‍ അവരുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കും. കെട്ടിച്ചമച്ച കേസുകളില്‍പ്പെട്ട് ജാമ്യംപോലും കിട്ടാതെ നൂറുകണക്കിന് നിരപരാധികള്‍ ഇപ്പോഴും അന്യായമായി തടവില്‍ കഴിയുന്നുണ്ട്. നിരപരാധികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ട ബാധ്യത കോടതികള്‍ക്കുണ്ടെന്നുപറയുന്നത് രാജ്യത്തെ മുതിര്‍ന്ന മുന്‍ ന്യായാധിപന്മാര്‍ തന്നെയാണ്. കള്ളക്കേസുകളില്‍ ജാമ്യംപോലും കിട്ടാതെ ജയിലില്‍ കഴിയുന്നവര്‍ക്കുവേണ്ടി ഇനിയും ന്യായാധിപ കൂട്ടായ്മയുടെ ശബ്ദം ഉയര്‍ന്നുവരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമ്മുടെ രാജ്യത്തിന് ജനാധിപത്യ, മതേതര രാഷ്ട്രമെന്ന നിലയില്‍ നിലനില്‍ക്കാന്‍ അര്‍ഹതയുണ്ടാവുകയുള്ളൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.