നോയിഡ: എലിയെ ബൈക്ക് കയറ്റിക്കൊന്ന യുവാവിനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പൊലിസ് അറസ്റ്റ്. നോയിഡ മാമുറയിലെ സൈനുൽ ആബിദീൻ (24) എന്ന യുവാവാണ് ഞായറാഴ്ച അറസ്റ്റിലായത്. ഒരുമാസം മുമ്പ് സൈനുൽ ആബിദീൻ ബൈക്ക് ഓടിക്കവേ, റോഡിന് കുറുകെ വന്ന എലിയെ കൊന്നിരുന്നു. ബൈക്ക് മുന്നോട്ടും പിന്നോട്ടും എടുത്താണ് കൊന്നത്. ഇതിന്റെ വിഡിയോ അജ്ഞാതൻ മൊബൈലിൽ പകർത്തിയത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.
‘വിഡിയോയിൽ കണ്ടയാൾ സൈനുൽ ആബിദീൻ ആണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു, അയാൾക്കെതിരെ ഐ.പി.സി സെക്ഷൻ 290 പ്രകാരം കേസെടുത്തു. ജൂലൈ 23 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്’ സബ് ഇൻസ്‌പെക്ടർ വിനീത് കുമാർ ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തോട് പറഞ്ഞു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇയാളുടെ സഹോദരനെ ആള്‍ക്കൂട്ടം വീട്ടില്‍ കയറി മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ രണ്ടു പേരേയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, എലിയെ കൊന്നതിനല്ല, ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയതിനാണ് സൈനുലിനെതിരെ കേസെടുത്തതെന്ന് സ്റ്റേഷനിലെ ഹൗസ് ഓഫിസര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംഭവം വിവാദമായതോടെ അറസ്റ്റ് നടപടി പിന്‍വലിച്ച് അദ്ദേഹത്തെ വെറുതെ വിടാന്‍ ഗൗതം ബുദ്ധ നഗര്‍ പൊലിസ് കമീഷണര്‍ ലക്ഷ്മി സിങ് ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടവരെ കുറിച്ച് സെന്‍ട്രല്‍ നോയിഡയിലെ ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ അനില്‍ കുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ എലിയെ ഇഷ്ടികയില്‍ കെട്ടി അഴുക്കുചാലില്‍ എറിഞ്ഞതിന് യുവാവിനെതിരെ കേസെടുത്തിരുന്നു. മൃഗാവകാശ പ്രവര്‍ത്തകന്‍ പൊലിസില്‍ നല്‍കിയ പരാതി പ്രകാരം പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ 429 (കന്നുകാലികളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക), മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെയും മാധ്യമങ്ങളില്‍ വന്ന വിഡിയോകളുടെയും അടിസ്ഥാനത്തില്‍ യുപി പൊലിസ് ‘ബദൗന്‍ എലിക്കൊല’ കേസില്‍ 30 പേജുള്ള കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ചത്ത എലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സഹിതമുള്ള കുറ്റപത്രം ഈ വര്‍ഷം ഏപ്രിലിലാണ് സമര്‍പ്പിച്ചത്.
law-catches-up-with-noida-youth-who-crushed-a-mouse-to-death
Comments are closed for this post.