
കൊച്ചി: ലാവ്ലിന് കേസിലും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പിടിമുറുക്കുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് ഇ.ഡിയും സസ്ഥാന സര്‍ക്കാരും തമ്മില്‍ പോര്‍മുഖം തുറന്നതിനുപിന്നാലെയാണ് ലാവ്ലിനിലേക്കും ഇ.ഡിയുടെ ഇടപെടല്‍ വരുന്നത്.
ലാവ്ലിന് കേസുമായി ബന്ധപ്പെട്ട് 2006ല്‍ നല്കിയ പരാതിയില്‍ ക്രൈം പത്രാധിപര്‍ ടി.പി നന്ദകുമാറിനാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നോട്ടിസ് അയച്ചത്. ഇന്ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി ഡെപ്യൂട്ടി ഡയരക്ടര്‍ വികാസ് സി മേത്തയാണ് നോട്ടിസ് അയച്ചത്.
ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് 15 വര്‍ഷം മുമ്പ് നല്കിയ പരാതിയിലാണ് ഹാജരായി, തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാണിച്ചാണ് നന്ദകുമാര്‍ അന്ന് ഡി.ആര്.ഐക്ക് കത്തയച്ചത്.
ഇ.ഡി ആവശ്യപ്പെട്ട സ്ഥിതിക്ക് ഇന്നുതന്നെ ഹാജരായി തന്റെ പക്കലുള്ള തെളിവുകള്‍ കൈമാറുമെന്ന് നന്ദകുമാര്‍ അറിയിച്ചു. കോഴിക്കോട്ടെ തന്റെ ഓഫിസ് ഒരുപറ്റം അക്രമികള്‍ എസ്.എന്‍.സി ലാവ്ലിന്, കവിയൂര്‍ ഉള്‍പ്പെടെയുള്ള കേസുകളുടെ തെളിവുകള്‍ നശിപ്പിക്കുന്നതിനു തീയിട്ടിരുന്നു. ഇതില്‍ കത്തിനശിക്കാത്ത തെളിവുകള്‍ ഇ.ഡിക്ക് കൈമാറുമെന്നും നന്ദകുമാര്‍ പറഞ്ഞു.