
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റിവെച്ചു. ഏപ്രില്‍ ആറിലേക്കാണ് കേസ് മാറ്റിവെച്ചത്. കേസ് വീണ്ടും മാറ്റിവെക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. കേസ് സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയ ശേഷം ഇരുപതിലധികം തവണ പരിഗണിച്ചെങ്കിലും വാദം കേള്‍ക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.
കേസില്‍ വാദം തുടങ്ങാന്‍ തയ്യാറാണെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം.
ഹൈക്കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ തള്ളിയ കേസ് ആയതിനാല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ കേസില്‍ തുടര്‍വാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ലളിതിന് പുറമേ, മലയാളി യായ ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവരാണ് ബഞ്ചിലുള്ളത്.