തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തംകഠിനതടവും 1,65,000 രൂപ പിഴയും ശിക്ഷ. പിഴത്തുക കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരിക്കു നൽകണം. തിരുവനന്തപുരം ഒന്നാം അഡി. സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വെള്ളാര്‍ പനത്തുറ സ്വദേശികളായ ഉമേഷ്(28), ഉദയകുമാര്‍(24) എന്നിവരാണ് പ്രതികള്‍. ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളുവു നശിപ്പിക്കല്‍, ലഹരിമരുന്നു നല്‍കി ഉപദ്രവം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.ജീവപര്യന്തം തടവ് ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ശിക്ഷ വിധിക്കും മുന്‍പ് കോടതിയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. തങ്ങള്‍ നിരപരാധികളാണെന്നും തങ്ങളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും പ്രതികള്‍ കോടതിമുറിയില്‍ വച്ച് വിളിച്ചുപറഞ്ഞു. യഥാര്‍ഥ കുറ്റക്കാര്‍ തങ്ങളല്ലെന്നും സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് നിന്നും ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്നും പ്രതികള്‍ വിളിച്ചുപറഞ്ഞു. എന്നാല്‍, കോടതി വിധിപ്രസ്താവം ആരംഭിക്കുകയായിരുന്നു.
നാല് വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. ഇക്കഴിഞ്ഞ നവംബർ 5 നാണ് വിചാരണ തുടങ്ങിയത്. 18 സാഹചര്യ തെളിവുകൾ, 30 സാക്ഷികൾ എന്നിവ ആധാരമാക്കിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു.
2018 ഫെബ്രുവരി മൂന്നിനാണ് ലാത്വിയന്‍ യുവതി പോത്തന്‍കോട് അരുവിക്കോണത്തെ ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ വിഷാദരോഗ ചികിത്സയ്ക്കായി എത്തിയത്. ഇവിടെനിന്ന് മാര്‍ച്ച് 14 ന് ഇവരെ കാണാതാവുകയായിരുന്നു. പിന്നീട് ഏപ്രില്‍ 20 നാണ് കോവളം വാഴമുട്ടത്തെ കൂനംതുരുത്തിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
ഉമേഷും സുഹൃത്തായ ഉദയനുമൊത്ത് യുവതിക്ക് ലഹരിമരുന്ന് നല്‍കി കാട്ടിനുള്ളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബോധം വീണ്ടെടുത്ത യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലിസ് ഭാഷ്യം.
Comments are closed for this post.