2021 March 05 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രവാസികള്‍ക്കായി ബഹ്റൈനില്‍ ആശ്വാസ പ്രഖ്യാപനം.. ഹെല്‍ത്ത് സെന്‍ററുകളിലെ ഫീസ് രണ്ടു മാസത്തേക്ക് കൂടി ഒഴിവാക്കി

ഇതോടെ പത്തു മാസത്തെ ഫീസാണ് പ്രവാസികള്‍ക്ക് സൗജന്യമായിരിക്കുന്നത്.

ഉബൈദുല്ല റഹ് മാനി

മനാമ: ബഹ്റൈനിലെ പ്രവാസികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം. രാജ്യത്തെ ഹെൽത്ത് സെൻററുകളിൽ പ്രവാസികൾക്ക് നിശ്ചയിച്ചിട്ടുള്ള പരിശോധന ഫീസ് 7 ദീനാർ(ഏകദേശം 1400രൂപ) രണ്ടു മാസത്തേക്കുകൂടി നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ്‌ പശ്ചാത്തലത്തിൽ 2020 ഏപ്രിൽ 9 മുതല്‍ രാജ്യത്തെ ഹെൽത്ത് സെൻററുകളിൽ വിദേശികൾക്കുള്ള പരിശോധന ഫീസ് ഒഴിവാക്കിയിരുന്നു. ഈ പ്രഖ്യാപനത്തോടെ രാജ്യത്തെ പ്രവാസികള്‍ക്ക് പത്തു മാസത്തേക്കാണിപ്പോള്‍ അധികൃതര്‍ ആശ്വാസം നല്‍കിയിരിക്കുന്നത്. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന സർക്കാർ ഏകോപന സമിതി യോഗത്തിലാണ് ഈ തീരുമാനം.

പബ്ലിക് ഹെൽത്ത് സെൻററുകളിൽ പരിശോധന നടത്താൻ വിദേശികളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി കൊവിഡ്‌ കേസുകൾ നേരേത്ത കണ്ടെത്താൻ കഴിയുമെന്നും അധിക‍ൃതര്‍ കരുതുന്നു. കൊവിഡ്‌ പ്രതിരോധനടപടികളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും നൽകിയ മുൻകരുതൽ നിർദേശങ്ങൾ രണ്ടു മാസത്തേക്കുകൂടി ദീർഘിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സാമൂഹിക അകലം, മാസ്ക് ധരിക്കൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതലുകൾ രണ്ടു മാസത്തേക്കുകൂടി പാലിക്കണം. വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകിയിട്ടുള്ള മുൻകരുതൽ നിർദേശങ്ങളും രണ്ടു മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഇതോടൊപ്പം എല്ലാവരും ഫേസ് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വലിയ കൂട്ടായ്മകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചിട്ടുണ്ട്. ഇതുവഴി രോഗവ്യാപനം തടയാൻ കഴിയും. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ്‌ കേസുകൾ രാജ്യത്ത് കൂടുതലായി കണ്ടെത്തിയിരുന്നു. ഡിസംബറിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ഉണ്ടായിരുന്നതിനേക്കാൾ അധികമാണ് അവസാന ആഴ്ച റിപ്പോർട്ട് ചെയ്ത പ്രതിദിന കേസുകളെന്നാണ് വിലയിരുത്തല്‍. ഇതേത്തുടർന്ന്, പുതുവത്സരാഘോഷങ്ങളിൽ കർശനമായ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.