2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘വോട്ടിനു വേണ്ടി വാക്സിനെ ആയുധമാക്കുന്ന ലോകത്തെ ആദ്യ പാര്‍ട്ടി’: ബിജെപി പ്രകടന പത്രികക്കെതിരേ പ്രതിഷേധം മുറുകുന്നു

പട്ന: ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി അവതരിപ്പിച്ച പ്രകടനപത്രികയ്ക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. കൊവിഡ് വാക്സിനെ രാഷ്ട്രീയായുധമാക്കിക്കൊണ്ടായിരുന്നു ബീഹാറില്‍ ബി.ജെ.പിപുറത്തിറക്കിയ പ്രകടന പത്രിക.

തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ബി.ജെ.പിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

കൊവിഡ് വാക്സിന്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി കാണുന്നതിന് പകരം തെരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപി. കൊവിഡിനൊപ്പം ബി.ജെ.പിയുടെ വൃത്തികെട്ട മാനസികാവസ്ഥയ്ക്കും പരിഹാരം ആവശ്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജെയ്വര്‍ ഷെര്‍ഗില്‍ പറഞ്ഞു.

രോഗവും മരണവും ഉണ്ടാക്കുന്ന ഭയം വില്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് വാക്സിനില്‍ രാഷ്ട്രീയ കളിച്ചതോടെ മനസ്സിലായെന്നും ആര്‍.ജെ.ഡി പറഞ്ഞു. ബീഹാറിലെ ജനങ്ങള്‍ ആത്മാഭിമാനമുള്ളവരാണെന്നും കുട്ടികളുടെ ഭാവി പണയം വെയ്ക്കരുതെന്നും രാഷ്ട്രീയ ജനതാദള്‍ ട്വീറ്റ് ചെയ്തു.

ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭിക്കില്ലേ എന്നാണ് ആം ആദ്മി പാര്‍ട്ടി ചോദിച്ചത്. അതേസമയം, കൊവിഡ് -19 വാക്സിന്‍ വരുന്നതിന് മുന്‍പ് തന്നെ അത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാറിയിരിക്കുന്നെന്നും എല്ലാ സംസ്ഥാനങ്ങളോടും ഒരുപോലെ കാണേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നുമാണ് ശിവസേന ചോദിച്ചത്.

കൊറോണ വൈറസ് വാക്സിന്‍ വലിയതോതില്‍ ലഭ്യമാകുമ്പോള്‍, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്സിനേഷന്‍ ലഭിക്കുമെന്നാണ് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

അതേസമയം, ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിന്റെ പ്രഖ്യാപിച്ചിരുന്നു

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.