ചെന്നൈ ഗ്ലോബല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ മിന്നല്‍ പരിശോധന
ചെന്നൈ: അമേരിക്കയില്‍ ഇന്ത്യന്‍ നിര്‍മിത ഐ ഡ്രോപ്‌സ് കണ്ണില്‍ ഉറ്റിച്ചതോടെ അണുബാധയുണ്ടായി 11 രോഗികള്‍ക്ക് കാഴ്ച നഷ്ടമാവുകയും ഒരാള്‍ മരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. മരുന്നിന് യു.എസ് വിലക്ക് ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് ചെന്നൈ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റിയിലെയും തമിഴ്‌നാട്ടിലെ ഡ്രഗ് കണ്‍ട്രോളറിലെയും അംഗങ്ങള്‍ മിന്നല്‍ പരിശോധന നടത്തി.
11 പേര്‍ക്ക് കാഴ്ചനഷ്ടവും രക്തപ്രവാഹത്തിലെ അണുബാധ മൂലം ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച പരിശോധന പുലര്‍ച്ചെ രണ്ടു മണിക്ക് അവസാനിച്ചതായി തമിഴ്‌നാട് ഡ്രഗ്‌സ്് കണ്‍ട്രോളര്‍ ഡോ: പി.വി വിജയലക്ഷ്മി അറിയിച്ചു. മരുന്ന് നിര്‍മിക്കാന്‍ ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളും യു.എസിലേക്ക് അയച്ച ബാച്ചുകളില്‍ നിന്നുള്ള സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
കണ്ണിലൊഴിക്കുന്ന ലായനികളുടെ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊട്ടിച്ച മരുന്നുകളുടെ സാംപിളുകളുടെ പരിശോധനയാണ് യു.എസ് അധികൃതര്‍ പൂര്‍ത്തിയാക്കിയതെന്നും തുറക്കാത്ത സാമ്പിളുകളുടെ യു.എസില്‍ നിന്നുള്ള അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തങ്ങളുടെ അന്വേഷണം തുടരുമെന്നും ഡോ: വിജയലക്ഷ്മി പറഞ്ഞു. മരുന്ന് നിര്‍മാണത്തിനും കയറ്റുമതിക്കും സാധുവായ ലൈസന്‍സ് പ്ലാന്റിനുണ്ടെന്ന് അവര്‍ സ്ഥിരീകരിച്ചു.
സഹകരിച്ചു നീങ്ങുകയാണെന്ന് ഗ്ലോബല്‍ ഫാര്‍മ പ്രതികരിച്ചു. ഉല്‍പന്നം ഉപയോഗിക്കുന്നത് നിര്‍ത്താന്‍ യു.എസിലെ ഉപഭോക്താക്കളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മരുന്നുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ടെന്നും പ്രതികൂല ഫലങ്ങള്‍ നേരിടുന്നവര്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും അവര്‍ സജ്ജീകരിച്ച പോര്‍ട്ടലിലോ ടെലിഫോണ്‍ ഹെല്‍പ്പ് ലൈനിലോ റിപ്പോര്‍ട്ട് ചെയ്യണമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
മരുന്ന് ഉപയോഗിച്ചതോടെ യു.എസിലെ 12ഓളം സ്‌റ്റേറ്റുകളിലായി കുറഞ്ഞത് 55 പേരെയെങ്കിലും ഇത് ദോഷകരമായി ബാധിച്ചെന്നാണ് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്.ഡി.എ) കണ്ടെത്തല്‍. ബാക്ടീരിയ മൂലമുള്ള അണുബാധ 11 പേരെ ബാധിച്ചെന്നും അഞ്ച് പേര്‍ക്കെങ്കിലും സ്ഥിരമായി കാഴ്ച നഷ്ടപ്പെട്ടതായും സി.ഡി.സി (യു.എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍) യെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മരുന്ന് രക്തത്തിലും ശ്വാസകോശത്തിലും മുറിവുകളിലും അണുബാധയ്ക്ക് കാരണമാവുന്നുവെന്നാണ് കണ്ടെത്തല്‍.
ഇന്ത്യന്‍ നിര്‍മിത ചുമ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഗാംബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കഫ് സിറപ്പ് നിരോധിച്ച് ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് പുതിയ സംഭവ വികാസങ്ങള്‍.
Comments are closed for this post.