2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കശ്മീരില്‍ അറസ്റ്റിലായ ലഷ്‌കര്‍ ഇ.തൊയ്ബ ഭീകരന്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകന്‍; താലിബ് ഹുസൈനില്‍ നിന്നും രണ്ട് എ.കെ 47തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു,വെട്ടിലായി ബി.ജെ.പി

  • പാര്‍ട്ടിയില്‍ ഓണ്‍ലൈനായി അംഗത്വം നല്‍കുന്നതിന്റെ അപകടമാണിതെന്ന് ബി.ജെ.പി വക്താവ്

ശ്രീനഗര്‍: കശ്മീരില്‍ ഇന്ന് അറസ്റ്റിലായ ലഷ്‌കര്‍ ഇ.തൊയ്ബ ഭീകരന്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകന്‍. അറസ്റ്റിലായ താലിബ് ഹുസൈനില്‍ നിന്നും കൂട്ടാളിയില്‍ നിന്നും രണ്ട് എ.കെ 47തോക്കുകളും ഗ്രനേഡുകളും വെടിയുണ്ടകളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജമ്മു കശ്മീര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്കൊപ്പം താലിബ് ഹുസൈന്‍ ഷാ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ജമ്മു റിയാസി പ്രദേശത്തെ ഗ്രാമീണര്‍ പിടികൂടിയാണ് ഇയാളെ പൊലിസില്‍ ഏല്‍പിച്ചത്. താലിബ് ഹുസൈന്‍ ഷായാണ് ബി.ജെ.പിയുടെ ജമ്മു ന്യൂനപക്ഷ മോര്‍ച്ചയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിന് നേതൃത്വം വഹിച്ചിരുന്നതെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച് ജമ്മുകശ്മീര്‍ ന്യൂനപക്ഷ മോര്‍ച്ച പുറത്തിറക്കിയ ഉത്തരവും എന്‍.ഡി ടിവി പുറത്തുവിട്ടു. ഷായുടെ വിലാസം ഉള്‍പ്പെടെയാണ് പാര്‍ട്ടി ഉത്തരവിലുള്ളത്.

മെയ് ഒമ്പതിനാണ് താലിബ് ഹുസൈന്‍ ഷായെ ബി.ജെ.പി ജമ്മു പ്രവിശ്യയുടെ ഐ.ടി -സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജായി നിയമിച്ചത്.
അതേ സമയം കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാതെ പാര്‍ട്ടിയില്‍ ഓണ്‍ലൈനായി അംഗത്വം നല്‍കുന്നതിന്റെ അപകടമാണിതെന്ന് ബി.ജെ.പി വക്താവ് ആര്‍.എസ് പത്താനിയ ആരോപിച്ചു. ‘പുതിയ ഒരു വിഷയമാണ് ഈ സംഭവത്തോടെ ഉയര്‍ന്ന് വന്നിരിക്കുന്നത്. പുതിയൊരു മാതൃകയാണിത്. ബി.ജെ.പിയില്‍ പ്രവേശിക്കുക, വിവരങ്ങള്‍ നേടുക, ശത്രു സങ്കേതം പരിശോധിക്കുക. നേതൃത്വത്തിലുള്ളവരെ കൊല്ലാന്‍ വരെ പദ്ധതിയിട്ടിരുന്നു. പൊലിസാണ് ആ നീക്കം തകര്‍ത്തത്.’ ബി.ജെ.പി നേതാവ് പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.