2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഭാഷാ സമരത്തിന് നാല് പതിറ്റാണ്ട് 

ജൂലൈ 30:ഭാഷ സമര അനുസ്മരണ ദിനം

എം.എ സമദ് കൊല്ലം

കേരളപ്പിറവിക്ക് മുമ്പ് തന്നെ അറബി ഭാഷ പഠനം നിലവില്‍ വന്ന ഒരു പ്രദേശമാണ് നമ്മുടെ സംസ്ഥാനം. അറബി ഭാഷ ഇന്ന് കേരളത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഭാഷയായി മാറിയിരിക്കുന്നു.
1980 ലെ ഇടതുപക്ഷ സര്‍ക്കാര്‍ അറബി ഉള്‍പ്പെടെയുള്ള ഭാഷകള്‍ക്കെതിരെ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ മറവില്‍ കൊണ്ട് വന്ന ഉത്തരവില്‍ മൂന്ന് നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ബേബി ജോണ്‍ ആണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി. അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍ ഇതായിരുന്നു ആ മൂന്ന് നിബന്ധനകള്‍ .

അറബി ഉള്‍പ്പെടെയുള്ള ഭാഷകള്‍ക്ക് തികച്ചും പ്രതികൂലമായിരുന്നു ആ നിബന്ധനകള്‍ . ഈ മൂന്ന് കാര്യങ്ങളും ഭാഷാ പഠനത്തെ നിരുത്സാഹപ്പെടുത്തുന്നതാണെന്നും, മുഖ്യധാരാ വിദ്യാഭ്യാസത്തില്‍ നിന്നും ഭാഷാ പഠനത്തെ പുറകോട്ടുവലിക്കുന്നതിന് മാത്രമേ ഇത് ഉപകരിക്കൂ എന്നും തിരിച്ചറിഞ്ഞ അറബി അധ്യാപക സംഘടനകള്‍ നിവേദനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും വിഷയം അധികാരികളെ ധരിപ്പിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും ഫലം കണ്ടില്ല.

സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ പ്രബല അറബി അധ്യാപക സംഘടനകളായ കെ.എ.എം.എ യും (കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ) കെ.എ .ടിഎഫും (കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ) മറ്റല്ലാ ഭിന്നതകള്‍ക്കും അവധി നല്‍കിക്കൊണ്ട് പ്രത്യക്ഷ സമര പരിപാടികള്‍ സംയുക്തമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അന്ന് കെ.എ.എം എ യുടെ സംസ്ഥാന പ്രസിഡന്റ് എ ഇബ്രാഹിം മാഷ് കൊയിലാണ്ടിയും ജനറല്‍ സെക്രട്ടറി ഈ വിനീതനുമാണ്. സമര പരിപാടികള്‍ തീരുമാനിക്കുന്നതിനായി കോഴിക്കോട് ഇംപീരിയല്‍ ഹോട്ടലില്‍ യോഗം ചേര്‍ന്നു.

എ. ഇബ്രാഹിം മാഷിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. രണ്ട് സംഘടനകളുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആ യോഗത്തില്‍ പങ്കെടുത്തു. 1980 ജൂലായ് 4 ന് സെക്രട്ടേറിയറ്റ് വളയാനും പ്രതിഷേധ ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു. അടുത്ത യോഗം തിരുവനന്തപുരത്ത് തമ്പാനൂര്‍ വുഡ്‌ലാന്റ് ലോഡ്ജിലായിരുന്നു. ഇരു സംഘടനാ നേതാക്കളും പങ്കെടുത്തു. സമരത്തിന്റെ അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. സെക്രട്ടേറിയറ്റ് ധര്‍ണ്ണ മഹാനായ സി എച്ച് ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു പൊതുവെ എല്ലാവര്‍ക്കും ധാരണ. യോഗത്തിന് മുമ്പ് അഹമ്മദാലി മദനി എന്നോട് സ്വകാര്യമായി കരുവള്ളി ഉദ്ഘാടനം ചെയ്യട്ടെ എന്ന് അഭിപ്രായം പറഞ്ഞു. ഞാന്‍ പറഞ്ഞു പറ്റില്ല ഉദ്ഘാടനം സി എച് തന്നെ ചെയ്യണം. അപ്പോള്‍ അഹമ്മദലി മദനി പറഞ്ഞു ജാഥ തുടങ്ങുന്ന കിഴക്കേക്കോട്ടയില്‍ ഒരു ഉദ്ഘാടനം അത് കരുവള്ളി നടത്തട്ടെയെന്ന്. അതംഗീകരിച്ചു.

ജൂലായ് 4 ന് കേരളത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും അറബി അധ്യാപകര്‍ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തി. സംസ്ഥാന പ്രതിപക്ഷ നേതാവ് കെ.കരുണാകരന്‍ സാക്ഷ്യം വഹിക്കവെ തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് സ്റ്റാന്റേഡ് റെഷീദ് സാഹിബില്‍ നിന്നും സമരസമിതി കണ്‍വീനറായ ഈ വിനീതന്‍ മൈക്ക് കൈയ്യിലെടുത്തു പ്രഖ്യാപിച്ചു. കേരള മുസ്ലിംകളുടെ ആശയും ആവേശവുമായ കേരള സിംഹം സി. എച്ച് നെ ഉദ്ഘാടനത്തിനായി ക്ഷണിക്കുന്നു.

ഉച്ചഭാഷിണിയിലൂടെ സിഏ എച്ചിന്റെ നാമം മുഴങ്ങിയതോടെ അനന്തപുരിയുടെ രാജ വീഥികള്‍ തക്ബീര്‍ ധ്വനികളാല്‍ കോരിത്തരിച്ചു. സി.എച്ച് പ്രഭാഷണം തുടരവെ ആ പ്രഖ്യാപനം വന്നു. ‘ ബഹുമാന്യരായ അറബി അധ്യാപക സുഹൃത്തുക്കളെ നിങ്ങള്‍ സദാചാരവും ധാര്‍മ്മികതയും പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. നിങ്ങള്‍ തെരുവില്‍ സമരം ചെയ്യേണ്ടവരല്ല ഭാവിതലമുറയെ നന്മയിലേക്ക് നയിക്കാന്‍ പ്രാപ്തരാക്കുന്ന മഹത്തായ ജോലി നിര്‍വ്വഹിക്കാന്‍ നിങ്ങള്‍ സ്‌കൂളുകളിലേക്ക് മടങ്ങി പോകുക ഈ സമരം ഇതാ സമുദായം ഏറ്റെടുത്തിരിക്കുന്നു. ‘ ആഹ്ലാദം അടക്കാനാകാതെ ആവേശമായി ആകാശത്തേക്ക് തക്ബീര്‍ മുഴക്കി അഭിമാന രോമാഞ്ചം ഈയുള്ളവന് ഇപ്പോഴുംഅടങ്ങുന്നില്ല.

അറബി ഭാഷാ സംരക്ഷണത്തിനായി അറബി അധ്യാപകര്‍ നടത്തിയ ബാക്കി സമര പരിപാടികള്‍ അവസാനിപ്പിച്ച് അധ്യാപകര്‍ സ്‌കൂളുകളിലേക്ക് തിരിച്ച് പോയി. സമരം സമുദായത്തിന്റെ ആധികരികമായ രാഷ്ട്രീയ പ്രസ്ഥാനം ഏറ്റെടുത്തു. മുസ്ലിം യൂത്ത് ലീഗായിരുന്നു സമരത്തിന്റെ നേതൃത്വം . അന്ന് യൂത്ത് ലീഗിന്റെ പ്രസിഡന്റ പി.കെ.കെ ബാവയും ജനറല്‍ സെക്രട്ടറി കെ.പി.എ മജീദുമായിരുന്നു.
അത് പ്രകാരം 1980 ജൂലായ് 30 റമദാന്‍ 17 ന് സംസ്ഥാനത്തെ എല്ലാ കളക്ട്രേറ്റുകളും പിക്കറ്റ് ചെയ്യാന്‍ തീരുമാനിച്ചു.

മലപ്പുറത്ത് നോമ്പിന്റെ പകലില്‍ സമാധാനപരമായി നടന്ന കളക്ടേറ്റ് പിക്കറ്റിംഗിലേക്ക് പോലീസ് വെടിയുതിര്‍ത്തു. യൂത്ത് ലീഗിന്റെ മൂന്ന് ചെറുപ്പക്കാര്‍ ശഹീദായി. മജീദ്, റഹ്മാന്‍ , കുഞ്ഞിപ്പ ഇവരായിരുന്നു ആ മൂന്ന് ശുഹദാക്കള്‍. (അല്ലാഹു അവരുടെ ഖബറിടം വിശാലമാക്കുകയും പരലോക മോക്ഷം നല്‍കുകയും ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.) ഈ വാര്‍ത്തകേട്ട് കേരളം ശ്വാസമടക്കി നിന്നു വീണ്ടും സി.എച്ചിന്റെ പ്രഖ്യാപനം ‘ സര്‍ക്കാര്‍ പിന്മാറുന്നത് വരെ സമരം തുടരും ഒരു ലക്ഷം പേരുമായി സെക്രട്ടേറിയേറ്റ് വളയും’മുഖ്യമന്ത്രിയായിരുന്ന ഇ. കെ നായനാര്‍ക്ക് വീണ്ടുവിചാരമുണ്ടായി വിദ്യാഭ്യാസ മന്ത്രിയായ ബേബി ജോണ്‍ തന്റെ സുഹൃത്ത് കൂടിയായ സി. എച്ചി നെ വിളിച്ചു പറഞ്ഞു.

ഭാഷാ ദ്രോഹ നടപടികള്‍ പിന്‍വലിക്കുകയാണ്. അങ്ങനെ സര്‍ക്കാര്‍ മുട്ടുമടക്കി . അക്കമഡേഷനും ഡിക്ലറേഷനും കൂടാതെ തന്നെ ഏത് വിദ്യാര്‍ത്ഥിക്കും മറ്റേത് ഭാഷയും എന്ന പോലെ അറബിയും പഠിക്കാം. നിലവിലുള്ള അധ്യാപകരെ ഒഴിവാക്കി ക്വാളിഫിക്കേഷന്‍ ഉയര്‍ത്താനും ധാരണയായി . അങ്ങനെ 16/9/1982 ല്‍ ജി.ഒ (എം. എസ് ) 131/82/ജി. ഇ ആയി സര്‍ക്കാര്‍ ഉത്തരവിറക്കി. സമരം കൊടിയിറങ്ങി.

ഈ രക്ത സാക്ഷ്യത്വത്തിനും അതിനായി പടപൊരുതിയ പ്രസ്ഥാനത്തോടും നേതാക്കന്മാരോടും അറബി അധ്യാപകര്‍ എന്നും കടപ്പെട്ടിരിക്കുന്നു. കാരണം ഒരു അറബി വിദ്യാര്‍ത്ഥിക്കോ ഒരു അറബി അധ്യാപകനോ ഒന്നും സംഭവിക്കാതെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സി എച്ചിനും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും കഴിഞ്ഞു.

ഐതിഹാസികമായ ഇത്തരം സമരങ്ങള്‍ നടത്തേണ്ട പലവിഷയങ്ങളും ഇന്ന് നമ്മുടെ മുന്നിലൂടെ കടന്ന് പോകുമ്പോള്‍ ഒരു നെടുവീര്‍പ്പോടെ സമുദായം നോക്കി നില്‍ക്കുമ്പോള്‍ മുസ്ലീം ലീഗും എന്ത് കോണ്ടോ ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്നില്ല. സംസ്‌കൃതം,മലയാളം സര്‍വകലാശാലകള്‍ ഉണ്ടായി അതോടൊപ്പം അറബി സര്‍വ്വകലശാല യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതെ പോയി.

1968 മുതല്‍ ഈ ആവശ്യം ശക്തമാണ്. പൊതു സര്‍വ്വകലാശാലകളും സ്ഥാപിക്കാന്‍ കഴിഞ്ഞ നമുക്ക് അറബിക് സര്‍വ്വകലാശാല ഇപ്പോഴും അകലെയാണ്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പിന്നോക്ക മുസ്ലിം പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കേണ്ടുന്ന വിധം പഠിച്ച പാലൊളി കമ്മിറ്റിയും അറബിക് സര്‍വ്വകലാശാലയുടെ ആവശ്യം ഊന്നി പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാരിനും അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. അതിന്മേല്‍ സമരം ശക്തമാക്കാന്‍ ഐക്യ ജനാധിപത്യ സര്‍ക്കാരിനും കഴിഞ്ഞില്ല. ഹയര്‍ സെക്കണ്ടറിയില്‍ 4 ഭാഷകള്‍ ഉണ്ടായതില്‍ രണ്ടെണ്ണം ആയപ്പോഴും അതിനായി പട പൊരുതാന്‍ കഴിയാതെ പോയി.

ഭാഷാ സമരം കഴിഞ്ഞ് 40 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ മഹാനായ സി.എച്ച് , സമര പോരാളികളായ യൂത്ത് ലീഗ് നേതൃത്വം,പ്രവര്‍ത്തകര്‍ , പ്രത്യേകിച്ച് ഈ മാര്‍ഗ്ഗത്തില്‍ ശഹീദായ മജീദ്, റഹ്മാന്‍ , കുഞ്ഞിപ്പ എന്നിവര്‍ നടത്തിയ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ .

സി.എച്ചി ന്റെ പേരിലും സമര ശുഹദാക്കളായ മജീദ്, റഹ്മാന്‍ ,കുഞ്ഞിപ്പ എന്നിവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി കേരളത്തിലെ ആദ്യ അറബി അധ്യാപക സംഘടനയായ കെ.എ.എം.എ എല്ലാവര്‍ഷവും അവരുടെ പേരില്‍ അവാര്‍ഡും അനുസ്മരണ പ്രഭാഷണവും നടത്തുന്നതില്‍ കെ.എ.എം.എ യെ പ്രത്യേകമായി അനുമോദിക്കുന്നു. അറബി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് വേണ്ടി ഇത്തരം യോജിച്ച പോരാട്ടങ്ങളും സമരങ്ങളും നടത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

ലേഖകന്‍ കെ.എ.എം.എ യുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും 1980 ലെ ഭാഷ സമരസമിതിയുടെ കണ്‍വീനറുമാണ്.+919947272413


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.