2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാലവര്‍ഷക്കെടുതി രൂക്ഷം: പലയിടത്തും ഉരുള്‍പൊട്ടല്‍, കനത്തജാഗ്രത: ഒന്‍പതു വരെ കേരളത്തില്‍ ശക്തമായ മഴയും കാറ്റും തുടരും

  • മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി രണ്ടുപേരെ കാണാതായി
  • ഇടുക്കിയില്‍ മൂന്നിടത്തും കോഴിക്കോടും ഉരുള്‍പൊട്ടി
  • ചാലിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പതു വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ ദക്ഷിണേന്ത്യയില്‍ മഴ ശക്തമാകുന്നത് കണക്കിലെടുത്ത് കേന്ദ്ര ജല കമ്മിഷനും പ്രളയ മുന്നറിയിപ്പ് നല്‍കി.
അതേ സമയം വൈദ്യുതി -ജലവിഭവ വകുപ്പുകള്‍ക്കു കീഴിലുള്ള ഡാമുകളുടെ ഷട്ടറുകള്‍ കൂട്ടത്തോടെ ഉയര്‍ത്തി. ഇടുക്കിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. ഏലപ്പാറ ടൗണില്‍ വെള്ളം കയറി. കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപോയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമലയിലും ഉരുള്‍പൊട്ടിയിട്ടുണ്ട്. നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായി. ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു.

ഇടുക്കി ജില്ലയില്‍ ശക്തമായ മഴയില്‍ പലയിടത്തും ഉരുള്‍ പൊട്ടല്‍. പീരുമേട്ടിലും മേലേ ചിന്നാറിലുമായാണ് ഉരുള്‍പൊട്ടലുണ്ടായത്.
ഉരുള്‍പൊട്ടലില്‍ ആളപായമില്ലെങ്കിലും ഏലപ്പാറയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പെട്ട് കാര്‍ ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന രണ്ടുപേരെ കാണാതായി. മലവെള്ളപ്പാച്ചിലില്‍ കാര്‍ പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് ഒലിച്ചുപോയതായി സംശയിക്കുന്നതായാണ് പരിസരവാസികള്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

നിലവില്‍ നാല് ഡാമുകളാണ് ഇടുക്കിയില്‍ തുറന്നിരിക്കുന്നത്. നേരത്തെ തുറന്ന മലങ്കര, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളുടെ എല്ലാം ഷട്ടറുകളും ഇന്നലെ ഉച്ചമുതല്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തിയിരിക്കുകയാണ്. പലയിടത്തും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നു രാവിലെ പൊന്മുടി ഡാം തുറക്കും. തൃശൂരിലെ പെരിങ്ങല്‍കുത്ത് ഡാം ദിവസങ്ങളായി തുറന്നുവച്ചിരിക്കുകയാണ്. ജലവിഭവ വകുപ്പിന്റെ എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട്, പത്തനംതിട്ടയിലെ മണിയാര്‍, തിരുവനന്തപുരത്തെ നെയ്യാര്‍, പാലക്കാട് മൂലത്തറ ഡാമുകളും തുറന്നിരിക്കുകയാണ്.
ഭവാനിപ്പുഴ, ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നാണ് ദേശീയ ജലകമ്മിഷന്‍ നിര്‍ദേശം. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. സംഭരണശേഷി കൂടുതലുള്ളതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ഓഗസ്റ്റ് രണ്ടാംവാരത്തോടെ രണ്ടാമത്തെ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ വേണ്ട മുന്‍കരുതല്‍ എടുക്കണമെന്നും കമ്മിഷന്റെ നിര്‍ദേശത്തിലുണ്ട്.

ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞ ആറ് ദിവസത്തിനിടെ 13 അടി വെള്ളം കൂടി. ഒരു ദിവസം കൊണ്ട് മാത്രം 3.2 അടി വെള്ളം ഉയര്‍ന്നു. ഇന്നലെ വൈകിട്ട് ഏഴിന് ലഭിച്ച കണക്ക് പ്രകാരം 2349.15 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
സംഭരണശേഷിയുടെ 45.14 % ആണിത്. പരമാവധി സംഭരണ ശേഷി 2403 അടിയാണ്.
മുല്ലപ്പെരിയാറില്‍ 124.50 അടി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മൂന്ന് ദിവസം കൊണ്ട് 6.6 അടി വെള്ളം ഉയര്‍ന്നു. ഇന്നലെ രാവിലെ 123.20 അടിയായിരുന്ന അണക്കെടിലെ ജലനിരപ്പ് വൈകിട്ടോടെ 124.5 അടിയായി.
 നിലവില്‍ മഴയ്ക്ക് കാരണമായ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്നു ശക്തികുറയുമെങ്കിലും ഞായറാഴ്ച മറ്റൊരു ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.