2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തില്‍ സ്ഥലത്തിന് വില കുറയുമോ?

കേരളത്തില്‍ സ്ഥലത്തിന് വില കുറയുമോ?

കേരളത്തില്‍ സ്ഥലത്തിന് വില കുറയുമോ. കുറയുമെന്നാണ് ദുരന്ത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുക്കുടി പറയുന്നത്. തന്റെ പ്രവചനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ ഏറ്റവും പ്രയാസമുള്ളതെന്നു പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്. സ്ഥലത്തിന്റെ ആവശ്യം വര്‍ഷാവര്‍ഷം കുറഞ്ഞു വരികയാണെന്ന് കാര്യ കാരണ സഹിതം അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

വേറെ ആളുകള്‍ കൂടിയ വിലക്ക് വാങ്ങും എന്ന ഒറ്റ പ്രതീക്ഷയിലാണ് ഇന്ന് കേരളത്തില്‍ ഭൂമിയുടെ വില നിലനില്‍ക്കുന്നത്.
ആ കാലം കഴിഞ്ഞു. സ്ഥലം വാങ്ങാന്‍ ആളില്ലാത്ത കാലം വരും. സ്ഥലവില ഇടിയും- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച ഒരു വീഡിയോയും അദ്ദേഹം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റ് വായിക്കാം

സ്ഥലവില കുറയുമോ?
ഞാന്‍ നടത്തിയിട്ടുള്ള ‘പ്രവചനങ്ങളില്‍’ ആളുകള്‍ക്ക് വിശ്വസിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് സ്ഥലത്തിന്റെ വില കുറയും എന്നതാണ്.
കേരളം പോലെ ജനസാന്ദ്രത ഉള്ള സ്ഥലത്ത് ജനം കൂടി വരികയും സ്ഥലം കൂടാതിരിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ സ്ഥലവില കുറയും എന്നതാണ് ആളുകളുടെ സംശയം
ഒന്നാമതായി സ്ഥലത്തിന്റെ ആവശ്യം വര്‍ഷാവര്‍ഷം കുറഞ്ഞു വരികയാണ്. പാടവും പറമ്പും കൂടുതലും തരിശിടുകയാണ്. കേരളത്തില്‍ എവിടെ നോക്കിയാലും വെറുതെ കിടക്കുന്ന സ്ഥലങ്ങളുണ്ട്. അപ്പോള്‍ സ്ഥലലഭ്യത ഒരു പ്രശ്‌നമല്ല.
വീടുകളുടെ ആവശ്യവും കുറഞ്ഞു വരികയാണ്. ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് വീടുകള്‍ വെറുതെ കിടക്കുന്നു, ഫ്‌ലാറ്റുകളും അതുപോലെ തന്നെ.
ആളുകളുടെ എണ്ണവും കുറഞ്ഞുവരികയാണ്. ജനിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോള്‍ തന്നെ 1990 കളെ അപേക്ഷിച്ച് ഒരു വര്‍ഷം രണ്ടുലക്ഷം എന്ന നിരക്കില്‍ കുറവാണ്.

അഞ്ചു വര്‍ഷത്തിനകം വര്‍ഷത്തില്‍ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ എങ്കിലും പുറത്തു പോകും,
പത്തു വര്‍ഷത്തിനകം അവരുടെ കുടുംബത്തിലെ ആളുകളും പോകാന്‍ തുടങ്ങും.
ഗ്രാമങ്ങളിലുള്ള ധാരാളം ആളുകള്‍ നഗരങ്ങളിലെത്തും, ഗ്രാമങ്ങളില്‍ ആളൊഴിയും.
വീടുകളിലും ഫ്‌ളാറ്റുകളിലുമുള്ള ധാരാളം ആളുകള്‍ റിട്ടയര്‍മെന്റ് ഹോമുകളിലും എത്തും.
പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളും മൈഗ്രേറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന കുടുംബങ്ങളും അവരുടെ വീടും സ്ഥലവും വില്‍ക്കാന്‍ ശ്രമിക്കും.
വേറെ ആളുകള്‍ കൂടിയ വിലക്ക് വാങ്ങും എന്ന ഒറ്റ പ്രതീക്ഷയിലാണ് ഇന്ന് കേരളത്തില്‍ ഭൂമിയുടെ വില നിലനില്‍ക്കുന്നത്.
ആ കാലം കഴിഞ്ഞു. സ്ഥലം വാങ്ങാന്‍ ആളില്ലാത്ത കാലം വരും. സ്ഥലവില ഇടിയും…
ഇതിന്റെ ഒക്കെ പ്രിവ്യൂ ആണ് ഈ വീഡിയോയില്‍ കാണുന്നത്
ഇന്ന് അവിടെ, നാളെ ഇവിടെ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.