
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമാതാവ് ശൈലേഷ് കുമാര്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിനു(ഇ.ഡി) മുന്നില്‍ ഹാജരാവും. എണ്ണായിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നതാണ് ശൈലേഷിനെതിരായ കേസ്.
കേസില്‍ കഴിഞ്ഞ ദിവസം ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. മിഷൈല് പ്രിന്റേഴ്സ് ആന്‍ഡ് പാക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായുള്ള മിസാ ഭാരതിയുടെ ബന്ധത്തെക്കുറിച്ച് അറിയുന്നതിനായാണ് ചോദ്യം ചെയ്തത്. വ്യക്തിപരമായ സമ്പാദ്യത്തിന്റേതുള്പ്പെടെയുള്ള രേഖകളും ഇ ഡി പരിശോധിച്ചു. ജൂലൈ 8 ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഇവരുടെ ഡല്‍ഹിയിലുള്ള ഫാം ഹൗസില്‍ ഇതുമായി ബന്ധപ്പെട്ട് പരിശോധനക്കെത്തിയിരുന്നു. മിസാ ഭാരതിയുടെ ഭര്‍ത്താവ് ശൈലേഷ്കുമാറിന്റെ പേരിലാണ് ഫാംഹൗസ്.
പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടി(കള്ളപ്പണം വെളുപ്പിക്കല്‍) നു കീഴിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരായി നടക്കുന്ന സി.ബി.ഐ റെയ്ഡുകളുടെ തുടര്‍ച്ചയായാണ് മിസാ ഭാരതിയെയും ചോദ്യം ചെയ്തിരിക്കുന്നത്.
സി.ബി.ഐക്കു പുറമെ നികുതി വകുപ്പും ഇവര്‍ക്കെതിരേ അന്വേഷണം നടത്തിയിരുന്നു. ഏറ്റവുമൊടുവിലാണ് അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ എത്തി നില്‍ക്കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് ഇവര്‍ക്കു വേണ്ടി കള്ളപ്പണം വെളുപ്പിച്ചത്. ഇതിന്റെ ഉടമകളായ സുരേന്ദ്രകുമാര്‍ ജെയ്ന്‍, വീരേന്ദ്ര ജെയ്ന്‍ എന്നീ സഹോദരങ്ങളെ ഇ.ഡി നേരത്തെ ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
Comments are closed for this post.