
കൊച്ചി: ലക്ഷദ്വീപിലെ അമിനി ദ്വീപില്‍ നിന്നുള്ള രണ്ടുദിവസം മുന്‍പ് പുറത്ത് വന്നിട്ടുള്ള ദൃശ്യങ്ങള്‍ നടുക്കുന്നതാണ്. പെരുന്നാളിനുശേഷം ഉപരിപഠനത്തിനും ചികിത്സക്കും മറ്റുമായിയാത്ര തിരിക്കാനിറങ്ങിയവര് കപ്പലിലേക്കെത്താന് പ്രയാസപ്പെടുകയാണ്.
കൊച്ചിയിലേക്കുള്ള എം.വി കോറല്‍ എന്ന കപ്പലില്‍ യാത്രക്കാര്‍ ഇരച്ചുകയറുന്നു. 450 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന കപ്പലില്‍ 1500ഓളം പേര് കയറിക്കൂടി. മോശം കാലാവസ്ഥയിലും കപ്പലും യാത്രക്കാരും സുരക്ഷിതരായി കൊച്ചിയില്‍ എത്തിയതിന്റെ ആശ്വാസത്തിനിടയിലും ലക്ഷദ്വീപുകാരടെ യാത്രാദുരിതത്തിന്റെ നേര്‍ക്കാഴ്ചയായി ഈ ദൃശ്യങ്ങള്‍ മാറി.
ഇനി നാലുമാസത്തേക്ക് കൊച്ചിയില്‍ നിന്നുള്ള രണ്ട് കപ്പലുകള്‍ മാത്രമാണ് ആശ്രയമെന്നുള്ളത് ദ്വീപ് ജനതയെ യാത്രാദുരിതത്തിന്റെ നടുക്കടലിലാക്കിയിരിക്കുകയാണ്. മണ്‍സൂണ്‍ പ്രമാണിച്ച് ബേപ്പൂരില്‍ നിന്നുള്ള സ്പീഡ് വെസലുകള്‍ നിര്‍ത്തലാക്കിയതോടെയാണ് ഇത്. മേയ് 15 മുതല്‍ നാലുമാസത്തേക്ക് സ്പീഡ് വെസലുകള്‍ നിര്‍ത്തലാക്കിയതോടെ മലബാര്‍ മേഖലയില്‍ നിന്നുള്ള ദ്വീപ് യാത്രക്കാര്‍ക്ക് കൊച്ചിയാണ് ആശ്രയം
.
പക്ഷേ, കൊച്ചിയില്‍നിന്നും രണ്ട് കപ്പലുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇത് ദ്വീപുകാരുടെ യാത്രാദുരിതം പതിന്മടങ്ങാക്കും. കപ്പലുകളുടെ എണ്ണം കുറഞ്ഞതോടെ ടിക്കറ്റ് നിരക്കില്‍ 100 ശതമാനത്തോളം വര്‍ധനയും ഉണ്ടായി.