ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്‌സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചു. അയോഗ്യത ചോദ്യംചെയ്ത് ഫൈസല്‍ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി വാദംകേള്‍ക്കുന്നതിന് തൊട്ടുമുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.
വധശ്രമക്കേസില്‍ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. എന്നാല്‍, ഇതിന് പിന്നാലെ ശിക്ഷയും അതിന്റെ നടപ്പാക്കലും ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാല്‍, എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത ഇതുവരെ നീക്കിയിരുന്നില്ല. തുടര്‍ന്ന് ഫൈസല്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
കോടതികളില്‍ നിന്ന് തുടര്‍ നടപടികള്‍ ഉണ്ടാകുന്നതുവരെ അയോഗ്യത പിന്‍വലിക്കുന്നു എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഫൈസലിന്റെ കുറ്റവും ശിക്ഷയും സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണസമിതി നല്‍കിയ ഹരജിയും പരിഗണനയ്ക്ക് എത്തുന്നുണ്ട്.
Comments are closed for this post.