കൊച്ചി: വധശ്രമക്കേസിൽ കീഴ്‌ക്കോടതി വിധിച്ച 10 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്ന ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലടക്കമുള്ളവരുടെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വധശ്രമത്തിന് ഉപയോഗിച്ച ആയുധം പോലും ലഭിച്ചിട്ടില്ലെന്നും ഇതിനാൽ തങ്ങൾ കുറ്റക്കാരാണെന്ന സെഷൻസ് കോടതിയുടെ കണ്ടെത്തലും ശിക്ഷയും മരവിപ്പിക്കണമെന്നുമാണ് പ്രതികളുടെ വാദം. മൊഴികളിലെ വൈരുധ്യം പോലും പരിശോധിക്കാതെയാണ് കവരത്തി കോടതി വിധി പ്രസ്താവിച്ചതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ കേസിൽ ശക്തമായ തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർ കൈകടത്തുന്നില്ലെന്ന് കോടതി ഉറപ്പാക്കണമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും അറിയിച്ചു. മുഹമ്മദ് ഫൈസലിന് തടവ് ശിക്ഷ വിധിച്ചതിനു പിന്നാലെ എം.പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കി ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പു നടത്താൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് തനിക്കെതിരേയുള്ള കോടതി ഉത്തരവ് മരവിപ്പിക്കാൻ ഫൈസൽ അപേക്ഷ നൽകിയത്.
Comments are closed for this post.