2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

കുസാറ്റിലേത് ജാഗ്രതയില്ലായ്മ


നാലുപേരുടെ മരണത്തിനിടയാക്കിയ അപ്രതീക്ഷിത അപകടത്തിന്റെ നടുക്കവും നിലവിളിയും കുസാറ്റ് ക്യാംപസില്‍ നിന്നുമാത്രമല്ല, കേരളക്കരയില്‍ നിന്നും വിട്ടൊഴിഞ്ഞിട്ടില്ല. ടെക്‌ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു വിദ്യാര്‍ഥികളുടെ ജീവനാണ് പൊലിഞ്ഞത്. അപകടത്തില്‍ മറ്റൊരു യുവാവിനും നഷ്ടമായി ജീവന്‍. നിരവധി വിദ്യാര്‍ഥികള്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ ടെക്‌ഫെസ്റ്റിന്റെ സമാപന ദിവസം ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്ക് തൊട്ടുമുമ്പാണ് അപകടമുണ്ടായത്. ഗാനമേളയ്ക്ക് പ്രവേശനം നിയന്ത്രിച്ച് ഓഡിറ്റോറിയത്തിന്റെ ഗേറ്റ് അടച്ചിരുന്നു. പരിപാടി തുടങ്ങുംമുമ്പ് ഓഡിറ്റോറിയത്തിന്റെ പകുതി ഭാഗത്തോളം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ നിറഞ്ഞിരുന്നു.

എന്നാല്‍ പെട്ടെന്ന് പെയ്ത മഴയെത്തുടര്‍ന്ന് കൂടുതല്‍ വിദ്യാര്‍ഥികളും പുറത്തുനിന്നുള്ള ആളുകളും ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറി. ഒറ്റ ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയുമായിരുന്നുള്ളൂ എന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. തിരക്കില്‍പെട്ട് വീണ വിദ്യാര്‍ഥികളുടെ മുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ വീഴുകയും വീണ വിദ്യാര്‍ഥികള്‍ക്ക് ചവിട്ടേല്‍ക്കുകയുമായിരുന്നു.
കേരളത്തെ നടുക്കിയ 106 പേരുടെ മരണത്തില്‍ കലാശിച്ച പുല്ലുമേട് ദുരന്തംപോലെയാണ് കുസാറ്റിലും സംഭവിച്ചത്. ആള്‍ക്കൂട്ടത്തിന്റെ പാച്ചിലിനിടയില്‍ വീണുപോയവര്‍ക്കുമേല്‍ ചവിട്ടി നീങ്ങിയ കാലുകള്‍ തല്‍ക്ഷണമരണമാണ് നാലുപേര്‍ക്കും വിധിച്ചത്.

   

എന്ത് സംഭവിക്കുന്നുവെന്നറിയാത്ത ആള്‍ക്കൂട്ട പാച്ചിലില്‍ മരണംപെയ്തപ്പോള്‍ ആര്‍ക്കും ആരെയും പഴിക്കാനാവില്ല. പക്ഷേ, അല്‍പം ജാഗ്രത ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഉണ്ടായിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്നതല്ലേ ഈ ദുരന്തം. പുറത്തുവരുന്ന വാര്‍ത്തകള്‍ വിരല്‍ചൂണ്ടുന്നത്, ഒന്നല്ല, ഒരുപാട് പേരുടെ നിസംഗതയുടെ ഇരകളല്ലേ വിടരുംമുമ്പെ കൊഴിഞ്ഞുവീഴേണ്ടിവന്ന ഈ വിദ്യാര്‍ഥികള്‍ എന്നാണ്.
കുസാറ്റില്‍ പരിപാടി നടത്തിയത് രേഖാമൂലം അറിയിക്കാതെയായിരുന്നെന്ന് പൊലിസ് പറയുന്നു, അറിയിച്ചിട്ടും വേണ്ട സുരക്ഷ ഒരുക്കിയില്ലെന്ന് സംഘാടകരും.

കഴിഞ്ഞ മാസമുണ്ടായ കളമശേരി സ്‌ഫോടനത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ ഓഡിറ്റോറിയങ്ങള്‍ക്കെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. നിശ്ചിത എണ്ണത്തില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പൊലിസിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആ ഗണത്തില്‍ പെടുത്തിയിരുന്നില്ല. കുസാറ്റിലെ പരിപാടിയുടെ അനുമതിക്ക് സംഘാടകര്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് കൊച്ചി സിറ്റി പൊലിസിന്റെ വിശദീകരണം.
കോളജ് ക്യാംപസുകളിലെ ആഘോഷപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവും നിലനില്‍ക്കെയാണ് കുസാറ്റിലെ ഈ ദുരന്തമെന്നത് മറക്കരുത്.

രാത്രി ഒന്‍പത് മണിക്കുമുമ്പ് ആഘോഷങ്ങള്‍ നിര്‍ത്തണമെന്നും അധ്യാപകരുടെ സാന്നിധ്യം വേണമെന്നുമുള്ള നിര്‍ദേശം കാറ്റില്‍പ്പറത്തിയാണ് പല ക്യാംപസുകളിലും ആഘോഷം നടക്കുന്നത്. കുസാറ്റില്‍ നോക്കുക, ഒരു ടെക്‌ഫെസ്റ്റിന് കൊഴുപ്പേകാന്‍ സംഘടിപ്പിച്ചത് ബോളിവുഡ് ഗായികയുടെ സംഗീതനിശയാണ്. ടെക്ഫെസ്റ്റില്‍ ടെക്‌നിക്കല്‍ കാര്യങ്ങള്‍ മാത്രമാകണമെന്ന നിര്‍ദേശമാണ് ഇവിടെ ആടിത്തിമിര്‍ക്കാനുള്ള ആഘോഷത്തിന്റെ മറവില്‍ ലംഘിക്കപ്പെടുന്നത്.

ക്യാംപസിലെ പരിപാടികള്‍ ഇത്തരത്തിലായാല്‍ അത് വലിയ ആള്‍ക്കൂട്ട പരിപാടികളായി മാറുമെന്നത് സ്വാഭാവികം. അപ്പോള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം പരിപാടികള്‍ നടത്തേണ്ടത്. എന്നാല്‍, ഇതെല്ലാം ലംഘിക്കാന്‍ കുസാറ്റ് അധികൃതരും സംഘാടകരും ഒപ്പം ഭരണസംവിധാനവും കൂട്ടുനിന്നപ്പോള്‍ ഭാവി പ്രതീക്ഷകളായിരുന്ന നാലു ജീവനുകളാണ് നഷ്ടമായത്.


സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. മതിയായ സുരക്ഷാ നടപടികള്‍ സംഗീത പരിപാടിക്കുവേണ്ടി സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടിയുടെ നടത്തിപ്പിൽ വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ അധികൃതര്‍ ഇതിന് മറുപടി പറഞ്ഞേ പറ്റൂ. ആശങ്കയോടെ കഴിയുന്ന മാതാപിതാക്കളുടെ അവകാശമാണിത്. കുസാറ്റില്‍ സംഭവിച്ചത് വലിയ പിഴവും അപരിഹാര്യമായ നഷ്ടവുമാണ്. അതിനാല്‍ തന്നെ സമഗ്ര അന്വേഷണവും നടപടിയും തിരുത്തലും അനിവാര്യമാണ്.


ഓഡിറ്റോറിയത്തിലെ പരിപാടികള്‍ക്ക് മാനദണ്ഡം വരുമെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ അന്വേഷണ കമ്മിഷനെയും നിയോഗിച്ചു. പഠനങ്ങളും റിപ്പോര്‍ട്ടുകളും മുറക്ക് നടന്നാല്‍ മാത്രം പോരാ. നടപടികളാണ് വേണ്ടത്. വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മറിഞ്ഞ് എറണാകുളം മുളുന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ ഒമ്പത് വിദ്യാര്‍ഥികള്‍ മരിച്ചത് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ്.

ആ ദുരന്തത്തെ തുടര്‍ന്ന് സ്‌കൂളുകളില്‍ നിന്നുള്ള വിനോദയാത്രകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നെങ്കിലും ഇതെല്ലാം എത്രമാത്രം യാഥാര്‍ഥ്യമായെന്ന പരിശോധന വേണ്ടവിധത്തില്‍ ഇപ്പോഴും നടക്കുന്നില്ല.


കോളജില്‍ നടത്തിയ കാറോട്ട ആഘോഷത്തിന് ബലിയാടായി ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിനിയും നമുക്ക് മുമ്പിലുണ്ട്. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു ദുരന്തവും. ക്യാംപസുകളില്‍ ഇനിയൊരു ദുരന്തമുണ്ടാകാതിരിക്കാന്‍ ഇതില്‍ നിന്നെല്ലാം നാം എന്തെങ്കിലും പഠിച്ചേ പറ്റൂ. അതിന് ഇനിയും വൈകരുത്. സന്തോഷത്തോടെ ക്യാംപസുകളിലേക്ക് പോകുന്ന കുട്ടികള്‍ ചലനമറ്റ ശരീരങ്ങളായി വീടുകളിലേക്ക് മടങ്ങരുത്.

Content Highlights:Lack of caution in Cusat


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.