പാരീസ്: ഫ്രഞ്ച് കപ്പിൽ പേസ് ഡി കാസലിനെ കരുത്തരായ പി.എസ്.ജി ഗോളിൽ മുക്കി. ഏകപക്ഷീയമായ ഏഴുഗോളുകൾക്കാണ് പി.എസ്.ജിയുടെ വിജയം. സൂപ്പർ താരം ലയണൽ മെസ്സിക്ക് വിശ്രമം നൽകിയ മത്സരത്തിൽ കിലിയൻ എംബപ്പെയാണ് ഏഴിൽ അഞ്ചുതവണയും എതിർവല കുലുക്കിയത്. ഒരുതവണ നെയ്മറും വലകുലുക്കി. സോളറിന്റെ വകയാണ് ഏഴാമത്തെ ഗോൾ.
29, 34, 40, 56, 79 മിനുറ്റുകളിലായിരുന്നു എംബപ്പെ ഗോൾ. 33 ാം മിനുറ്റിൽ നെയ്മറും 64ൽ സോളറും ഗോളടിച്ചു. പി.എസ്.ജിയുടെ സമ്പൂർണ ആധിപത്യം കണ്ട കളിയിൽ ആദ്യ 29 മിനുറ്റ് വരെ പേസ് ഡി കാസൽ ഗോളാകാതെ പിടിച്ചുനിന്നെങ്കിലും പിന്നീട് തുരുതുരാ ഗോൾമേളയായിരുന്നു.
ഈ സീസണിൽ 24 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ നേടിയ എംബാപ്പെയുടെ പി.എസ്.ജിക്ക് വേണ്ടിയുള്ള ഗോളുകളുടെ എണ്ണം 196 ആയി. ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ നേടുന്ന ആദ്യ പി.എസ്.ജി താരമാകാനും എംബാപ്പെക്കായി.
Comments are closed for this post.