2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കുവൈത്തിൽ റമദാനിലെ അവസാന പത്ത് ദിവസം അവധി നൽകാൻ നിർദേശം

കുവൈത്ത് സിറ്റി: പുണ്യ റമദാൻ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പുതിയ നിർദേശവുമായി കുവൈത്ത്. റമദാൻ മാസത്തിലെ അവസാന പത്ത് ദിനങ്ങൾ അവധി നൽകാനാണ് നിർദേശം. ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിർദേശത്തിന് പാർലമെന്റിലെ മാനവ വിഭവ ശേഷി സമിതി അംഗീകാരം നൽകി. വൈകാതെ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.

ഹമദ് അൽ ഉബൈദ് എം.പിയാണ് തൊഴിലാളികൾക്ക് ഏറെ ഗുണപ്രദമാകുന്ന ഈ നിർദേശം സമർപ്പിച്ചത്. റമദാൻ മാസത്തിൽ ഏറെ പുണ്യം കല്പിക്കുന്ന ദിനങ്ങളാണ് അവസാനത്തെ പത്ത് ദിവസങ്ങൾ. ഈ ദിവസങ്ങളിൽ വിശ്വാസികൾക്ക് കൂടുതൽ ആരാധനകളിൽ മുഴുകാനാണ് അവധി പ്രഖ്യാപിക്കാൻ നിർദേശം നൽകിയത്.

പുണ്യമാസത്തിൽ വ്രതാനുഷ്ഠാനം ഉൾപ്പെടേയുള്ള ആരാധന കർമ്മങ്ങളിൽ പൂർണ്ണമായും പങ്കാളികളായി കുവൈത്ത് ജനത കാട്ടുന്ന അഭിലാഷം കണക്കിലെടുത്തു കൊണ്ടാണ് ഈ ഒരു നിർദേശം സമർപ്പിച്ചതെന്ന് ഹമദ് അൽ ഓബൈദി എം. പി. പറഞ്ഞു.

അവധി പ്രഖ്യാപിക്കുന്നതിലൂടെ റമദാനിന്റെ ആത്മീയ അന്തരീക്ഷം സൃഷ്ടിക്കുവാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സഭ അംഗീകരിച്ചാൽ ഈ നിർദേശം നിയമ പരമായി പ്രാബല്യത്തിൽ വരും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.