2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിടപറഞ്ഞത് മാനുഷികതയുടെ പിതാവ്

അബ്‌ദുസ്സലാം കൂടരഞ്ഞി

അന്തരിച്ച കുവൈത്ത് ഭരണാധികാരി ശൈഖ് സ്വബാഹ് അഹ്മദ് അല്‍ ജാബിര്‍ അല്‍ മുബാറക് അസ്വബാഹ് പൊതുപ്രവര്‍ത്തനങ്ങളുടെ പേരില്‍ മാനുഷികതയുടെ പിതാവ് എന്ന പേരിലാണു അറബ് ലോകത്ത് അറിയപ്പെട്ടിരുന്നത്. വിവിധ പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലാം യുവാവിനെ പോലെ ഓടി നടന്ന് പ്രശ്ന പരിഹാരങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണാന്‍ ഗള്‍ഫ് മേഖലയില്‍ മുന്നില്‍ നിന്ന ഭരണാധികാരിയായിരുന്നു ഷൈഖ് സ്വബാഹ്.

മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍റെ വിയോഗത്തെ തുടര്‍ന് കുവൈത്തിന്‍റെ 15ാമത് അമീറായി 2006 ജനുവരി 29 ന് അധികാരം ഏറ്റത് മുതല്‍ മരണം വരെ കര്‍മോത്സുകനായി ഇദ്ദേഹം മേഖലയില്‍ പ്രശ്ന പരിഹാരത്തിനായി ഓടി നടന്ന മികച്ച ഭരണാധികാരിയായിരുന്നു. ഏറെ സങ്കീര്‍ണ്ണതകള്‍ സൃഷ്ട്രിച്ച ഖത്തര്‍ ഉപരോധമടക്കമുള്ള നിരവധി വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി വലിയ പരിശ്രമങ്ങള്‍ ശൈഖ് സ്വബാഹ് നടത്തിയിരുന്നു. ഏത് ദുര്‍ഘട പ്രതിസന്ധിയിലും സുസ്മേദ വരനായി പ്രത്യക്ഷപ്പെടുന്ന അമീറിന്‍റെ മുഖം സ്വദേശികളെപോലെ വിദേശികള്‍ക്കും ഒരുപോലെ ആശ്വാസമായിരുന്നു.

പാവപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെല്ലാനും ദുഃഖിക്കുന്നവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും അത്താണിയാകാനും ആ മനസ് എന്നും വെമ്പല്‍ കൊള്ളുകയായിരുന്നു.ڔലോകത്തിനു മുഴുവന്‍ മാനുഷികമൂല്യത്തിന്‍റെ മഹത്തായ സന്ദേശം നല്‍കുന്നതിനാല്‍ കുവൈറ്റിനെ മാനുഷിക സ്നേഹത്തിന്‍റെ കേന്ദ്രമെന്നു ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭ അദ്ദേഹത്തിന് 2014 ല്‍ മാനുഷിക സേവനത്തിന്‍റെ ലോക നായക പട്ടം നല്‍കി ആദരിച്ചിരുന്നു. ഈ സെപ്റ്റംബര്‍ 18ന് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ്? കമാന്‍ഡര്‍ ബഹുമതി അദ്ദേഹത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ അഭാവത്തില്‍ മകന്‍ ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്മദ് അസ്സബാഹ് ആണ് ഏറ്റുവാങ്ങിയത്.

പ്രാദേശികമോ, അന്താരാഷ്ട്രമോ ആയ പ്രശ്നങ്ങളില്‍ ഒരു ചെറു പുഞ്ചിരിയോടെ സന്നിഹിതനാകുന്ന അദ്ദേഹത്തിന്‍റെ സാന്നിധ്യം മറക്കാനാവില്ല. ആ ചെറു പുഞ്ചിരിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ആ പുഞ്ചിരിയിലാണ് അദ്ദേഹത്തിന്‍റെ നയതന്ത്രജ്ഞത കുടികൊള്ളുന്നത്. ഏറ്റവും ഒടുവില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സഊദിയുടെ നേതൃത്വത്തില്‍ ചതുര്‍ രാഷ്ട്ര സഖ്യം ജിസിസി അംഗ രാജ്യമായ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഇരു രാജ്യങ്ങളുമായും ബന്ധപ്പെട്ട് മാധ്യസ്ഥ ചര്‍ച്ചക്കായി നേതൃത്വം നല്‍കാന്‍ ശൈഖ് സ്വബാഹ് നടത്തിയ ശ്രമം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ഉപരോധത്തിന് നേതൃത്വം നല്‍കിയ സഊദിയുമായി ഇക്കാര്യത്തില്‍ തുടര്‍ച്ചയായി സംവദിക്കുകയും ഉപരോധം പിന്‍വലിക്കാന്‍ ഏറെ കഠിന ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഏറ്റവും ഒടുവില്‍ ഉപരോധം നീക്കുമെന്ന സ്ഥിരീകരിക്കപെടാത്ത വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്ത് വരുമ്പോള്‍ അറബ് ഐക്യത്തിന് ശക്തി പകരാന്‍ നടത്തിയ പരിശ്രമം പൂര്‍ത്തിയായി കാണാതെയാണ് ശൈഖ് സ്വബാഹ് വിടവാങ്ങിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.