2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മലയാളിയുടെ ‘കുലുക്കി സര്‍ബത്ത്’ സഊദിയിലെ യാമ്പു പുഷ്പമേളയില്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: മണല്‍ക്കാട്ടിലെ പുഷ്പമേള സ്വദേശികളുടെയും വിദേശികളുടെയും മനം കവരുമ്പോള്‍ തന്നെ മലയാള തനിമയുള്ള ‘കുലുക്കി സര്‍ബത്ത്’ ദാഹമകറ്റുന്നതോടൊപ്പം മനം നിറക്കുകയുമാണ്. സഊദിയിലെ പടിഞ്ഞാറന്‍ പ്രദേശത്തെ മദീനയോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യാവസായിക നഗരിയായ യാമ്പു പുഷ്പമേളയിലാണ് സഊദികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ മനം നിറക്കുന്ന രുചിക്കൊപ്പം വ്യത്യസ്തമായ പാനീയം കൂടി ഹൃദ്യമാക്കുന്നത്. അതേസമയം, നിര്‍മ്മാണത്തിലെ ശരീര ഭാഷയില്‍ കണ്ടും രുചിച്ചും അനുഭവിച്ചും പരിചയമുള്ള മലയാളികള്‍ക്ക് നാട്ടിലെ അതെ സ്വാദും ഇവിടെ ഹരം പകരുകയാണ്.

പതിനായിരക്കണക്കിന് സന്ദര്‍ശകര്‍ എത്തിച്ചേരുന്ന ഇവിടേക്ക് മറ്റൊരു വ്യത്യസ്തത പകര്‍ന്നു നല്‍കാനാണ് കേരളത്തനിമയുള്ള ‘കുലുക്കി സര്‍ബത്ത്’ ഒരുക്കിയത്. ഇതിനായി സംഘാടകര്‍ നാട്ടില്‍ നിന്നു പ്രത്യേകമായി ആളുകളെ കൊണ്ട് വരികയായിരുന്നു. നിര്‍മ്മാണത്തിലും രുചിയിലും പ്രത്യേകതയുള്ള ‘കുലുക്കി സര്‍ബത്ത്’ ഇവിടുത്തെ ഫുഡ് കോര്‍ട്ടിലാണ് ഒരുക്കിയിരിക്കുന്നത്.

പുഷ്പമേള കണ്ട് നടന്നു ക്ഷീണിക്കുമ്പോള്‍ അല്‍പം സര്‍ബത്ത് നുണയുമ്പോള്‍ തന്നെ ക്ഷീണം പമ്പ കടക്കുന്ന ഇവ കാണാനും രുചിക്കാനും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. നിലവില്‍ സഊദിയില്‍ എവിടെയും ഇത് വരെ പ്രചാരത്തിലില്ലാത്തതിനാല്‍ കേരളത്തില്‍ നിന്നു കടല്‍ കടന്നെത്തിയ പുതിയ അതിഥിയുടെ രുചിയറിയാന്‍ സ്വദേശികള്‍ക്കൊപ്പം മലയാളികളുടെയും നല്ല തിരക്കാണ്. ഷുര്‍ബ എന്ന അറബി പദത്തില്‍ നിന്നു കടല്‍ കടന്നെത്തിയ സര്‍ബത്തിന്റെ മറ്റൊരു രൂപമായ കുലുക്കി സര്‍ബത്ത് ഇവിടേക്ക് എത്തിച്ചത് കൂടുതല്‍ പ്രചാരം കിട്ടുമെന്ന വിശ്വാസത്തിലാണ് സംഘാടകര്‍. പച്ചമാങ്ങ, പൈനാപ്പിള്‍, സപ്പോട്ട, നാരങ്ങ എന്നിവ കൊണ്ടുണ്ടാകുന്ന ഇത് കുട്ടികള്‍ക്കിഷ്ട്ടമുണ്ടാക്കാനായി ചോക്കലേറ്റ് ഫ്‌ളേവരും ചേര്‍ത്തതാണ് നല്‍കുന്നത്.

സ്വദേശികളുടെയും വിദേശികളുടെയും മനസ്സില്‍ ഒരായിരം വര്‍ണ്ണങ്ങള്‍ വിതറിയാണ് യാമ്പു പുഷ്പമേള അരങ്ങേറുന്നത്. ആയിരക്കണക്കിന് ചതുരശ്ര മീറ്ററില്‍ നട്ടുപിടിപ്പിച്ച വ്യത്യസ്തങ്ങളായ കണ്ണഞ്ചിപ്പിക്കുന്ന ലക്ഷക്കണക്കിന് പുഷ്പങ്ങള്‍ സന്ദര്‍ശകരുടെ മനം കവരുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. യാമ്പു റോയല്‍ കമീഷന് കീഴിലുള്ള നഴ്‌സറിയില്‍ നട്ടു പിടിപ്പിച്ചുണ്ടാക്കിയ പൂക്കളാണ് പരവതാനിയില്‍ ഉപയോഗിച്ചിരിക്കുന്നത്. നിലവില്‍ ലോക റെക്കോര്‍ഡ് സ്ഥാനം വഹിക്കുന്ന ഏക പുഷ്പമേളയാണ് യാമ്പു പുഷ്പമേള. മരുഭൂമിയെന്നാല്‍ വെറും മണല്‍ക്കാടും ഒട്ടകവും കാരക്കമരവും മാത്രമല്ലെന്ന കണ്ണഞ്ചിപ്പിക്കുന്ന വൈവിധ്യങ്ങളായ പുഷപങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.