
തിരുവനന്തപുരം: പാല് ഉല്പാദനത്തിന്റെ കാര്യത്തില്‍ കേരളത്തെ മുന്നോട്ടുനയിക്കാന്‍ പുത്തന്‍ പദ്ധതിയുമായി കുടുംബശ്രീ. ക്ഷീരമേഖലയിലെ മുന്നേറ്റം ലക്ഷ്യമിട്ടു കുടുംബശ്രീ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്കു കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് ശ്രമം.
രാജസ്ഥാനില്‍ നടപ്പാക്കിയിട്ടുള്ള പശു സഖി പദ്ധതിയുടെ ചുവടുപിടിച്ചുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനെ കേരളത്തിന്റെ സ്വന്തം പദ്ധതിയാക്കി പേരു മാറ്റിയായിരിക്കും അവതരിപ്പിക്കുക. വയനാട്, ഇടുക്കി തുടങ്ങി മൃഗസരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു സാധ്യതയുള്ള ജില്ലകളെ തെരഞ്ഞെടുത്തായിരിക്കും ആദ്യഘട്ടം. ഇവിടങ്ങളിലെ വിജയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുക.
കാര്‍ഷികമേഖലയില്‍ കുടുംബശ്രീ നടപ്പിലാക്കുന്ന സംഘടിത കൃഷിയുടെ മാതൃകയിലാണ് മൃഗസംരക്ഷണ മേഖലയിലെ പദ്ധതിയും നടപ്പിലാക്കുക. കൃഷിയുടെ കാര്യത്തില്‍ മാസ്റ്റര്‍ ഫാര്മേഴ്സിനെ തെരഞ്ഞെടുത്തതുപോലെ മൃഗസംരക്ഷണത്തിന്റെ കാര്യത്തിലും ഇത്തരത്തില്‍ ഒരു ഗ്രൂപ്പിനു രൂപം നല്‍കും. ഇങ്ങനെ തെരഞ്ഞെടുക്കുന്ന 250 പേര് അടങ്ങിയ ഗ്രൂപ്പിനായിരിക്കും പദ്ധതിയുടെ നിര്‍വഹണച്ചുമതല. ഇവര്‍ക്ക് സംസ്ഥാനത്തെ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് സെന്ററുകളിലും സര്‍ക്കാരിന്റെ കീഴിലുള്ള ഫാമുകളിലും പരിശീലനം നല്‍കും.
ഇവരായിരിക്കും കുടുംബശ്രീ യൂനിറ്റുകളില്‍ മൃഗസംരക്ഷണവും പശു വളര്‍ത്തലും സംബന്ധിച്ച ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുക. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നുള്ള ആനുകൂല്യങ്ങള്‍, ലോണ്‍ എന്നിവയ്ക്കുള്ള സഹായം ചെയ്യുന്ന റിസോഴ്സ് പേഴ്സണായും ഇവര്‍ പ്രവര്‍ത്തിക്കും.