2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹിജാബും തീവ്രഹിന്ദുത്വ രാഷ്ട്രീയവും

കെ.ടി കുഞ്ഞിക്കണ്ണൻ

ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക സർക്കാർ തീരുമാനം ശരിവച്ചുള്ള ഹൈക്കോടതി വിധി അത്യന്തം ദൗർഭാഗ്യകരവും മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം തന്നെ മുടക്കുന്നതുമാണ്. തീവ്രഹിന്ദുത്വ നിലപാടുകളിൽനിന്ന് ന്യൂനപക്ഷങ്ങളുടെ വസ്ത്രത്തെയും ഭക്ഷണത്തെയുമെല്ലാം പ്രശ്‌നവൽക്കരിക്കുന്ന വിദ്വേഷരാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ് ഹിജാബ് വിവാദമെന്ന് എന്തുകൊണ്ടാവാം കോടതിക്ക് മനസിലാക്കാൻ കഴിയാതെപോയത്. രാജ്യത്തിന്റെ ബഹുസ്വരതയെയും ഭരണഘടനയുടെ ആർട്ടിക്കിൾ 25 നൽകുന്ന മതവിശ്വാസവും അതനുസരിച്ചുള്ള സ്വത്വവും സംരക്ഷിക്കാനുള്ള വ്യക്തികളുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റത്തെയാണ് ഇത്തരമൊരു വിധിയിലൂടെ കർണാടക ഹൈക്കോടതി ശരിവച്ചിരിക്കുന്നത്. വ്യക്തികൾക്കും വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങൾക്കും ഭരണഘടന നൽകുന്ന അഭിപ്രായ, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള അവകാശം. മാത്രമല്ല, ആർട്ടിക്കിൾ 21 അനുശാസിക്കുന്ന ജീവിക്കാനുള്ള പൗരന്റെ മൗലികാവകാശത്തിനുനേരെയുള്ള ഭരണകൂടത്തിന്റെ വെല്ലുവിളിയായിട്ടാണ് കർണാടക സർക്കാരിന്റെ തീരുമാനത്തെ കാണേണ്ടത്.

വിദ്യാഭ്യാസവും ജോലിയും നേടുന്നതിനുള്ള നിബന്ധനയായി ശിരോവസ്ത്രം-ഹിജാബ് ഉപയോഗിക്കാൻ പാടില്ലെന്ന് നിർബന്ധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഉയർന്ന നാല് ചോദ്യങ്ങൾക്കുള്ള മറുപടിയെന്ന നിലയിലാണ് ഹൈക്കോടതി വിശാല ബെഞ്ച് ഇപ്പോഴത്തെ വിധിപ്രസ്താവന തയാറാക്കിയിട്ടുള്ളതെന്ന് കാണാം. ഇതിൽ വിചിത്രമായിട്ടുള്ളത്, ഭരണഘടനയുടെ ആർട്ടിക്കിൾ 25 അനുശാസിക്കുന്ന തരത്തിൽ ഇസ്ലാം വിശ്വാസപ്രകാരം ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ ഒഴിവാക്കാനാവാത്ത മതാചാരമാണോയെന്ന കാര്യമാണ് കോടതി പരിശോധിച്ചതെന്നതാണ്. അതായത് ഭരണഘടനയല്ല ഇസ്ലാമിൽ ഹിജാബ് ഒഴിവാക്കാനാവാത്തതാണോയെന്നാണ് കോടതി അന്വേഷിച്ചുപോയത്. അതേപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തലപ്പാവിന് വിലക്കേർപ്പെടുത്തിക്കൊണ്ട് യൂനിഫോം നിർബന്ധമാക്കിയ കർണാടക സർക്കാർ തീരുമാനം ഭരണഘടനയിലെ ആർട്ടിക്കിൾ 19 (1), ആർട്ടിക്കിൾ 21 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാകുന്നുണ്ടോയെന്നും കോടതി പരിശോധിക്കുന്നു. ഹിജാബിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കർണാടക സർക്കാരിന്റെ ഉത്തരവ് (ഫെബ്രുവരി 5 ന്റെ) ഭരണഘടനയിലെ ആർട്ടിക്കിൾ 14, 15 എന്നിവയുടെ ലംഘനമാണോയെന്നതിനും കോടതി വിധിപ്രസ്താവനയിൽ മറുപടി എഴുതിവച്ചിട്ടുണ്ട്.

   

ഇവിടെ കർണാടക ഹൈക്കോടതി ഇസ്ലാമിൽ മതാചാരപ്രകാരം ഹിജാബ് ധരിക്കുന്നത് അവിഭാജ്യമല്ലെന്നും അതുകൊണ്ടുതന്നെ സർക്കാർ ഉത്തരവ് ആർട്ടിക്കിൾ 25 ന്റെ ലംഘനമല്ലെന്നും വിധി പ്രസ്താവിക്കുകയായിരുന്നു. കോടതി യഥാർഥത്തിൽ ഈ വിധി പ്രസ്താവനയിൽ ഇസ്ലാമിൽ മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് അവിഭാജ്യമല്ലെന്ന് സ്ഥാപിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് ചെയ്തെതന്ന് കാണാം. അതിനായി 2019ൽ പുനഃപ്രസിദ്ധീകരിച്ച അബ്ദുല്ല യൂസഫ് അലിയുടെ ഖുർആൻ പരിഭാഷയും വിശദീകരണവും അടിസ്ഥാനമാക്കിയും ഖുർആൻ സൂക്തങ്ങൾവരെ ഉദ്ധരിച്ചുമാണ് കോടതി വിധിപ്രസ്താവന തയാറാക്കിയിരിക്കുന്നത്. മതത്തിൽ ഒന്നും അടിച്ചേൽപ്പിക്കരുതെന്ന ഖുർആൻ വാക്യത്തെ ഉദ്ധരിച്ച് കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനത്തിന് ഖുർആനികമായ ന്യായം ചമയ്ക്കാനാണ് കോടതി വിധിപ്രസ്താവനയിൽ ശ്രദ്ധിച്ചിട്ടുള്ളത്.

മുസ്ലിം സമുദായത്തിനകത്തെ പരിഷ്‌കരണത്തിന്റെയും ശാക്തീകരണത്തിന്റെയും ഉത്തരവാദിത്വമേറ്റെടുത്ത് അങ്ങേയറ്റം വിവേചനപരമായ മുത്വലാഖ് നിരോധനനിയമം കൊണ്ടുവരികയും ഏകീകൃത സിവിൽകോഡ് വാദമുയർത്തുകയും ചെയ്യുന്ന തീവ്രഹിന്ദുത്വ നിലപാടുകളാണ് കർണാക സർക്കാരിന്റെ തീരുമാനത്തിലും അതിനെ ശരിവച്ച ഹൈക്കോടതി വിധിയിലും പ്രതിഫലിക്കുന്നതെന്ന് പറയാതിരിക്കാൻ വയ്യ. ന്യൂനപക്ഷങ്ങളുടെ മതസ്വത്വത്തെയും വിശ്വാസസ്വാതന്ത്ര്യത്തെയും പ്രശ്‌നവൽക്കരിച്ച് വിവാദങ്ങൾ സൃഷ്ടിച്ച് സമൂഹത്തിൽ സാമുദായിക ധ്രുവീകരണവും വിദ്വേഷവും പടർത്തുകയെന്ന സംഘ്പരിവാർ അജൻഡയിൽ നിന്നാണ് ഹിജാബ് വിവാദം ഉയർന്നുവരുന്നത്. അതുകൊണ്ടുതന്നെ മതനിരപേക്ഷ ജനാധിപത്യവാദികളെയും ഭരണഘടനയിൽ വിശ്വസിക്കുന്നവരെയും സംബന്ധിച്ചിടത്തോളം കർണാടക ഹൈക്കോടതി വിധിന്യായത്തിൽ പറയുന്ന കാര്യങ്ങൾ സുപ്രിംകോടതിയുടെ ഗൗരവാവഹമായ പരിശോധനയും പുനർവിചിന്തനവും ആവശ്യപ്പെടുന്നതാണ്.
ഖുർആനും ഗീതയുമൊന്നുമല്ല കോടതികൾ അടിസ്ഥാനമാക്കേണ്ടത്. ഭരണഘടനയെയാണ് കോടതികൾ അടിസ്ഥാനമാക്കേണ്ടത്. ഓരോ പൗരനും സാമൂഹ്യവിഭാഗങ്ങൾക്കും അവരുടെ സ്വത്വവും സംസ്‌കാരവും സംരക്ഷിക്കാൻ ഭരണഘടന നൽകുന്ന അവകാശത്തെ എന്തുകൊണ്ടാകാം കർണാടക ഹൈക്കോടതിക്ക് കാണാൻ കഴിയാതെ പോയത് എന്ന ചോദ്യമാണ് ഇന്ത്യയുടെ ജനാധിപത്യപരമായ ഭാവിയിലും നിലനിൽപിലും ആശങ്കയുള്ളവരുടെ മുമ്പിൽ ഉയർന്നുവരുന്നത്. സാർവദേശീയതലത്തിലും നമ്മുടെ രാജ്യത്തും ഇസ്ലാമോഫോബിയ രാഷ്ട്രീയതന്ത്രമായി ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത് എങ്ങനെയാണ് വിദ്വേഷ രാഷ്ട്രീയം സൃഷ്ടിച്ചെടുക്കുന്നതെന്നും അതിനായി ന്യൂനപക്ഷ സ്വത്വങ്ങളെ എങ്ങനെയാണ് പ്രശ്‌നവൽക്കരിക്കുന്നതെന്നും നമ്മുടെ കോടതികൾ പരിശോധനാവിധേയമാക്കേണ്ടതാണ്. ഭരണഘടനയെ അടിസ്ഥാനമാക്കി ചിന്തിക്കുന്നവർക്കും വിധിന്യായമെഴുതുന്ന ന്യായാധിപന്മാർക്കും വിദ്വേഷരാഷ്ട്രീയത്തിന്റെയും സാമൂഹ്യവിഭജനത്തിന്റെയും സംഭവഗതികളെ കാണാതിരിക്കാനാവില്ലല്ലോ.

വിശ്വാസപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെയും വ്യക്തികളുടെ ബഹുസ്വഭാവത്തെയും ഉൾക്കൊള്ളാനാണ് മതനിരപേക്ഷ ജനാധിപത്യ തത്വങ്ങളിലധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നതെന്ന് എന്തുകൊണ്ടാവാം നമ്മുടെ ന്യായാധിപന്മാർക്ക് മനസിലാക്കാനാവാതെ പോകുന്നത്. ഇസ്ലാമിൽ ഹിജാബ് നിർബന്ധമാണോ ഹൈന്ദവദർശനങ്ങളിൽ സീമന്തരേഖയിൽ സിന്ദൂരമിടുന്നത് നിർബന്ധമാണോ എന്നൊക്കെ അന്വേഷിച്ചുപോകുന്നവർ ഇന്ത്യക്കൊരു ഭരണഘടനയുണ്ടെന്ന കാര്യമാണ് മറന്നുകളയുന്നത്. മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പേരിൽ വിവേചനങ്ങളൊന്നും പാടില്ലെന്ന് അനുശാസിക്കുന്നതും ഓരോ ജനവിഭാഗങ്ങൾക്കും അവരുടെ മതപരമായ വിശ്വാസവും സ്വത്വവും അതിന്റെ ഭാഗമായ ആചാരാനുഷ്ഠാനങ്ങളും സൂക്ഷിക്കാൻ അവകാശം നൽകുന്നതുമാണ് നമ്മുടെ ഭരണഘടനയും അതിലെ വ്യവസ്ഥകളും.

80 ശതമാനവും 20 ശതമാനവും തമ്മിലാണ് യു.പിയിൽ മത്സരമെന്നതുപോലുള്ള നഗ്നമായ വർഗീയ പ്രസ്താവനകളിറക്കുന്ന യോഗിമാരുടെയും മോദിമാരുടെയും നാട്ടിലാണ് നാം ജീവിക്കുന്നത്. മുസ്ലിം ന്യൂനപക്ഷസമൂഹത്തിന്റെയും ദലിതരുടെയും സ്ത്രീകളുടെയും അസ്തിത്വത്തെയും സംസ്‌കാരത്തെയും നിരന്തരമായി ചോദ്യം ചെയ്യുന്ന തീവ്രഹിന്ദുത്വവാദികളുടെ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ് ഹിജാബ് നിരോധനമെന്ന് തിരിച്ചറിയേണ്ടതുണ്ട്.

കർണാടകയിൽ സമീപവർഷങ്ങളിൽ നടന്ന കടുത്ത വർഗീയവൽക്കരണ നീക്കങ്ങൾ ആപൽക്കരമായ സാമൂഹ്യവിഭജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉടുപ്പി തുടങ്ങിയ പ്രദേശങ്ങളിൽ വലിയ സംഘർഷസാധ്യതകൾ നിലനിൽക്കുന്ന മേഖലകളാണ്. ഇവിടങ്ങളിൽ ഹിന്ദുത്വരാഷ്ട്രീയം നിലയുറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. അതിനായവർ വസ്ത്രത്തെയും ഭക്ഷണത്തെയുമൊക്കെ പ്രശ്‌നവൽക്കരിച്ച് വർഗീയവൽക്കരണം നടത്തുന്നു. ഈ മൂന്ന് ജില്ലകളിലും മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾ ജനസംഖ്യയിൽ ഏറെയുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടയിൽ തന്നെ ഈ ജില്ലകളിൽ വർഗീയ സംഘർഷങ്ങൾ നൂറുകണക്കിന് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ട്. കർണാടക ഹാർമണി ഫോറം പോലുള്ള സംഘടനകൾ നടത്തിയിട്ടുള്ള പഠനങ്ങൾ 2021ൽ മാത്രം ഈ പ്രദേശങ്ങളിൽ 120 ഓളം വർഗീയ സംഘർഷസംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ടുചെയ്യുന്നു. കോൺഗ്രസിന്റെ സ്വാധീനപ്രദേശങ്ങൾ 1990 കളോടെ ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് മാറ്റപ്പെടുകയായിരുന്നു. കർണാടകയിലെ ആർ.എസ്.എസിന്റെ പ്രധാനപ്രവർത്തന മേഖല ഉടുപ്പി ഉൾപ്പെടെയുള്ള മേഖലകളാണ്. ഇവിടുത്തെ ഗൗഡസാരസ്വത സമൂഹമാണ് ആർ.എസ്.എസിനെ എല്ലാകാലത്തും പിന്തുണച്ച് ശക്തിപ്പെടുത്തിയത്. അങ്ങേയറ്റം ദലിത്, മുസ്ലിം, ക്രിസ്ത്യൻ വിരുദ്ധ വികാരങ്ങളും വിദ്വേഷപ്രചരണങ്ങളും സൃഷ്ടിച്ചാണ് ഹിന്ദുത്വശക്തികൾ അതിന്റെ സ്വാധീനം ഉറപ്പിച്ചുനിർത്തുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News