മലപ്പുറം: പാണക്കാട് പൂക്കോയ തങ്ങളുടെ വിയോഗത്തിന് ശേഷം കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് കേരളത്തിന്റെ മത രാഷ്ട്രീയ രംഗത്ത് വിരാജിച്ചിരുന്ന മൂന്നാമത്തെ മഹത് വ്യക്തിയെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെ മലയാളക്കരക്ക് നഷ്ടമായതെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍.
വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും ഊട്ടി ഉറപ്പിക്കുന്നതില്‍ ഹൈദരലി തങ്ങള്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്.
പ്രതിസന്ധികള്‍ നിറഞ്ഞ രാഷ്ട്രീയ ചുറ്റുപാടുകളില്‍ സാമുദായിക സന്തുലിതത്വത്തിന് ഉലച്ചില്‍ തട്ടാതെ ലീഗു രാഷ്ട്രീയത്തെ മുന്നോട്ട് നയിച്ചവരെന്ന ഖ്യാതിയാണ് പാണക്കാട് തങ്ങന്‍മാരെ എക്കാലത്തും വേറിട്ടവരാക്കിയത്.
അതിന്റെ പേരില്‍ വലിയ പഴി കേള്‍ക്കേണ്ടി വന്നിട്ടുള്ളവരാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളും.
സൗമ്യ ഭാവം കൊണ്ടും ലാളിത്യം കൊണ്ടും സ്‌നേഹാര്‍ദ്രമായ പെരുമാറ്റം കൊണ്ടും ഇതര രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തിയ നേതാവ് എന്ന സ്ഥാനമാകും കാലം ഹൈദരലി തങ്ങള്‍ക്ക് ചാര്‍ത്തി നല്‍കുക.
മതമൈത്രിയുടെ പാലാഴി തീര്‍ത്ത് മലയാളിയുടെ കണ്‍മുന്നിലൂടെ കടന്ന് പോയി പരലോകം പൂകിയ സയ്യിദ് ഹൈദരലി തങ്ങള്‍ക്കായി അകമഴിഞ്ഞ് നമുക്ക് പ്രാര്‍ത്ഥിക്കാം എന്നദ്ദേഹം അനുശോചനകുറിപ്പില്‍ വ്യക്തമാക്കി.
Comments are closed for this post.