എറണാകുളം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാന്‍ വൈകിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഈ മാസം 20 നകം മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി എംഡി ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം സര്‍ക്കാര്‍ ധനസഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആര്‍ടിസി എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു.
അതേസമയം ശമ്പളം മുടങ്ങിയതോടെ സമരം നടത്താനാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ തീരുമാനം. ജീവനക്കാര്‍ സിഎംഡി ഓഫീസ് ഉപരോധിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുക. ഐഎന്‍ടിയുസി യൂണിയന് ഒപ്പം സിഐടിയു യൂണിയനും സമരത്തില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.
Comments are closed for this post.