2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒടുവിൽ അർധരാത്രി ശമ്പളം വന്നു; മുഴുവൻ ശമ്പളവും എപ്പോൾ കിട്ടുമെന്ന് കെഎസ്ആർടിസി ജീവനക്കാർ

ഒടുവിൽ അർധരാത്രി ശമ്പളം വന്നു; മുഴുവൻ ശമ്പളവും എപ്പോൾ കിട്ടുമെന്ന് കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: മുടങ്ങിയ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ദിവസങ്ങൾക്ക് ശേഷം നൽകി. ജൂൺ മാസത്തെ പകുതി ശമ്പളമാണ് ഇന്നലെ രാത്രി വിതരണം ചെയ്‌തത്‌. രണ്ടാം ഘട്ട ശമ്പളം നൽകേണ്ടപ്പോഴാണ് ഒന്നാം ഘട്ട വിതരണം നടന്നത്. ഇതോടെ രണ്ടാം ഗഡു ഇനിയും വൈകുമെന്ന് ഉറപ്പായി. 30 കോടി സർക്കാർ ഫണ്ടും, 8.4 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്.

രണ്ടാം ഗഡു നൽകേണ്ട തീയതി ഇന്നാണ്. എന്നാൽ അത് ഇനി എന്ന് ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ല. സർക്കാർ ഉടൻ കൂടുതൽ ഫണ്ട് നൽകാൻ സാധ്യതയില്ലാത്തതിനാൽ ശമ്പളം അനിശ്ചിതമായി നീണ്ടേക്കാം. ശമ്പളം വൈകിയതോടെ സമരത്തിലേക്ക് നീങ്ങിയ ജീവനക്കാർ മുഴുവൻ ശമ്പളം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല.

വെള്ളിയാഴ്ച കോർപറേഷൻ സിഎംഡി ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് തൊഴിലാളികൾ മാർച്ച്‌ നടത്തിയിരുന്നു. ചീഫ് ഓഫീസിന് മുന്നിലും തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. സമരം മുഴുവൻ ശമ്പളം കിട്ടുന്നത് വരെ അവസാനിപ്പിക്കേണ്ടെന്നാണ് സമരക്കാരുടെ നിലപാട്.

സര്‍ക്കാര്‍ സഹായം സമയത്തിന് കിട്ടാത്തതാണ് ശമ്പളം നൽകാൻ ബുദ്ധിമുട്ടിലാകുന്നെന്നതാണ് സിഎംഡി ബിജു പ്രഭാകർ വിഷയത്തിൽ പ്രതികരിച്ചത്. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ താമസം ഒഴിവാക്കാമായിരുന്നു. ഉദ്യോഗസ്ഥര്‍ സാമ്പത്തിക സഹായത്തെ വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ശക്തമായ നടപടി സ്വീകരിക്കുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇക്കാര്യത്തിൽ നേരിട്ടെത്തി വിശദീകരണം നല്‍കുമെന്നും ബിജു പ്രഭാകർ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.