തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ധനവില വര്‍ധന കാരണം കെഎസ്ആര്‍ടിസിക്ക് അധിക ചെലവ് വരുന്നു. ഇതിനെ മറികടക്കാന്‍ ചെലവ് കുറയ്ക്കല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരും. അതിന് പല മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ലേ ഓഫ് ചെയ്യണ്ടി വരും എന്നല്ല താന്‍ പറയുന്നത്. അത്തരത്തിലൊരു ഗുരുതരമായ സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
‘കുറെ കാലത്തിന് ശേഷമാണ് ഇത്രയധികം ഇന്ധനവില കൂടുന്നത്. രൂക്ഷമായ വിലക്കയറ്റം ഇതിന് മുമ്പ് കെ എസ് ആര്‍ടിസിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ വരുമാനം ഗണ്യമായി കുറഞ്ഞിരുന്നു. ശമ്പള പരിഷ്‌കരണത്തിന് ഈ സമയത്ത് മാനേജ്‌മെന്റിന് കഴിയണമെന്നില്ല. കെ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ അവിഭാജ്യ ഘടകമാണ്. മെച്ചപെട്ട വരുമാനം ഉണ്ടാക്കാന്‍ കഴിയും. പത്ത് വര്‍ഷം കഴിഞ്ഞാല്‍ കെ സ്വിഫ്റ്റിന്റെ ആസ്ഥി കെഎസ്ആര്‍ടിസിക്ക് നല്‍കും’, മന്ത്രി പറഞ്ഞു.
അതേസമയം ശമ്പള പരിഷ്‌കരണം കാരണം 15 കോടിയുടെ അധിക ചെലവ് കെഎസ്ആര്‍ടിസിക്ക് വരുന്നുണ്ട്. അതിനനുസരിച്ചുള്ള വരുമാനം ലഭ്യമാകുന്നില്ലെന്നും പ്രതിസന്ധിയില്‍ നിന്ന്
പ്രതിസന്ധിയിലേക്കാണ് കെഎസ്ആര്‍ടിസി പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
Comments are closed for this post.