2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബസുകള്‍ ഇനി വഴിയില്‍ സര്‍വീസ് മുടക്കില്ല; പകരം സംവിധാനം ഏര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് സമയത്ത് ബ്രേക്ക്ഡൗണോ അല്ലെങ്കില്‍ വാഹനാപകടമോ കാരണം തുടര്‍ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയതായി സിഎംഡി അറിയിച്ചു. യാത്രക്കാര്‍ക്കുള്ള വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനു വേണ്ടി ഉടന്‍ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കും. ഒരു കാരണവശാലും ഇനി മുതല്‍ അപകടമോ, ബ്രേക്ക്ഡൗണ്‍ കാരണമോ യാത്രക്കാരെ (ഒഴിച്ച് കൂടാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഒഴികെ) പരമാവധി 30 മിനിറ്റില്‍ കൂടുതല്‍ വഴിയില്‍ നിര്‍ത്തില്ല. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ പകരം സംവിധാനം ഏര്‍പ്പെടുത്തി യാത്ര ഉറപ്പാക്കും. മുന്‍കൂര്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയ സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്ര തുടങ്ങും മുന്‍പ് റദ്ദാക്കുന്നതായുള്ള പരാതിയും ഇനി മുതല്‍ ഉണ്ടാകില്ല.

മുന്‍കൂര്‍ റിസര്‍വേഷന്‍ ചെയ്ത സര്‍വീസുകള്‍ മുടക്കം കൂടാതെ തന്നെ നടത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. കെഎസ്ആര്‍ടിസി ബസുകള്‍ യാത്രാവേളയില്‍ നിന്നുപോയാല്‍ കണ്ടക്ടര്‍മാര്‍ അഞ്ചു മിനിറ്റിനകം തന്നെ ഈ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഉടന്‍ തന്നെ തൊട്ടടുത്ത ഡിപ്പോയില്‍ അറിയിക്കുകയും തുടര്‍ന്ന് 15 മിനിറ്റിനകം പകരം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. ദീര്‍ഘദൂര ബസുകള്‍ സര്‍വീസിനിടയില്‍ ബ്രേക്ക്ഡൗണ്‍ ആകുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത ഡിപ്പോയില്‍ നിന്നും പകരം ബസ് എടുത്ത് സര്‍വീസ് തുടരാനുള്ള നടപടികള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ബന്ധപ്പെട്ട ഡിപ്പോയെ അറിയിച്ച് ലഭ്യമാക്കും.

സര്‍വീസ് നടത്തിയ ബസിന്റെ അതേ ക്ലാസില്‍ ഉള്ള ബസ് ലഭ്യമായില്ലെങ്കില്‍ താഴത്തെയോ, മുകളിലത്തെയോ ശ്രേണിയില്‍ ലഭ്യമായ ബസ് ഏതാണോ ലഭിക്കുക അത് ഉപയോഗിച്ച് തൊട്ടടുത്ത ഡിപ്പോ വരെ സര്‍വീസ് തുടരുന്നതിനുള്ള നടപടി സ്വീകരിക്കും. തുടര്‍ന്ന് ബന്ധപ്പെട്ട യൂണിറ്റ് ഓഫിസര്‍മാരെ വിവരം അറിയിച്ചു പകരം സംവിധാനം അടുത്ത ഡിപ്പോയില്‍ നിന്നും ഒരുക്കും. അതിന്റെ ഉത്തരവാദിത്തം ആ യൂണിറ്റിലെ ഡിറ്റിഒ, എറ്റിഒമാര്‍ക്ക് ആയിരിക്കും. യാത്രാക്കാര്‍ക്ക് തന്നെ വിവരങ്ങള്‍ കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കാനും ചിത്രങ്ങള്‍ ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയുടെ വാട്‌സാപ് നമ്പരില്‍ അയക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.