2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

യൂണിഫോം ധരിക്കാതെ മതവേഷം ധരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചെന്ന്; ചിത്രം വ്യാജമാണെന്ന് കണ്ടെത്തി വിജിലന്‍സ്

  • പേര് അശ്‌റഫ് എന്നായതോടെ വിദ്വേഷ പ്രചാരണം
  • സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജമാണെന്നുകണ്ടെത്തിയത് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവറുടെ പേരാണ് കുഴപ്പമായത്. അഷ്‌റഫ് എന്നായിരുന്നു. അതുകൊണ്ടുതന്നെ യൂണിഫോമിനുമുകളില്‍ അദ്ദേഹം തോര്‍ത്തുവെച്ചതിനെയും വെറുതേവിട്ടില്ല ഹിന്ദുത്വവാദികള്‍. യൂണിഫോം ധരിക്കാതെ ഡ്രൈവര്‍ മതവേഷം ധരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം. ഒടുവില്‍ സത്യം തെളിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജമാണെന്നുകണ്ടെത്തിയത് വിജിലന്‍സ് തന്നെ. അതോടെ ആശ്വാസത്തിലായിരിക്കുകയാണ് അഷ്‌റഫും.

യൂണിഫോം ധരിക്കാതെ ഡ്രൈവര്‍ മതവേഷം ധരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജമാണെന്നാണ് തെളിഞ്ഞത്. ചിത്രം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.
ഇത്തരം ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ കെ.എസ.്ആര്‍.ടി.സി വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍ കെ.എസ്.ആര്‍.ടി.സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍ പി.എച്ച് അഷറഫ്, എടികെ 181 ാം നമ്പര്‍ ബസില്‍ മേയ് 25ന് തിരുവനന്തപുരം -മാവേലിക്കര സര്‍വിസില്‍ ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിലര്‍ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയതെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സി വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഡ്രൈവര്‍ പി.എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായാണ് കണ്ടെത്തിയത്. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കാന്‍ മടിയില്‍ വലിയ ഒരു തോര്‍ത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളില്‍ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു എന്നും വ്യക്തമായതായും അദ്ദേഹം അറിയിച്ചു.
അനുവദനീയമായ രീതിയില്‍ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.

പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാല്‍ അഷറഫ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന സ്‌കൈ ബ്ലു ഷര്‍ട്ടും, നേവി ബ്ലു പാന്റും തന്നെയാണ് ധരിച്ചിരിക്കുന്നത് എന്നും വ്യക്തമാകും- പത്രക്കുറിപ്പില്‍ വിശദീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.