2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ചുരത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ബ്രേക്ക് നഷ്ടമായി; മനസാന്നിധ്യം കൈവിടാതെ ഡ്രൈവര്‍ രക്ഷിച്ചത് 36 യാത്രക്കാരെ

കോഴിക്കോട്: താമരശ്ശേരി ചുരം ഇറങ്ങുമ്പോള്‍ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് നഷ്ടമായി. ചുരത്തിന്റെ ഏറ്റവും മുകളില്‍ നിന്നും താഴേക്ക് ഇറങ്ങിയ സമയത്താണ് കെഎസ്ആര്‍ടിസി സൂപ്പര്‍ഡീലക്‌സ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. തക്കസമയത്ത് മനസ്സാന്നിധ്യം കൈവിടാതെ ബസ് നിയന്ത്രിച്ച ഡ്രൈവര്‍ സി.ഫിറോസ് രക്ഷപ്പെടുത്തിയത് 36 പേരുടെ ജീവനാണ്. റിപ്പബ്ലിക് ദിനത്തില്‍ രാത്രി 9.30ന് ചുരത്തില്‍ നിന്നും ബസ് താഴേക്ക് ഇറങ്ങുമ്പോഴാണ് സംഭവം.

ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് വന്ന എടിസി 255 ഡീലക്‌സ് ബസിന്റെ ബ്രേക്കാണ് നഷ്ടപ്പെട്ടത്. ബസില്‍ 36 യാത്രക്കാരും കണ്ടക്ടര്‍ വിപിനും ഫിറോസുമടക്കം 38 പേര്‍ വണ്ടിയിലുണ്ടായിരുന്നു.

ഒരു വശത്ത് വ്യൂ പോയന്റില്‍നിന്ന് താഴേക്കു വലിയ ഗര്‍ത്തമാണ്. എതിര്‍വശത്ത് കൂറ്റന്‍പാറയും. മനസ്സാന്നിധ്യം നഷ്ടപ്പെടാതെ ഡ്രൈവര്‍ ഫിറോസ് ബസ് നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ഒതുക്കി നിര്‍ത്തുകയായിരുന്നു.

വ്യൂപോയന്റിന്റെ തുടക്കത്തില്‍ വെച്ച് ഗിയര്‍മാറ്റാനായി ബ്രേക്ക് ചവിട്ടിയപ്പോഴാണ് എയര്‍സംവിധാനത്തില്‍ പ്രശ്‌നമുണ്ടെന്ന് മനസ്സിലാവുന്നത്. തുടര്‍ന്ന് ഗിയര്‍ ഡൗണ്‍ ചെയ്ത് പെട്ടന്നുതന്നെ ഹാന്‍ഡ് ബ്രേക്കിട്ട് ബസ് നിര്‍ത്തുകയായിരുന്നു. മൂന്നുമീറ്ററോളം മുന്നോട്ടുപോയതിനുശേഷം ബസ് നിന്നു. ഈ സമയത്ത് യാത്രക്കാര്‍ ഉറക്കത്തിലായിരുന്നതിനാല്‍ ഇതൊന്നുമറിഞ്ഞില്ല.

പിന്നീട് തൊട്ടുപിറകില്‍വന്ന സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്രക്കാരെ കയറ്റിവിട്ടു. ബ്രേക്ക് നഷ്ടപ്പെട്ടതിനെതുടര്‍ന്നാണ് ബസ് നിര്‍ത്തിയതെന്നറിഞ്ഞ യാത്രക്കാര്‍ ഡ്രൈവര്‍ക്കു നന്ദി പറഞ്ഞാണ് മടങ്ങിയത്. കെഎസ്ആര്‍ടിസി കോഴിക്കോട് എന്ന ഫേസ്ബുക്ക് പേജില്‍ കണ്ടക്ടര്‍ വിപിനെഴുതിയ കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.