2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സുധീരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം : കൂടിക്കാഴ്ച നടത്തി നേതാക്കള്‍

തിരുവനന്തപുരം : കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് വി.എം സുധീരനെ അനുനയിപ്പിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം. ഇന്ന് പ്രതിപക്ഷ നേതാവ് സുധീരന്റെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയിലെ നിലവിലെ സാഹചര്യങ്ങളില്‍ തനിക്കുള്ള അതൃപ്തി സുധീരന്‍ സതീശനെ അറിയിച്ചു. പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച സുവര്‍ണാവസരം നഷ്ടപ്പെടുത്തിയതായും സുധീരന്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും സുധീരനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം പ്രശ്‌നങ്ങള്‍ കെ സുധാകരന്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വി എം സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ട് മുന്നോട്ടു പോകുന്ന പ്രവര്‍ത്തന ശൈലി സ്വീകരിക്കും. പാര്‍ട്ടി ഒറ്റകെട്ടായി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് കെ .സുധാകരന്‍ പറഞ്ഞിട്ടുണ്ട്. കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വി.എം സുധീരന്റെ രാജി ഒഴിവാക്കേണ്ടിയിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു.

കെ.പി.സി.സി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം നടക്കുന്നതിനിടെയാണ് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കൂടെയായ വി .എം സുധീരന്‍ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവച്ചത്. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്റെ രാജി. അതേസമയം, കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. കെ.പി.സി.സി നേതൃത്വം ഇതിനകം എ-ഐ ഗ്രൂപ്പുകളില്‍ നിന്ന് പട്ടിക വാങ്ങിയിട്ടുണ്ട്. ഇരുഗ്രൂപ്പുകളെയും പരിഗണിച്ച് പരാതിയില്ലാതെ പുനഃസംഘടന തീര്‍ക്കാനാണ് ശ്രമം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.