2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെ. എം ഷാജിക്ക് എതിരെ കേസെടുത്ത വനിത കമ്മീഷന്‍ സ്ത്രീകളെ അപമാനിച്ചു: കെ. പി. എ മജീദ്

   

കെ. എം ഷാജിക്ക് എതിരെ കേസെടുത്ത വനിത കമ്മീഷന്‍ സ്ത്രീകളെ അപമാനിച്ചു: കെ. പി. എ മജീദ്

കോഴിക്കോട്: ആരോഗ്യ മന്ത്രി എന്ന നിലയില്‍ വീണാ ജോര്‍ജിനെ വിമര്‍ശിച്ച കെ.എം ഷാജിക്കെതിരെ കേസെടുത്ത സംസ്ഥാന വനിതാ കമ്മീഷന്‍ സ്ത്രീകളെ അപമാനിച്ചതായി മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി കെ. പി.എ മജീദ് എം. എല്‍. എ പറഞ്ഞു.
പൊതു ഖജനാവില്‍ നിന്ന് ആനുകൂല്യം പറ്റുന്ന തെരെഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ വീഴ്ചകള്‍ മറച്ചു പിടിക്കാനും രക്ഷപെടാനുമുള്ള പുകമറയല്ല സ്ത്രീത്വം. മുന്‍ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്കു ഇല്ലെന്നു പ്രസംഗിച്ചത് എങ്ങിനെയാണ് സ്ത്രീത്വത്തെ അപമാനിക്കല്‍ ആവുക. മുന്‍ ആരോഗ്യ മന്ത്രിയും ഒരു സ്ത്രീ ആയിരുന്നു. സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗം നേരിട്ട് കേട്ട വ്യക്തിയാണ് ഞാന്‍.
സ്വമേധയാ ഇങ്ങനെ ഒരു കള്ളകേസെടുത്തവരെ സ്ത്രീയുടെ പരുശുദ്ധി ഓര്‍മിപ്പിക്കേണ്ടി വരുന്നത് ലജ്ജാവഹമാണ്. വഹിക്കുന്ന സ്ഥലത്തിന്റെ അന്തസ് ഉയര്‍ത്തി പിടിക്കാനും വിമര്‍ശനത്തിനു മറുപടി നല്കാനും ത്രാണിയുള്ളവരാണ് സ്ത്രീകള്‍.
ശാരീരിക പീഡനത്തിനും സൈബര്‍ ആക്രമണത്തിനും വനിതകളും പെണ്‍കുട്ടികളും ഇരയാകുമ്പോള്‍ ഉറങ്ങുന്ന കമ്മിഷന്‍ മുസ്ലിം ലീഗ് നേതാവിനെതീരെ കേസെടുത്തതിന്റെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും മനസ്സിലാവും. വാളയാര്‍ സംഭവം മുതല്‍ ഉമ്മന്‍ ചാണ്ടിയുടെ പെണ്മക്കളെ വേട്ടയാടിയത് വരെ കമിഷന്‍ നോക്കുകുത്തിയായ എത്രയോ സംഭവങ്ങള്‍ ഉണ്ട്.
സിപിഎം കളിപ്പാവയായി അധപതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കാന്‍ സുഗതകുമാരിയെ പോലുള്ളവര്‍ നയിച്ച വനിതാ കമ്മീഷന്‍ തയ്യാറാവണം. ഇത്തരം കള്ളകേസുകളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോല്പിക്കും. കേരള സമൂഹം ഇതെല്ലാം കാണുന്നുണ്ട് എന്നത് ഓര്‍ത്താല്‍ നന്നെന്നും കെ. പി. എ മജീദ് കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.