കോഴിക്കോട്: ജില്ലയില്‍ മഴ ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് വിനോദ സഞ്ചാര മേഖലയ്ക്കുള്‍പ്പടെ നിയന്ത്രണമേര്‍പ്പെടുത്തി. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ജലാശയങ്ങളില്‍ ഇറങ്ങുന്നതിനും നിരോധനമേര്‍പ്പെടുത്തി ജില്ലാകലക്ടര്‍ ഉത്തരവിറക്കി.മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലൂടെയുളള രാത്രി യാത്രക്കും നിയന്ത്രണമുണ്ട്. മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണല്‍ എടുക്കല്‍ എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെക്കണം.
ജില്ലയിലെ വെള്ളചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചു. കൂടാതെ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കേണ്ടതാണ്.
അതേസമയം മലയോര മേഖലയില്‍ കനത്ത മഴയാണ്. നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട്,മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Comments are closed for this post.