
തിരുവനന്തപുരം: കൊവിഡിനിടെയുണ്ടായ മാനസികാഘാതത്തില്‍ സംസ്ഥാനത്ത് നാലു മാസത്തിനിടെ ആത്മഹത്യ ചെയ്തത് 118 പേര്. ജീവനൊടുക്കിയവരില്‍ ഏറ്റവുമധികം യുവാക്കളാണ്. 57 പേര്. കൂടാതെ 22 വീട്ടമ്മമാരും 16 വിദ്യാര്‍ഥികളും ആറ് ഇതര സംസ്ഥാന തൊഴിലാളികളും ഈ കാലയളവില്‍ ആത്മഹത്യ ചെയ്തു.
തിരുവനന്തപുരം ജില്ലയിലും തൃശൂര്‍ ജില്ലയിലും 18 പേര് വീതവും കൊല്ലത്ത് 15 പേരും പാലക്കാട്ട് 14 പേരും ആലപ്പുഴയില്‍ ഒന്‍പത് പേരും പത്തനംതിട്ടയിലും കാസര്‍കോട്ടും എട്ടു പേര് വീതവുമാണ് ആത്മഹത്യ ചെയ്തവര്‍. നിരീക്ഷണത്തിലായിരുന്ന മൂന്നു പ്രവാസികളും ആത്മഹത്യ ചെയ്തവരിലുണ്ട്. വരുമാനം നിലച്ചതും കുടുംബപ്രശ്നങ്ങളും മദ്യാസക്തിയും മുതല്‍ കൊവിഡ് ഭീതി വരെയാണ് ആത്മഹത്യയ്ക്കുള്ള കാരണങ്ങള്‍. ഇന്നലെ വരെ മാനസിക പിന്തുണ തേടി സര്‍ക്കാരിന്റെ ദിശ കേന്ദ്രത്തിലേക്കു വന്നത് നാലര ലക്ഷം കോളുകളാണ്.
ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനവും കൂടുകയാണ്. ഇക്കാലയളവില്‍ സംസ്ഥാനത്ത് 23 കൊലപാതകങ്ങളും 10 ദുരൂഹ മരണങ്ങളുമാണ് നടന്നത്.
11 വീട്ടമ്മമാരാണ് ലോക്ക് ഡൗണ്‍ കാലത്ത് കൊല്ലപ്പെട്ടത്. കൊവിഡ് തുടക്കമിട്ട പ്രതിസന്ധികള്പോലെ ഈ അവസ്ഥയും മറികടക്കാന്‍ ഏറെ നാളുകള്‍ വേണ്ടിവരും. ഒറ്റപ്പെടലിന്റെ വേദനയില്‍ നീറുന്നവരെ കരുതലോടെ ചേര്‍ത്തുപിടിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.