ന്യുഡല്‍ഹി: കൊവിഡിന് രാജ്യത്ത് രണ്ടു വയസ്. അതെ. ഇന്ത്യയില്‍ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത് ഇന്നായിരുന്നു. 2020 ജനുവരി 30ന് രാജ്യത്തെ ആദ്യ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഗൗരവം തിരിച്ചറിയാന്‍ രാജ്യത്തിനായിരുന്നില്ല. കൊവിഡ് വ്യാപനം ആദ്യഘട്ടത്തില്‍ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അരങ്ങൊരുങ്ങി. അനാവശ്യ ഭീതിയെന്ന തരത്തില്‍ പാര്‍ലമെന്റില്‍ പോലും ചിത്രീകരിക്കപ്പെട്ടു.
പ്രതിസന്ധിയുടെ രണ്ട് വര്‍ഷം രാജ്യം എന്തു പഠിച്ചു. നാല് ലക്ഷത്തി 93 മൂവായിരം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കണക്കുകൂട്ടലുകള്‍ പിഴച്ചുപോയ നൂറോളം പേര്‍ സ്വയം ജീവിതം അവസാനിപ്പിച്ചു.
നാല് കോടി എട്ട് ലക്ഷം പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തെ കുടുതല്‍ കരുതലോടെ സര്‍ക്കാരുകള്‍ നേരിടുന്നുവെങ്കിലും ഫലപ്രാപ്തിമാത്രമില്ല. രോഗം കുറയുകയല്ല, കൂടുകയാണ്. പ്രതിസന്ധിയും കുറയുകയല്ല, കൂടുകയാണ്. മൂന്ന് കോടി 83 ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി എന്നത് ആശ്വാസം തന്നെ. മൂന്നാതരംഗത്തില്‍ ഇരുപത് ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
തൃശൂരില്‍ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് കൊറോണ സ്ഥിരീകരിച്ചു, മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിക്കുമ്പോള്‍ കൊറോണ കോവിഡായി പേരുമാറിയിരുന്നു.
519 കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് 24നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
2021 ജനുവരി പതിനാറ് മുതല്‍ വാക്‌സിന്‍ ആയുധമാക്കി രാജ്യം പൊരുതി തുടങ്ങി. എന്നാല്‍ രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിച്ചത് ആദ്യ തരംഗത്തെക്കള്‍ ഭീകരമായിട്ടായിരുന്നു. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചു. മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകി നടന്നു.
ഏപ്രില്‍ 30 ന് നാല് ലക്ഷം പ്രതിദിന കേസുകളും 3500 പ്രതിദിന മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് അവസാനത്തോടെ കേസുകള്‍ കുറഞ്ഞു തുടങ്ങി.
രണ്ടാം തരംഗം അവസാനിക്കുമെങ്കിലും പുതിയ തരംഗം വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ വിദ്ഗധര്‍ ജാഗ്രത വേണമെന്ന് ഓര്‍മ്മിപ്പിച്ചു. വൈറസിന്റെ വകഭേദങ്ങള്‍ ഡെല്‍റ്റയായും ഒമിക്രോണായും പരിണമിക്കുന്നതാണ് പിന്നീട് കണ്ടത്. രണ്ടാം തരംഗത്തില്‍ നിന്ന് മൂന്നാം തരംഗത്തിലേക്ക് രാജ്യം എത്തുമ്പോള്‍ വാക്‌സിനേഷനിലും പ്രതിരോധത്തിലുമെല്ലാം ഇന്ത്യ ഏറെ മുന്നേറി കഴിഞ്ഞുവെന്നാണ് അവകാശവാദം.
അതേ സമയം കോവിഡ് മരണക്കണക്കുകള്‍ കുറവാണെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഔദ്യോഗിക പട്ടികയിലേയ്ക്ക് ഇപ്പോഴും ചേര്‍ത്തുകൊണ്ടിരിക്കുകയാണ് സുപ്രിംകോടതി വിധി പ്രകാരമുള്ള ആയിരക്കണക്കിന് മരണങ്ങള്‍. 53,000ലേറെപേര്‍ക്ക് മരണം സംഭവിച്ച കേരളം മരണക്കണക്കക്കില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാമതാണ്.
Comments are closed for this post.