
കോട്ടയം: യുവാവിനെ ഗുണ്ടാനേതാവ് തല്ലിക്കൊന്ന് പൊലിസ് സ്റ്റേഷനു മുന്നിലിട്ട കേസില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഷാന്‍ ബാബുവിന്റെ മരണം തലച്ചോറില്‍ നിന്നുള്ള രക്തസ്രാവം മൂലമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പട്ടിക പോലുള്ള വസ്തു ഉപയോഗിച്ച് തലയ്ക്ക് അടിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഷാനിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ 38 അടയാളങ്ങള്‍ കണ്ടെത്തി. കാപ്പി വടികൊണ്ട് അടിച്ചുവെന്നാണ് പ്രതി ജോമോന്റെ മൊഴി. ഷാനെ വിവസ്ത്രനാക്കിയും മര്‍ദ്ദിച്ചു. മൂന്ന് മണിക്കൂറോളം മര്‍ദ്ദനം നടന്നു. കണ്ണില്‍ വിരലുകള്‍കൊണ്ട് ആഞ്ഞുകുത്തി. ഓട്ടോയില്‍ വെച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ചും മര്‍ദിച്ചു.
തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെയാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന് ഷാനിനെ തട്ടിക്കൊണ്ടുപോവുകയും തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ മൃതദേഹം തോളിലേറ്റി ഈസ്റ്റ് പൊലിസ് സ്റ്റേഷന് മുന്നിലെത്തുകയുമായിരുന്നു. താനൊരാളെ കൊന്നുവെന്ന് പൊലിസുകാരോട് വിളിച്ചുപറഞ്ഞ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവേ ജോമോനെ പൊലിസ് പിന്തുടര്ന്ന് പിടികൂടി.
കോട്ടയം വിമലഗിരി സ്വദേശിയാണ് ഷാന്‍ ബാബു. 19 വയസ്സാണ് ഷാനിന്. ജില്ലയില്‍ അധികാരം സ്ഥാപിക്കാനാണ് കൊല നടത്തിയതെന്നാണ് പ്രതി ജോമോന് പൊലിസിനോട് പറഞ്ഞത്. എതിര് ഗുണ്ടാ സംഘത്തിലുള്ളവരുടെ താവളം കണ്ടെത്താനാണ് ആക്രമിച്ചതെന്നും പ്രതി മൊഴി നല്കി.