2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

കൂട്ടത്തോടെ അവരെ നാടുകടത്തിയ ദിവസങ്ങള്‍

അസമില്‍ നിന്ന് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സുപ്രഭാതം ലേഖകന്‍ കെ.എ സലിം തയാറാക്കുന്ന പരമ്പര -ഭാഗം 4

ഗുഹാവത്തി ജാലൂക്ബാരിയിലെ വീട്ടിലിരുന്ന് ജര്‍മന്‍ മാതൃകയില്‍ മുസ്‌ലിംകളെ കൂട്ടത്തോടെ പിടിച്ച് അതിര്‍ത്തിയിലേക്ക് തള്ളിയിരുന്ന കാലത്തെക്കുറിച്ച് പറയുന്നു എഴുത്തുകാരനും ഗുവാഹത്തി സര്‍വകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം പ്രൊഫസറുമായിരുന്ന അബ്ദുല്‍ മനാന്‍. ഹോജായ് ജില്ലയിലെ എന്റെ ഗ്രാമമായ ലംഗ ഇന്നൊരു പട്ടണമാണ്. എന്റെ യു.പി സ്‌കൂള്‍ പഠനകാലത്താണ്, പൊലിസുകാര്‍ രാത്രികളില്‍ വീടുകളിലെത്തി വാതില്‍ ചവിട്ടിത്തുറന്ന് വീട്ടുകാരെ കൂട്ടത്തോടെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകും. പുലര്‍ച്ചെ അവരെ ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിച്ച് പുറത്തേക്ക് തള്ളും. സ്ത്രീകളും കുട്ടികളും കൂട്ടത്തോടെ നിലവിളിക്കുന്നതും ബന്ധുക്കളെ കയറ്റുന്ന വാഹനങ്ങളുടെ പിറകെയോടുന്നതും വീടിന്റെ ജനലഴികള്‍ക്കുള്ളിലൂടെ കണ്ടുനിന്നിരുന്നു. അത്തരത്തില്‍ കൊണ്ടുപോയവരാരും തിരിച്ചുവന്നില്ല. അവരെ അതിര്‍ത്തിയിലേക്ക് തള്ളിയെന്ന് പറഞ്ഞുകേള്‍ക്കാം. അവര്‍ എവിടെപ്പോയെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. 1960കളിലും സമാനമായത് കണ്ടിട്ടുണ്ട്.


പരമ്പര -ഭാഗം 3: പ്രതീക്ഷയോടെ ലക്ഷങ്ങളില്‍ ഇവരും 


ഇത്തരത്തില്‍ അസമിലെ മുസ്‌ലിം ജനസംഖ്യ കുറയ്ക്കാന്‍ മനപ്പൂര്‍വമായ ശ്രമമുണ്ടായിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരൊന്നുമായിരുന്നില്ല അവര്‍. കാലങ്ങളായി ഈ മണ്ണില്‍ കഴിഞ്ഞിരുന്നവര്‍ തന്നെയായിരുന്നു. അവരുടെ ബാക്കിയുള്ള ബന്ധുക്കള്‍ ഇവിടെ എങ്ങനെയോ ജീവിച്ചു. ഇപ്പോള്‍ പൗരത്വ ഭീഷണി നേരിടുന്നവരില്‍ അവരുമുണ്ട്.
മറ്റൊരു വിഭാഗം ബ്രഹ്മപുത്ര നദിക്കരയിലുള്ള നിരക്ഷരരായ കുടുംബങ്ങളാണ്. ബ്രഹ്മപുത്രയില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ അവര്‍ കുടുംബത്തോടെ മറ്റിടങ്ങളിലേക്ക് കുടിയേറും. പിന്നീട് അവിടെ തുടര്‍താമസമാക്കും. പൊലിസ് പരിശോധനക്ക് വന്ന് പിടിച്ചുകൊണ്ടുപോകും. കൈയില്‍ രേഖയൊന്നുമുണ്ടാവില്ല. വിദേശ കുടിയേറ്റക്കാരാണെന്ന് രേഖപ്പെടുത്തി തിരിച്ചുവിടും. പൊലിസ് രേഖയില്‍ അവര്‍ വിദേശികളാണ്. എന്നാല്‍ അക്കാര്യം അവര്‍ അറിഞ്ഞിട്ടു പോലുമുണ്ടാകില്ല. വിദേശികളെന്നാരോപിച്ച് പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായവരും ഡി വോട്ടര്‍മാരായി തടവുകേന്ദ്രങ്ങളില്‍ കഴിയുന്നതിലൊരു വിഭാഗവും ഇവരാണ്.

ബംഗ്ലാദേശ് കുടിയേറ്റക്കാരാണ് അസമിലെ മുസ്‌ലിംകളെല്ലാം എന്ന ധാരണ തെറ്റാണ്. ആദ്യ ബ്രിട്ടീഷ്- ബര്‍മ യുദ്ധത്തിനു ശേഷം 1826 ഫെബ്രുവരിയില്‍ ഒപ്പിട്ട യാന്‍ദാബൂ കരാറിന്റെ അടിസ്ഥാനത്തിലാണ് അസം ബ്രിട്ടിഷുകാര്‍ക്ക് കീഴില്‍ വരുന്നത്. അന്ന് അസമിന്റെ ഭാഗമല്ലാതിരുന്ന ഗോല്‍പാറ പ്രദേശങ്ങള്‍ കരാറിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്.
ബ്രിട്ടിഷുകാര്‍ അസമില്‍ തേയിലകൃഷി തുടങ്ങിയെങ്കിലും ആവശ്യമായ തൊഴിലാളികളുണ്ടായിരുന്നില്ല. അക്കാലത്ത് ബിഹാര്‍, ഒഡിഷ, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ബ്രിട്ടിഷുകാര്‍ ആളുകളെ എത്തിച്ചത്. അവരില്‍ ഭൂരിഭാഗവും പിന്നീട് തിരിച്ചുപോയില്ല. ബ്രിട്ടിഷ് ഭരണത്തോടെ അസമിനായി കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കേണ്ട സാഹചര്യമുണ്ടായതോടെ കിഴക്കന്‍ ബംഗാളില്‍ നിന്ന് കൃഷിചെയ്യാന്‍ തൊഴിലാളികളെ കൊണ്ടുവന്നു. ബ്രഹ്മപുത്രയുടെ തീരത്ത് താമസിച്ച് അവര്‍ കൃഷി ചെയ്തതോടെ 40,000 ആയിരുന്ന ഡാരങ്ക് ജില്ലയിലെ വരുമാനം മൂന്നരലക്ഷത്തിലധികമായി ഉയര്‍ന്നു. നൗഗാവ് ജില്ലയില്‍ 1936-37ല്‍ 22,000 രൂപയായിരുന്നത് നാലുലക്ഷമായി. ഇതോടെയാണ് ബ്രിട്ടിഷുകാര്‍ കൂടുതല്‍ കാര്‍ഷിക കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി ബ്രിട്ടിഷ് ഇന്ത്യയിലെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കുടിയേറ്റം അനുവദിക്കുന്ന ഇന്ത്യന്‍ നിയമത്തിലെ 89ാം വകുപ്പും കൊണ്ടുവന്നു.

ചണമായിരുന്നു അസമിലെ ആദ്യകാല കൃഷി. കൊല്‍ക്കത്തയില്‍ അക്കാലത്ത് നിരവധി ചണമില്ലുകള്‍ സ്ഥാപിച്ചത് അസം കര്‍ഷകരുല്‍പാദിപ്പിക്കുന്ന ചണനാരുകള്‍ കണ്ടിട്ടാണ്. രണ്ടാം ലോകയുദ്ധത്തോടെ ബ്രിട്ടിഷ് പട്ടാളത്തിന് കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റിയയക്കേണ്ട സാഹചര്യം വന്നു. അതോടെ കൂടുതല്‍ പേരെ കൃഷിക്കായി കൊണ്ടുവന്നു. ഗോല്‍പാര, കംറൂപ്, ദാരംഗ്, നൗഗാവ്, ലോക്കിംപൂര്‍ തുടങ്ങിയ ജില്ലകളില്‍ കുടിയേറ്റക്കാരെത്തിയത് അങ്ങനെയാണ്. 1930-31 കാലത്ത് അസമില്‍ മുസ്‌ലിം ജനസംഖ്യ 87.1 ശതമാനവും ഹിന്ദു ജനസംഖ്യ 12.9 ശതമാനവുമായിരുന്നു. നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് അസമിലേക്ക് മറ്റൊരു കുടിയേറ്റമുണ്ടായത്. ഗോല്‍പാരയില്‍ അക്കാലത്ത് ജന്‍മിമാര്‍ക്കായിരുന്നു ഭൂമിയുണ്ടായിരുന്നത്. ഈസ്റ്റ് ബംഗാളില്‍ നിന്നെത്തിയ മുസ്്‌ലിംകളെയായിരുന്നു അവര്‍ തങ്ങളുടെ കൃഷിഭൂമിയില്‍ പണിയെടുപ്പിച്ചത്. അക്കാലത്ത് തരായ് മേഖലയില്‍ പടര്‍ന്നുപിടിച്ച് പിന്നീട് കംറൂപ്പിലും നൗഗാവിലുമെത്തിയ മലമ്പനിയില്‍പ്പെട്ട് നിരവധി പേര്‍ മരിച്ചു. ഇത്തരത്തില്‍ കുടിയേറ്റങ്ങള്‍ പലയിടങ്ങളില്‍ വ്യാപിച്ചു. ബാര്‍പേട്ട പോലുള്ള സ്ഥലങ്ങളില്‍ ധാരാളം വെള്ളക്കെട്ടുള്ളതിനാല്‍ ചെറുകിട കൃഷിക്കാരും മത്സ്യബന്ധനത്തില്‍ താല്‍പര്യമുള്ളവരുമായിരുന്നു അവിടേക്ക് കുടിയേറിയതെന്ന് ചരിത്ര രേഖകളിലുണ്ട്.

വിഭജനത്തോടെ മുസ്‌ലിംകളില്‍ പകുതിയോളം കിഴക്കന്‍ പാകിസ്താനിലേക്ക് പോയി. അവിടെ നിന്ന് അത്രതന്നെ ഹിന്ദു കുടിയേറ്റക്കാരുമെത്തി. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ അസമിലെത്തിയത്. യുദ്ധം തീര്‍ന്നതോടെ അവരില്‍ മുസ്‌ലിംകളെല്ലാം തിരിച്ചുപോയി. അസമില്‍ ബന്ധുക്കളുള്ള വലിയൊരു വിഭാഗം ഹിന്ദുക്കള്‍ ഇവിടെ അനധികൃതമായി തുടര്‍ന്നു. 2018ല്‍ പുറത്തുവിട്ട കരട് പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും അവരാണ്. കരട് പട്ടികയുടെ ജാതി തിരിച്ച കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. പട്ടികയിലുള്‍പ്പെട്ടവരില്‍ 60 ശതമാനവും ഹിന്ദുക്കളാണെന്നാണ് അനൗദ്യോഗിക വിവരം. ഇക്കാര്യം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പരസ്യമായി പറയുകയും ചെയ്തിരുന്നു.

മുസ്‌ലിം ജനസംഖ്യ കുറയ്ക്കാന്‍ അറുപതുകളില്‍ നടത്തിയ അതേ ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പൗരത്വപ്പട്ടികയുടെ പേരില്‍ നടക്കുന്നതെന്ന് ഇതു സംബന്ധിച്ച് പുസ്തകമെഴുതിയ പ്രൊഫ. അബ്ദുല്‍ മനാന്‍ പറയുന്നു. അറുപതുകളില്‍ ലംഗയില്‍ ഞാന്‍ കണ്ടതെല്ലാമാണ് ഇപ്പോഴും നടക്കുന്നത്. മാതാവും പിതാവും ഈ നാട്ടുകാര്‍. മകനോ മകളോ വിദേശി. ഒരു കുടുംബത്തിലെ നാലുപേര്‍ പൗരന്‍മാര്‍. ഒരാള്‍ വിദേശി. വെറും പരാതിയുടെയൊക്കെ പേരിലാണ് ആളുകളെ പൗരന്‍മാരെല്ലെന്നാരോപിച്ച് ജയിലിലിടുന്നത്. ഒരാളെ സംശയാലുവായ വോട്ടറായി പ്രഖ്യാപിക്കണമെങ്കില്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണലില്‍ കേസെത്തിക്കും മുന്‍പ് പോലിസ് പലതവണ അന്വേഷണം നടത്തിയിരിക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശം. അതൊന്നും പൊലിസ് പാലിക്കാറില്ല. വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോകും. അന്വേഷണം നടത്തിയോയെന്ന് ഫോറിനേഴ്‌സ് ട്രൈബ്യൂണലും ചോദിക്കാറില്ല. എല്ലാം ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. എല്ലാവരും അതിന്റെ ഭാഗവുമാണ്.
(തുടരും)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.