2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രതിപക്ഷം ഖുര്‍ആനെപോലും രാഷ്ട്രീയ ആയുധമാക്കുന്നു: ജലീലിനെ പിന്തുണച്ച് കോടിയേരി

തിരുവനന്തപുരം: സര്‍ക്കാരിനെ ഇകഴ്ത്താന്‍ പ്രതിപക്ഷം ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ നടക്കുന്ന പ്രതിപക്ഷ സമരം ഖുര്‍ആനെ അപഹസിക്കുന്നതാണെന്നും പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു. അവഹേളനം ഖുര്‍ആനോടോ എന്ന തലക്കെട്ടിലാണ് ലേഖനം.

അപസര്‍പ്പകഥയെ വെല്ലുന്ന കെട്ടുകഥകള്‍ ദിനംപ്രതി ഉല്‍പ്പാദിപ്പിക്കുകയാണ്. ഇതിനുള്ള വളം ഫാക്ടറികളായി ഏതാനും മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും അധഃപതിച്ചിരിക്കുകയാണ്. കേരളം ആര്‍ജ്ജിച്ച പുരോഗമനാത്മകമായ ഇടം വല്ലാതെ ക്ഷയിപ്പിക്കാനുള്ള ആസൂത്രിത പദ്ധതിയാണ് അരങ്ങു തകര്‍ക്കുന്നത്. നാലേകാല്‍ വര്‍ഷംമുമ്പ് ജനങ്ങള്‍ അധികാരമേറ്റിയ എല്‍ഡിഎഫ് സര്‍ക്കാരിന് വര്‍ധിച്ച ജനപിന്തുണയുണ്ടായതിനാല്‍ തുടര്‍ഭരണമുണ്ടാകുമെന്ന തിരിച്ചറിവ് ശത്രുപക്ഷത്തിനുണ്ടായി. അതിനാല്‍ ജനമനസ്സ് മാറ്റാനുള്ള ഭ്രാന്തമായ പ്രതിപക്ഷ മാധ്യമ ഇളകിയാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

2020 മാര്‍ച്ച് 4ന് യുഎഇയില്‍നിന്ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വിലാസത്തിലെത്തിയ ബാഗേജിലെ പായ്ക്കറ്റുകളാണ് മെയ് 27ന് കൈമാറിയത്. സി ആപ്റ്റിന്റെ വാഹനം മലപ്പുറത്തേക്ക് പോയപ്പോള്‍ അതില്‍ കയറ്റി എടപ്പാള്‍, ആലത്തിയൂര്‍ എന്നിവിടങ്ങളില്‍ എത്തിക്കുകയായിരുന്നു. വഖഫ് ബോര്‍ഡിന്റെ മന്ത്രിയെന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റിന്റെ റമദാന്‍കാല ആചാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചതില്‍ എവിടെയാണ് ക്രിമിനല്‍ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരെ സ്വര്‍ണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണ്.-അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

   

എന്റെ മകന്‍ ബിനീഷിനെ കേന്ദ്ര ഏജന്‍സി ഇതിനിടെ ചോദ്യം ചെയ്തിരുന്നു. ഏതെങ്കിലും കാര്യങ്ങളില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ എന്ത് ശിക്ഷയും നല്‍കട്ടെ. തന്റെ നിരപരാധിത്വം അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ തെളിയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കുടുംബാംഗത്തെയോ മന്ത്രിയെയോ മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫിനെയോ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഭരണാധികാരികളോ പാര്‍ടി നേതാക്കളോ സമാധാനം പറയണം, സ്ഥാനമൊഴിയണം എന്നെല്ലാമുള്ള പ്രതിപക്ഷവാദം പ്രതിപക്ഷത്തെത്തന്നെ തിരിഞ്ഞുകുത്തുന്നതാണ്.-കോടിയേരി കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.